ADVERTISEMENT

ക്രിസ് ഗെയ്‌ലിനു കഴിയാത്തതാണ് കീറൺ പൊള്ളാർഡ് ചെയ്തത്. ഗെയ്‌ലിന്റെ ബാറ്റിൽ നിന്നാണ് സത്യത്തിൽ ക്രിക്കറ്റ് ആരാധകർ ഇതുപോലൊരു താണ്ഡവം പ്രതീക്ഷിച്ചിരുന്നത്. അത്രമാത്രം സ്ഫോടനശേഷിയുള്ളതായിരുന്നല്ലോ ക്രീസിലെ ഗെയ്‌ലാട്ടം!. എന്നാൽ ഒരോവറിലെ ആറു പന്തും സിക്സറുകൾ നേടുക എന്ന അപൂർവസിദ്ധി ഒടുവിൽ കൈവരിച്ചത് കീറൺ പൊള്ളാർഡ് എന്ന കറതീർന്ന വെടിക്കെട്ടുകാരനും.

ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിലായിരുന്നു വിൻഡീസ് ക്യാപ്റ്റൻ പൊള്ളാർഡിന്റെ ആക്രമണം. അടിവീര്യം കൊണ്ടറിഞ്ഞതോ സ്പിന്നർ അഖില ധനഞ്ജയയും. തൊട്ടുമുൻപത്തെ ഓവറിൽ ഹാട്രിക് വിക്കറ്റുകളോടെ മിന്നിയ ധനഞ്ജയയെയാണ് പൊള്ളാർഡ് തല്ലിപ്പറത്തിയത്. 11 പന്തിൽ 38 റൺസാണ് പൊള്ളാർഡെടുത്തത്. അതും ഗെയ്ൽ ആദ്യ പന്തിൽ പൂജ്യനായി പുറത്തായ ശേഷം. ഇതോടെ രാജ്യാന്തര മത്സരങ്ങളിൽ ഒരോവറിൽ 6 സിക്സറുകൾ നേടുന്ന മൂന്നാമത്തെ താരവും കൂടിയായി ഈ കരീബിയൻ കൈക്കരുത്ത്. പൊള്ളാർഡിന്റെ പ്രകടനത്തോടെ 4 വിക്കറ്റ് വിജയവും നേടാൻ ആതിഥേയർക്കായി. മൂന്നു മത്സര പരമ്പര 2–1ന് വിൻഡീസാണു സ്വന്തമാക്കിയത്.

∙ യുവിയും ഗിബ്സും

രാജ്യാന്തര ക്രിക്കറ്റിൽ പൊള്ളാർഡിനു മുൻപ് ഈ നേട്ടത്തിലെത്തിയ രണ്ടുപേരിൽ ഒരാൾ നമ്മുടെ സ്വന്തം യുവരാജാണ്. ഓൾറൗണ്ടറായി കളം നിറഞ്ഞ യുവരാജ് സിങ് 2007ലെ ട്വന്റി20 ലോകകപ്പിലാണ് ഈ ചരിത്രനേട്ടത്തിലെത്തിയത്. ഇംഗ്ലണ്ടിനെതിരായ മൽസരത്തിൽ പേസ് ബോളർ സ്റ്റുവർട്ട് ബ്രോഡിനെ തുടർച്ചയായി ആറു സിക്സറുകൾക്കു യുവി പറത്തിയത് അവിശ്വസനീയതോടെയാണ് ആരാധകർ കണ്ടത്. അത്രമാത്രം കറ തീർന്ന ഷോട്ടുകളായിരുന്നു യുവരാജിന്റെ ബാറ്റിൽനിന്നു പിറന്നത്. 12 പന്തിൽ നിന്നാണ് യുവി അന്ന് അർധ സെഞ്ചുറിയിലെത്തിയത്. അതുമൊരു റെക്കോർഡാണ്. ട്വന്റി20യിലെ  അതിവേഗ അർധസെഞ്ചുറി.

ബ്രോഡിന്റെ ഓവറിനു തൊട്ടുമുൻപ് ഇംഗ്ലിഷ് താരം ആൻഡ്രൂ ഫ്ലിന്റോഫ് യുവരാജുമായി കോർത്തിരുന്നു. ആ കലിപ്പ് യുവി തീർത്തത് ബ്രോ‍ഡിനോടായിരുന്നു എന്നു മാത്രം. പിന്നീടും യുവിയുടെ മാസ്മരിക പ്രകടനങ്ങൾ ഏറെയുണ്ട്. ഇന്ത്യ ജേതാക്കളായ 2011 ഏകദിന ലോകകപ്പിൽ യുവിയായിരുന്നല്ലോ ടൂർണമെന്റിന്റെ താരം. അതേ ലോകകപ്പിൽ ഒരു കളിയിൽ 5 വിക്കറ്റും 50 റൺസും നേടിയതോടെ ലോകകപ്പിൽ ഈ പകിട്ടിലെത്തുന്ന ആദ്യതാരവുമായി യുവി.

ദക്ഷിണാഫ്രിക്കൻ താരം ഹെർഷൽ ഗിബ്സാണ് രാജ്യാന്തര തലത്തിൽ സമ്പൂർണ സിക്സറുകൾ നേടിയ മറ്റൊരാൾ. 2007ലെ ഏകദിന ലോകകപ്പിലായിരുന്നു ഗിബ്സിന്റെ നേട്ടം. ഏകദിനത്തിൽ ഓവറിലെ 6 പന്തും സിക്സറടിച്ച ആദ്യ താരം കൂടിയാണ് ഗിബ്സ്. ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നെതർലൻഡ്സിനെതിരെ ആയിരുന്നു ഈ പ്രകടനം. ഹതഭാഗ്യനായ ബോളറാകട്ടെ ഡാൻ വാൻ ബുംഗേയും.

∙ സോബേഴ്സും ശാസ്ത്രിയും

ക്രിക്കറ്റിൽ ഇവർക്കു മുൻപേ രണ്ടു പേർ കൂടി സിക്സർ രാജാക്കൻമാരായിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലായിരുന്നെന്നു മാത്രം. 1968ൽ വെസ്റ്റ് ഇൻഡീസ് താരം ഗാരി സോബേഴ്സാണ് അവിശ്വസനീയമെന്നു കരുതിയ ഈ നേട്ടത്തിൽ തൊട്ട ആദ്യ പേരുകാരൻ. ഗ്ലാമോർഗനെതിരായ മത്സരത്തിലായിരുന്നു ഈ സിക്സർ മഴ. മാൽകം നാഷാണ്, നോട്ടിങ്ങാംഷെറിന്റെ ക്യാപ്റ്റനായ സോബേഴ്സിന്റെ അടിയുടെ ചൂടേറ്റു വാങ്ങിയ ബോളർ. 5 പന്തു സിക്സറടിച്ച സോബേഴ്സിനെ ആറാം പന്തിൽ ഫീൽഡർ പിടികൂടിയെങ്കിലും അയാൾ ബൗണ്ടറി ലൈൻ മറികടന്നതോടെ അതും സിക്സറാവുകയായിരുന്നു.

പിന്നീട് ഈ നേട്ടം കാണാൻ 17 വർഷങ്ങൾ കൂടിയെടുത്തു. ഇക്കുറി രവി ശാസ്ത്രിയുടെ ഊഴമായിരുന്നു. ബറോഡയ്ക്കെതിരായ മത്സരത്തിൽ ബോംബെയ്ക്കായി കളിച്ച ശാസ്ത്രി ഇടംകൈ സ്പിന്നർ തിലക് രാജിനെ ആറു വട്ടം ഗാലറിയിലെത്തിച്ചു. മെല്ലെക്കളിക്കുന്നയാളെന്ന പേരുദോഷമുള്ള ശാസ്ത്രിയിൽനിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രകടനമായിരുന്നു അത്.

∙ ഇനിയുമുണ്ട് മൂന്നുപേർ കൂടി

ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഓവറിലെ 6 പന്തുകളും സിക്സറടിച്ച മൂന്നുപേർ കൂടിയുണ്ട്. ഇംഗ്ലിഷ് താരം റോസ് വൈറ്റ്‌ലി ഇംഗ്ലിഷ് ലീഗിൽ സ്പിന്നർ കാൾ കാർവർക്കെതിരെ ആറു സിക്സറടിച്ചത് 2017ലാണ്. അഫ്ഗാനിസ്ഥാൻ പ്രീമിയർ ലീഗിലുമുണ്ട് 6 സിക്സറുകളുടെ നേട്ടം. ഹസ്രത്തുല്ല സസായ് അടിച്ചുപറത്തിയത് അബ്ദുല്ല മസാറിയെ. ന്യൂസീലൻഡ് താരം ലിയോ കാർട്ടർ ഈ നേട്ടം കൈവരിച്ചത് 2020 ജനുവരി അഞ്ചിന്. സൂപ്പർ സ്മാഷ് സീരീസിൽ കാന്റർബെറിക്കുവേണ്ടി കളിച്ച കാർട്ടർ എതിരാളികളായ നോർത്തേൺ നൈറ്റ്സിന്റെ ആന്റൺ ഡെവിച്ചിനെയാണ് ആറു തവണ തുടർച്ചയായി അതിർത്തി കാണിച്ചുകൊടുത്തത്.

English Summary: Pollard hits 6 sixes in an over

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com