ADVERTISEMENT

അഹമ്മദാബാദ്∙ ഇന്ത്യ–ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനു വേദിയൊരുക്കിയ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലെ പിച്ചിനെച്ചൊല്ലിയുള്ള വിവാദത്തിൽ പങ്കാളിയായി പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് അക്തറും. ഇതേ വേദിയിൽ ഈ മാസം നാലാം തീയതി മുതൽ പരമ്പരയിലെ നാലാം ടെസ്റ്റ് ആരംഭിക്കുമ്പോൾ, കുറച്ചുകൂടി മെച്ചപ്പെട്ട പിച്ചൊരുക്കാൻ ബിസിസിഐ തയാറാകുമെന്നാണ് പ്രതീക്ഷയെന്ന് അക്തർ പറഞ്ഞു. നല്ല പിച്ചൊരുക്കിയാൽ പോലും ഇന്ത്യയ്ക്ക് അനായാസം ഇംഗ്ലണ്ടിനെ തോൽപ്പിക്കാമെന്നിരിക്കെ, ഇന്ത്യ ഭയപ്പെടേണ്ട സാഹചര്യം പോലുമില്ലെന്ന് അക്തർ ചൂണ്ടിക്കാട്ടി.

‘ഇത്തരം പിച്ചുകളിലാണോ ടെസ്റ്റ് മത്സരങ്ങൾ നടത്തേണ്ടത്? അല്ലെന്നാണ് എന്റെ അഭിപ്രായം. ഇത്തരത്തിൽ അന്യായമായി പന്തു തിരിയുന്ന, രണ്ട് ദിവസം കൊണ്ട് ഫലം ലഭിക്കുന്ന പിച്ചുകൾ ടെസ്റ്റിന് നല്ലതല്ല’ – തന്റെ യുട്യൂബ് ചാനലിൽ അക്തർ പറഞ്ഞു.

‘നാട്ടിൽ കളിക്കുന്നതിന്റെ ആനുകൂല്യം ഓരോ ടീമും ആഗ്രഹിക്കുന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേ, ഇത്രയും നേരത്തെ തന്നെ ആതിഥേയർക്ക് അനുകൂലമായി പിച്ച് പെരുമാറുന്നത് ശരിയല്ല. ഇന്ത്യ 400 റൺസെടുത്ത ശേഷമാണ് ഇംഗ്ലണ്ട് 200 റൺസിന് പുറത്തായതെങ്കിൽ അവരുടെ ബാറ്റിങ് ശരിയല്ലെന്ന് പറയാം. പക്ഷേ, ഇന്ത്യ പോലും ഇവിടെ 145 റൺസിന് ഓൾഔട്ടായെന്ന് ഓർക്കണം’ – അക്തർ പറഞ്ഞു.

‘ഇതിലും കുറച്ചുകൂടി മെച്ചപ്പെട്ട ടീമാണ് ഇന്ത്യയെന്നാണ് ഞാൻ ധരിച്ചിരുന്നത്. നല്ല പിച്ചൊരുക്കിയാൽപ്പോലും ഇന്ത്യയ്ക്ക് ഇപ്പോഴത്തെ ഇംഗ്ലണ്ട് ടീമിനെ തോൽപ്പിക്കാവുന്നതേയുള്ളൂ. പിന്നെന്തിനാണ് ഇന്ത്യ ഇങ്ങനെ ഭയപ്പെടുന്നത്? അഡ്‌ലെയ്ഡിൽ എന്നെങ്കിലും ഇന്ത്യയ്ക്ക് അനുകൂലമായി പിച്ചൊരുക്കുമോ? മെൽബണിലെ പിച്ച് എന്നെങ്കിലും ഇന്ത്യയ്ക്ക് അനുകൂലമായി തയാറാക്കിയിട്ടുണ്ടോ? എന്നിട്ടും ഇന്ത്യ എങ്ങനെയാണ് അവിടെ പരമ്പര ജയിച്ചത്? വിദേശത്തും സ്വദേശത്തും ഏതു സാഹചര്യത്തിലും ജയിക്കുന്ന ടീമാണ് ഇന്ത്യ’ – അക്തർ ചൂണ്ടിക്കാട്ടി.

‘നാട്ടിൽ കളിക്കുന്നതിന്റെ ആനുകൂല്യം അനുഭവിക്കുന്നതിൽ തെറ്റില്ല. മത്സരത്തിന്റെ 3–ാം ദിനം മുതലാണ് ഇതെങ്കിൽ മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേ, ഈ പിച്ചിൽ ജോ റൂട്ടു പോലും വിക്കറ്റ് സ്വന്തമാക്കുന്നു’ – അക്തർ പറഞ്ഞു.

‘നാലാം ടെസ്റ്റിനായി ഇന്ത്യ കുറച്ചുകൂടി മെച്ചമുള്ള പിച്ച് തയാറാക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഏറ്റവും മികച്ച പിച്ച് തയാറാക്കി അവിടെയും ജയിക്കാൻ സാധിക്കുമെന്ന് തെളിയിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത്. നാട്ടിൽ കളിക്കുന്നതിന്റെ ആനുകൂല്യം വേണ്ടെന്ന് തെളിയിക്കണം. ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ തോൽപ്പിച്ച ഇന്ത്യയ്ക്ക് സ്വന്തം നാട്ടിൽ ജയിക്കാൻ അനുകൂലമായ പിച്ചൊരുക്കേണ്ട ആവശ്യമുണ്ടോ? – അക്തർ ചോദിച്ചു. 

English Summary: India don't need to be scared, they can beat England on 'fair pitches' as well: Shoaib Akhtar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com