ADVERTISEMENT

വെല്ലിങ്ടൻ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിനു മുന്നോടിയായുള്ള താരലേലത്തിൽ 14.25 കോടി രൂപയ്ക്ക് ഓസീസ് താരം ഗ്ലെൻ മാക്സ്‌വെലിനെ വിരാട് കോലിയുടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയപ്പോൾ, സംശയത്തോടെ വീക്ഷിച്ചവർക്കായി ഇതാ ബൗണ്ടറികൾകൊണ്ട് അലങ്കരിച്ചൊരു ‘മാക്സ്‌വെൽ ഷോ’! തുടർ പരാജയങ്ങൾക്കൊടുവിൽ ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി20യിലാണ് മാക്സ്‌വെൽ വിശ്വരൂപം പുറത്തെടുത്തത്. 31 പന്തുകൾ നേരിട്ട മാക്സ്‌വെൽ 70 റൺസുമായി 18–ാം ഓവറിലാണ് പുറത്തായത്. ഇതിനിടെ അടിച്ചു കൂട്ടിയത് എട്ടു ഫോറുകളും അഞ്ച് പടുകൂറ്റൻ സിക്സറുകളും. ഇതിൽ ജിമ്മി നീഷമിന്റെ ഒരു ഓവറിൽ രണ്ട് സിക്സും നാലു ഫോറും സഹിതം അടിച്ചുകൂട്ടിയ 28 റൺസും ഉൾപ്പെടുന്നു. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ഒന്ന്, മൂന്ന് എന്നിങ്ങനെയായിരുന്നു മാക്സ്‌വെലിന്റെ സ്കോറുകൾ.

ഇന്ത്യൻ വംശജയായ ഭാവിവധു വിനി രാമന്റെ ജന്മദിനത്തിൽ മാക്സ്‌വെല്‍ പുറത്തെടുത്ത തകർപ്പൻ ഇന്നിങ്സ് ഓസീസിനും ഗുണമായി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2–0ന് പിന്നിൽ നിൽക്കുന്ന ഓസീസിന്, ഈ മത്സരത്തിൽ സ്വന്തമായത് 64 റൺസിന്റെ തകർപ്പൻ ജയം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ മാക്സ്‌വെലിന്റെ തകർപ്പൻ ഇന്നിങ്സിന്റെ ബലത്തിൽ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ത്തിൽ നേടിയത് 208 റൺസ്. കിവീസിന്റെ മറുപടി 17.1 ഓവറിൽ 144 റൺസിൽ അവസാനിച്ചു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര 2–1 എന്ന നിലയിലായി.

ട്വന്റി20 കരിയറിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനവുമായി നാല് ഓവറിൽ 30 റൺസ് വഴങ്ങി ആറു വിക്കറ്റ് പിഴുത ആഷ്ടൺ ആഗറിന്റെ പ്രകടനമാണ് ന്യൂസീലൻഡിനെ തകർത്തത്. ഓസീസിനായി അരങ്ങേറ്റ മത്സരം കളിച്ച റൈലി മെറിഡിത്ത് നാല് ഓവറിൽ 24 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. രാജ്യാന്തര അരങ്ങേറ്റത്തിനു മുൻപേ ഐപിഎൽ താരലേലത്തിൽ പഞ്ചാബ് കിങ്സ് 8 കോടി രൂപയ്ക്ക് സ്വന്തമാക്കിയ താരമാണ് മെറിഡിത്ത്.

മറുപടി ബാറ്റിങ്ങിൽ ന്യൂസീലൻഡിനായി മാർട്ടിൻ ഗപ്ടിൽ മികച്ച തുടക്കമിട്ടതാണ്. എങ്കിലും മറുവശത്ത് വിക്കറ്റുകൾ കൊഴിഞ്ഞത് വിനയായി. ഗപ്ടിൽ 28 പന്തിൽ രണ്ടു ഫോറും മൂന്നു സിക്സും സഹിതം 43 റൺസെടുത്തു. ഡെവോൺ കോൺവേ (27 പന്തിൽ 38) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ടിം സീഫർട്ട് (4), കെയ്ൻ വില്യംസൻ (9), ഗ്ലെൻ ഫിലിപ്സ് (13), ജിമ്മി നീഷം (0), മാർക്ക് ചാപ്മാൻ (10 പന്തിൽ 18), ടിം സൗത്തി (5), കൈൽ ജാമിസൻ (11), ഇഷ് സോധി (1) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

∙ തകർത്തടിച്ച് മാക്സ്‌വെൽ

നേരത്തെ, ജിമ്മി നീഷം എറിഞ്ഞ 17–ാം ഓവറിലാണ് മാക്സ്‌വെൽ തകർത്തടിച്ചത്. നേരിട്ട ആദ്യ പന്തിൽ ഫോർ കണ്ടെത്തിയ മാക്സ്‌വെൽ രണ്ടാം പന്തിൽ സിക്സർ നേടി. പിന്നാലെ മൂന്ന്, നാല്, അഞ്ച് പന്തുകളിലായി ഹാട്രിക് ഫോറുകൾ. ഇതോടെ 25 പന്തിൽനിന്ന് മാക്സ്‌വെൽ അർധസെഞ്ചുറി പിന്നിട്ടു. ആറാം പന്തിൽ പടുകൂറ്റൻ സിക്സർ കൂടി ചേർന്നതോടെ ആ ഓവറിൽ പിറന്നത് 28 റൺസ്!

മാക്സ്‌വെലിനു പുറമെ ദീർഘ നാളായി ഫോം കണ്ടെത്താൻ വിഷമിക്കുന്ന ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (44 പന്തിൽ 69), ജോഷ് ഫിലിപ്പെ (27 പന്തിൽ 43) എന്നിവരുടെ ഇന്നിങ്സുകൾ കൂടി ചേർന്നതോടെയാണ് ഓസീസ് മികച്ച സ്കോറിലേക്ക് എത്തിയത്. നിരാശപ്പെടുത്തിയത് ഓപ്പണർ മാത്യു വെയ്ഡ് (ആറു പന്തിൽ അഞ്ച്) മാത്രം. മാർക്ക്സ് സ്റ്റോയ്നിസ് (എട്ട് പന്തിൽ ഒൻപത്), മിച്ചൽ മാർഷ് (ആറു പന്തിൽ ആറ്) എന്നിവർ പുറത്താകാതെ നിന്നു.

സ്കോർ ബോർഡിൽ ആറു റൺസ് മാത്രമുള്ളപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായ ഓസീസിന്, രണ്ടാം വിക്കറ്റിൽ ആരോൺ ഫിഞ്ച് – ജോഷ് ഫിലിപ്പെ സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. 51 പന്തിൽനിന്ന് ഇരുവരും അടിച്ചുകൂട്ടിയത് 83 റൺസ്. പിന്നീട് മൂന്നാം വിക്കറ്റിൽ 35 പന്തിൽനിന്ന് 64 റൺസ് അടിച്ചുകൂട്ടിയ മാക്സ്‌വെൽ – ഫിഞ്ച് സഖ്യം ഓസീസ് സ്കോർ 150 കടത്തി. നാലാം വിക്കറ്റിൽ മാക്സ്‌വെൽ – സ്റ്റോയ്നിസ് സഖ്യം 13 പന്തിൽനിന്ന് 41 റണ്‍സ് കൂടി ചേർന്നതോടെ ഓസീസ് കൂറ്റൻ സ്കോറിലേക്കെത്തി.

ഇക്കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ മുംബൈ ഇന്ത്യൻസ് അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ നീഷം, നാല് ഓവറിൽ 60 റൺസ് വഴങ്ങി. വിക്കറ്റൊന്നും കിട്ടിയുമില്ല. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ 15 കോടിക്ക് വാങ്ങിയ കൈൽ ജാമിസൻ നാല് ഓവറിൽ 38 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റ് ലഭിച്ചില്ല. കിവീസ് ബോളർമാരിൽ ഏറ്റവും തിളങ്ങിയത് സ്പിന്നർ ഇഷ് സോധിയാണ്. നാല് ഓവറിൽ 32 റൺസ് വഴങ്ങി വീഴ്ത്തിയത് രണ്ടു വിക്കറ്റ്.

English Summary: New Zealand vs Australia, 3rd T20I - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com