ADVERTISEMENT

ടെസ്റ്റ് ക്രിക്കറ്റിന്റെ കൊടുമുടിയിൽ വിജയപതാക ഉയർത്തുന്നതിനു തൊട്ടരികിലാണ് ഇന്ത്യ. ജൂണിൽ ഇംഗ്ലണ്ടിൽ നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ന്യൂസീലൻഡിനെതിരെ നിലവിൽ ലോകത്തെ ഒന്നാം നമ്പർ ടീമായ ഇന്ത്യ കരുത്തു കാട്ടുമെന്നാണ് ആരാധകരുടെ സ്വപ്നം. ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ നാട്ടിലും ഇംഗ്ലണ്ടിനെതിരെ ‌സ്വന്തം മണ്ണിലും നേടിയ പരമ്പര വിജയങ്ങൾ ഈ പ്രതീക്ഷയെ ഒരു പരിധി വരെ സാധൂകരിക്കുന്നുമുണ്ട്.

ഏകദിന ക്രിക്കറ്റിൽ ഏറെക്കാലമായി മുൻനിരയിലുണ്ടെങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ അനിഷേധ്യ ശക്തിയായി വളർന്നു തുടങ്ങിയത് യഥാർഥത്തിൽ എപ്പോഴാണ്? ഘടികാരത്തിലെ സമയസൂചി 20 വർഷം പിന്നോട്ടു തിരിച്ചുവച്ചാൽ അതിനുള്ള ഉത്തരം ലഭിക്കും. 2001ലെ കൊൽക്കത്ത ടെസ്റ്റ്. സന്തോഷത്തിന്റെ മഹാനഗരവും ഏദൻ പൂന്തോട്ടമെന്നു വിളിപ്പേരുള്ള മൈതാനവും ആർത്തിരമ്പിയ ആ പോരാട്ടത്തിലെ അവിസ്മരണീയ വിജയമല്ലേ ഈ നൂറ്റാണ്ടിൽ ഇന്ത്യയുടെ കുതിപ്പിനു വഴിമരുന്നിട്ടത്?

ചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തായ മത്സരങ്ങളിലൊന്ന് എന്ന ഖ്യാതിയുള്ള ടെസ്റ്റിന് 20 വർഷം തികയുന്നു. 2001 മാർച്ച് 11 മുതൽ 15 വരെ ഈഡൻ ഗാർഡൻസിൽ അരങ്ങേറിയ മത്സരത്തിൽ, പരാജയത്തിന്റെ പടിവാതിൽക്കൽനിന്ന് വിജയം പിടിച്ചെടുക്കുകയായിരുന്നു ടീം ഇന്ത്യ. അന്നത്തെ വീരപോരാളികളുടെ പിൻമുറക്കാരെയാണ് ഏതാനും ആഴ്ചകൾക്കു മുൻപ് ബ്രിസ്ബെയ്നിൽ കണ്ടത്. 20 വർഷം മുൻപ് കണ്ട അതേ വിജയതൃഷ്ണയാണ് ഗാബയിൽ അജിൻക്യ രഹാനെയും സംഘവും ഓസ്ട്രേലിയയ്ക്കെതിരെ പുറത്തെടുത്തത്.

∙ ഓസീസിന്റെ ഹുങ്ക്

എന്തുകൊണ്ടാകും ക്രിക്കറ്റ് ലോകം 2001ലെ കൊൽക്കത്ത ടെസ്റ്റിനെക്കുറിച്ച് ഇത്രയും വാചാലമാകുന്നത്? ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ നേടിയ 171 റൺസ് വിജയം അത്രയും മഹത്തരമാകാൻ കാരണങ്ങൾ എന്തൊക്കെയാണ്? തുടരെ 16 ടെസ്റ്റുകൾ വിജയിച്ച് എത്തിയ ഓസ്ട്രേലിയയുടെ ലക്ഷ്യം ഇന്ത്യയിലും പരമ്പര വിജയം നേടി ലോകം കീഴടക്കിയെന്ന ഖ്യാതി നേടുകയായിരുന്നു. ദിവസങ്ങൾക്കു മുൻപ് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യയെ തോൽപിച്ച് അവർ ആ ലക്ഷ്യത്തിലേക്ക് ഒരു പടി അടുക്കുകയും ചെയ്തിരുന്നു. ഈഡൻ ഗാർഡൻസിലും അതേ മികവ് ആവർത്തിക്കാമെന്ന ഓസീസിന്റെ ഹുങ്കിനേറ്റ കനത്ത അടിയായിരുന്നു ഇന്ത്യയുടെ വിജയം. പിന്നീട് ടെസ്റ്റ് പരമ്പരയും ഇന്ത്യ സ്വന്തമാക്കിയതോടെ നഷ്ടബോധത്തോടെയാണ് ഓസ്ട്രേലിയൻ സംഘം മടങ്ങിയത്.

∙ ഇതിഹാസ ഗാഥ

സച്ചിൻ തെൻഡുൽക്കറുടെ ബാറ്റ് പൂർണമായും പരാജയപ്പെട്ട പോരാട്ടത്തിൽ, മറ്റു രണ്ടു പേർ ഇതിഹാസ താരങ്ങളായി അവതരിച്ചതായിരുന്നു അന്ന് ഈഡൻഗാർഡൻസിലെ ഏറ്റവും ആവേശമേറ്റുന്ന കാഴ്ച. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്നു സൃഷ്ടിച്ച വി.വി.എസ്. ലക്ഷ്മൺ – രാഹുൽ ദ്രാവിഡ് സഖ്യത്തിന്റെ പ്രകടനത്തെ ഉൾപ്പുളകത്തോടെ മാത്രമേ ആരാധകർ ഇപ്പോഴും ഓർത്തെടുക്കൂ. ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് എന്ന അസുലഭ നേട്ടത്തിന് അർഹനായ ഓഫ്സ്പിന്നർ ഹർഭജൻ സിങ് മത്സരത്തിൽ 13 വിക്കറ്റുകൾ സന്തമാക്കി. ആക്രമണോത്സുകമായ ക്യാപ്റ്റൻസയിലൂടെ സൗരവ് ഗാംഗുലി ഇന്ത്യയെ മുന്നിൽ നിന്നു നയിച്ചതും വിജയത്തിൽ നിർണായകമായി. 

∙ ഫോളോഓൺ കുരുക്ക് 

ആദ്യ ഇന്നിങ്സിൽ ഹർഭജൻ സിങ്ങിന്റെ ഹാട്രിക് പ്രകടനം ഓസീസിന്റെ ചങ്കിടിപ്പു കൂട്ടിയിരുന്നു. പക്ഷേ, ക്യാപ്റ്റൻ സ്റ്റീവ് വോയുടെ സെഞ്ചുറിയുടെ (110) മികവിൽ അവർ 445 റൺസ് നേടി. പ്രതീക്ഷയോടെ മറുപടി നൽകാൻ ഇറങ്ങിയ ഇന്ത്യൻ ബാറ്റിങ്നിര ഗ്ലെൻ മഗ്രോ നയിച്ച ഓസീസ് ബോളർമാർക്കു മുന്നിൽ ചൂളി. 171 റൺസിന് അവസാനിച്ച ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോർ കാർഡിൽ അർധസെഞ്ചുറി നേടിയ വി.വി.എസ്. ലക്ഷ്മൺ (59) ആയിരുന്നു ടോപ് സ്കോറർ. ദ്രാവിഡ് (25), സച്ചിൻ (10), ഗാംഗുലി (23) തുടങ്ങിയ മഹാരഥന്മാരെല്ലാം പരാജയപ്പെട്ടു. ആദ്യ ഇന്നിങ്സിൽ 274 റൺസ് പിന്നിലായി ഫോളോഓൺ ചെയ്യാനായിരുന്നു ഇന്ത്യയുടെ വിധി. 

∙ ചരിത്രം വഴിമാറുന്നു!

അതോടെ, ഏറെക്കുറെ എല്ലാം തീരുമാനമായെന്നാണ് ഇന്ത്യയുടെ ഏറ്റവും വലിയ ആരാധകർ പോലും കരുതിയിട്ടുണ്ടാവുക. പക്ഷേ, ഏറ്റവും വലിയ വെല്ലുവിളികൾ വരുമ്പോഴാണല്ലോ പ്രതിഭാശാലികളെ ലോകം തിരിച്ചറിയുക! ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ ലക്ഷ്മണും (281) ദ്രാവിഡും (180) ചേർന്ന് അഞ്ചാം വിക്കറ്റിൽ പടുത്തുയർത്തിയ 376 റൺസിന്റെ കൂട്ടുകെട്ട് അത്തരത്തിലൊന്നായിരുന്നു. 384 റൺസെന്ന വിജയലക്ഷ്യത്തോടെ രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഓസീസ് ഹർഭജൻ സിങ്ങിന്റെയും സച്ചിൻ തെൻഡുൽക്കറുടെയും സ്പിൻ മികവിനു മുന്നിൽ കറങ്ങിവീണതോടെ ഇന്ത്യയ്ക്ക് അവിസ്മരണീയ വിജയം. ഭാജി ആറും സച്ചിൻ മൂന്നും വിക്കറ്റുകളാണ് വീഴ്്ത്തിയത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഫോളോഓൺ ചെയ്യേണ്ടി വന്ന ടീം വിജയികളാകുന്നത് മൂന്നാമത്തെ തവണ മാത്രമായിരുന്നു. 

∙ പറഞ്ഞതിലുമപ്പുറം

കണക്കുകൾ പറഞ്ഞു പോകുന്നതുപോലെ അത്ര എളുപ്പമായിരുന്നില്ല രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ബാറ്റിങ്. മൂന്നാം ദിവസം ഉച്ചഭക്ഷണത്തിനു മുൻപു തന്നെ ഫോളോ ഓൺ ചെയ്ത് രണ്ടാം ഇന്നിങ്സ് തുടങ്ങേണ്ടി വന്നു. രണ്ടര ദിവസത്തിലധികം ശേഷിക്കെ, തോൽക്കാതിരിക്കാൻ അമാനുഷിക പ്രകടനങ്ങൾ വേണ്ട അവസ്ഥ. ഓപ്പണർമാരായ ശിവ്സുന്ദർ ദാസും സഡഗോപൻ രമേഷും അർധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും സച്ചിൻ തെൻഡുൽക്കർ വീണ്ടും പരാജയപ്പെട്ടത് തിരിച്ചടിയായി. നാലാം വിക്കറ്റിൽ ലക്ഷ്മണും ഗാംഗുലിയും ചേർന്ന് 117 റൺസ് ചേർത്തു. എന്നാൽ, തന്റെ അർധസെഞ്ചുറിക്ക് 2 റൺസ് പിന്നിൽ ക്യാപ്റ്റനും മടങ്ങി. ഇന്ത്യ 4ന് 232 എന്ന നിലയിൽ പരാജയത്തിന്റെ പടിവാതിൽക്കൽ നിൽക്കവെയാണ് പതിവു തെറ്റിച്ച് ആറാം നമ്പറിൽ ദ്രാവിഡ് എത്തിയത്.

റെക്കോർഡുകളുടെ നാലാം ദിനം

4ന് 252 എന്ന നിലയിൽ നാലാം ദിവസം ബാറ്റിങ് പുനരാരംഭിച്ച ലക്ഷ്മണും ദ്രാവിഡും അന്നു മുഴുവനും ബാറ്റ് ചെയ്തു. റെക്കോർഡുകളുടെ പെരുമഴ കണ്ട ആ ദിനത്തിൽ ലക്ഷ്മൺ ടെസ്റ്റ് ക്രിക്കറ്റിൽ സുനിൽ ഗാവസ്കറെ മറികടന്ന് ഇന്ത്യയുടെ ടോപ് സ്കോററായി . പിന്നീട് വീരേന്ദർ സേവാഗ് ആണ് ഈ റെക്കോർഡ് തിരുത്തിയത്. ആറാം നമ്പറിൽ ഇറങ്ങി സെഞ്ചുറി നേടിയ ദ്രാവിഡ്, തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കു മറുപടിയെന്ന പോലെ, പ്രസ്ബോക്സിനു നേര ബാറ്റ് ഉയർത്തിക്കാട്ടി. പരാജയയത്തിന്റെ പടുകുഴിയിൽനിന്ന് വിജയത്തിനരികിലേക്ക് ഇന്ത്യ ഓടിക്കയിറിയ ആ ദിവസം പൂർത്തിയാകുമ്പോൾ സ്കോർ 4ന് 594.

∙ സ്പിൻ മാജിക്

അഞ്ചാം ദിവസം ലക്ഷ്മണും ദ്രാവിഡും പുറത്തായതിനു പിന്നാലെ അധികം വൈകാതെ ഇന്ത്യ 7ന് 657 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. 75 ഓവറിൽ ഓസീസിനു വിജയലക്ഷ്യം 384 റൺസ്. കളി തീരാൻ 30 ഓവർ മാതം ശേഷിക്കെ, ഓസീസ് 3ന് 166 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു. പക്ഷേ, ക്യാപ്റ്റൻ സ്റ്റീവ് വോയെയും റിക്കി പോണ്ടിങ്ങിനെയും ഹർഭജൻ ഒരേ ഓവറിൽ പുറത്താക്കിയതു വഴിത്തിരിവായി. ഇതിനു പിന്നാലെ ആഡം ഗിൽക്രിസ്റ്റിനെയും മാത്യു ഹെയ്ഡനെയും ഷെയ്ൻ വോണിനെയും സച്ചിൻ മടക്കിയച്ചപ്പോൾ സ്കോർ 8ന് 174.  ശേഷിച്ച 2 വിക്കറ്റുകൾ കൂടി ഹർഭജൻ വീഴ്ത്തി. ഏറ്റവുമൊടുവിൽ പുറത്തായ ഓസീസ് ബാറ്റ്സ്മാൻ ഗ്ലെൻ മഗ്രോ നിരാശനായി മടങ്ങുമ്പോൾ, അസ്തമയസൂര്യന്റെ പൊൻവെളിച്ചത്തിൽ ആർത്തിരമ്പുകയായിരുന്നു ഈഡൻ ഗാർഡൻസ് .

English Summary: 20 Years Of India's Great Victory Over Australia In 2001 Kolkata Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com