ADVERTISEMENT

വെല്ലിങ്ടൻ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിനു മുന്നോടിയായുള്ള താരലേലത്തിൽ കോടികൾ വാരി മിന്നിയവർ ഒരിക്കൽക്കൂടി കളത്തിൽ വീണ്ടും തികഞ്ഞ പരാജയങ്ങളായി. താരലേലത്തിൽ വാങ്ങാനാളില്ലാതെ നിറംമങ്ങിയവർ, കളത്തിൽ മിന്നും താരങ്ങളുമായി. ഫലം, ഓസ്ട്രേലിയയ്‌ക്കെതിരായ അഞ്ചാം ട്വന്റി20 മത്സരത്തിൽ പൊരുതി നേടിയ വിജയവുമായി ന്യൂസീലൻഡ് പരമ്പര സ്വന്തമാക്കി. നിർണായക മത്സരത്തിൽ ഏഴു വിക്കറ്റിന് ജയിച്ച ന്യൂസീലൻഡ്, 3–2നാണ് പരമ്പര സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുത്തു. ന്യൂസീലൻഡ് 15.3 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ഐപിഎൽ താരലേലത്തിൽ വാങ്ങാനാളില്ലാതെ തഴയപ്പെട്ട ഓപ്പണർ മാർട്ടിൻ ഗപ്ടിൽ, ഡിവോൺ കോൺവേ എന്നിവരുടെ ബാറ്റിങ് പ്രകടനവും ഇഷ് സോധിയുടെ തകർപ്പൻ ബോളിങ്ങുമാണ് ന്യൂസീലൻഡിന് വിജയം സമ്മാനിച്ചത്. ഗപ്ടിൽ കളിയിലെ കേമനായും സോധി പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 142 റൺസ്. ഐപിഎൽ താരലേലത്തിൽ തഴയപ്പെട്ട ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (32 പന്തിൽ 36), മാത്യു വെയ്ഡ് (29 പന്തിൽ 44) എന്നിവരാണ് ഓസീസിനായി തിളങ്ങിയത്. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ 14.25 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഗ്ലെൻ മാക്സ്‌വെൽ (രണ്ടു പന്തിൽ ഒന്ന്) ഒരിക്കൽക്കൂടി നിറംമങ്ങി.

ഐപിഎൽ താരലേലത്തിൽ തഴയപ്പെട്ട ഇഷ് സോധിയാണ് ബോളിങ്ങി‌ൽ ന്യൂസീലൻഡിനായി ഏറ്റവും തിളങ്ങിയത്. നാല് ഓവറിൽ 24 റൺസ് മാത്രം വഴങ്ങിയ സോധി മൂന്നു വിക്കറ്റെടുത്തു. ടിം സൗത്തി, ട്രെന്റ് ബോൾട്ട് എന്നിവർക്ക് രണ്ട് വിക്കറ്റ് വീതം ലഭിച്ചു. ഐപിഎൽ താരലേലത്തിൽ 15 കോടി രൂപയ്ക്ക് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ വാങ്ങിയ കൈൽ ജാമിസനെ ഫോമിലല്ലാത്തതിനാൽ പുറത്തിരുത്തിയാണ് ന്യൂസീലൻഡ് ഇറങ്ങിയത്.

മറുപടി ബാറ്റിങ്ങിൽ കിവീസ് നിരയിലും തിളങ്ങിയത് ഐപിഎൽ താരലേലത്തിൽ തഴയപ്പെട്ടവർ തന്നെ. ഓപ്പണർ മാർട്ടിൻ ഗപ്ടിലിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് (46 പന്തിൽ ഏഴു ഫോറും നാലു സിക്സും സഹിതം 71) ന്യൂസീലൻഡിന്റെ വിജയം അനായാസമാക്കിയത്. താരലേലത്തിൽ തഴയപ്പെട്ട ഡിവോൺ കോൺവേ (28 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 36), ഗ്ലെൻ ഫിലിപ്സ് (16 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം പുറത്താകാതെ 34) എന്നിവരും കിവീസ് വിജയത്തിന് നിർണായക സംഭാവന നൽകി. ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ മിന്നുംതാരമായ കെയ്ൻ വില്യംസൻ ഗോൾഡൻ ഡക്കായി നിരാശപ്പെടുത്തി. ഓസ്ട്രേലിയയ്‌ക്കായി റൈലി മെറിഡിത്ത് രണ്ടു വിക്കറ്റ് വീഴ്ത്തി.

English Summary: New Zealand vs Australia, 5th T20I - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com