ADVERTISEMENT

ന്യൂഡൽഹി∙ ഒരിക്കൽക്കൂടി യുവതാരം പൃഥ്വി ഷായുടെ ബാറ്റ് തീതുപ്പിയതോടെ നിലവിലെ ചാംപ്യൻമാരായ കർണാടകയെ വീഴ്ത്തി മുംബൈ വിജയ് ഹസാരെ ട്രോഫി ഫൈനലിൽ. ടൂർണമെന്റിലെ നാലാം സെഞ്ചുറിയുമായി ഷാ മിന്നിത്തിളങ്ങിയ മത്സരത്തിൽ 72 റൺസിനാണ് മുംബൈ കർണാടകയെ വീഴ്ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 49.2 ഓവറിൽ 322 റൺസിന് എല്ലാവരും പുറത്തായി. കർണാടകയുടെ മറുപടി 42.4 ഓവറിൽ 250 റൺസിൽ അവസാനിച്ചു. മാർച്ച് 14ന് ‌ന്യൂഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരിൽ ഉത്തർപ്രദേശാണ് മുംബൈയുടെ എതിരാളികൾ.

അധികം റണ്ണൊഴുകാതെ പോയ ആദ്യ സെമിയിൽ ഗുജറാത്തിനെയാണ് ഉത്തർപ്രദേശ് തോൽപ്പിച്ചത്. അഞ്ച് വിക്കറ്റിനാണ് ഉത്തർപ്രദേശിന്റെ ജയം. ഗുജറാത്ത് ഉയർത്തിയ 185 റൺസ് വിജയലക്ഷ്യം ഉത്തർപ്രദേശ് 42.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. അർധസെഞ്ചുറി നേടിയ അക്ഷദീപ് നാഥിന്റെ പ്രകടനമാണ് (104 പന്തിൽ 71) ഉത്തർപ്രദേശിന് വിജയം സമ്മാനിച്ചത്. ബോളിങ്ങിൽ യാഷ് ദയാൽ (9.1 ഓവറിൽ 34 റൺസ് വഴങ്ങി മൂന്നു വ ിക്കറ്റ്), അക്വിബ് ഖാൻ (10 ഓവറിൽ 22 റൺസ് വഴങ്ങി രണ്ടു വിക്കറ്റ്) എന്നിവരുടെ പ്രകടനങ്ങളും നിർണായകമായി.

മുംബൈ ഉയർത്തിയ അത്ര വലുതല്ലാത്ത വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കർണാടകയ്ക്കായി തിളങ്ങിയത് മലയാളി ഓപ്പണർ ദേവ്ദത്ത് പടിക്കലും വിക്കറ്റ് കീപ്പർ ബി.ആർ. ശരത്തും മാത്രം. ഇരുവരും അർധസെഞ്ചുറി നേടി. പടിക്കൽ 64 പന്തിൽ ഒൻപതു ഫോറും ഒരു സിക്സും സഹിതം 64 റൺസെടുത്തു. ശരത് 39 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതം 61 റൺസുമെടുത്തു. കരുൺ നായർ (42 പന്തിൽ 29), ശ്രേയസ് ഗോപാൽ (37 പന്തിൽ 33), കൃഷ്ണപ്പ ഗൗതം (14 പന്തിൽ 28) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും കർണാടകയ്ക്ക് ലക്ഷ്യത്തിലെത്താനായില്ല. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ തുഷാർ ദേശ്പാണ്ഡെ, ടനൂഷ് കൊട്ടിയൻ, പ്രശാന്ത് സോളങ്കി, ഷംസ് മുളാനി എന്നിവർ ചേർന്നാണ് കർണാടകയെ തകർത്തത്.

∙ അവസാനിക്കാത്ത പൃഥ്വി ‘ഷോ’

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്കായി ഓപ്പണറായെത്തി തകർത്തടിച്ച ഷാ, മറ്റൊരു ഉജ്വല സെഞ്ചുറിയുമായാണ് തിരികെ കയറിയത്. 122 പന്തിൽനിന്ന് 165 റണ്‍സടിച്ച ഷായുടെ മികവിലാണ് മുംബൈ ഭേദപ്പെട്ട സ്കോറിലെത്തിയത്. ടൂർണമെന്റിൽ പൃഥ്വി ഷായുടെ നാലാം സെഞ്ചുറിയാണിത്. ഇതിൽ ഒരെണ്ണം ഇരട്ടസെഞ്ചുറിയാണ്. പുതുച്ചേരിക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ 227 റൺസെടുത്ത പൃഥ്വി ഷാ പുറത്താകാതെ നിന്നു. സൗരാഷ്ട്രയ്‌ക്കെതിരായ ക്വാർട്ടർ പോരാട്ടത്തിലും ഷായുടെ മികവിലാണ് മുംബൈ ജയിച്ചത്. അന്ന് 185 റൺസോടെയും ഷാ പുറത്താകാതെ നിന്നു.

ഷംസ് മുളാനി (71 പന്തിൽ 45), അമൻ ഹക്കിം ഖാൻ (18 പന്തിൽ 25), ശിവം ദുബെ (24 പന്തിൽ 27) എന്നിവരും മുംബൈയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, യശ്വസി ജയ്‌സ്വാൾ (13 പന്തിൽ ആറ്), ആദിത്യ താരെ (33 പന്തിൽ 16), സർഫറാസ് ഖാൻ (ഒൻപത് പന്തിൽ ഒൻപത്), തനൂഷ് കൊട്ടിയൻ (മൂന്നു പന്തിൽ അഞ്ച്), തുഷാർ ദേശ്പാണ്ഡെ (മൂന്നു പന്തിൽ നാല്), ധവാൽ കുൽക്കർണി (നാലു പന്തിൽ മൂന്ന്) എന്നിവർ നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ ട്വന്റി20 ടീമിൽ അംഗങ്ങളായ ക്യാപ്റ്റൻ ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ് തുടങ്ങിയവരെ കൂടാതെയാണ് മുംബൈ കളിക്കുന്നത്.

സ്കോർ ബോർഡിൽ 11 റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ യശ്വസി ജയ്സ്വാളിനെ നഷ്ടമായ മുംബൈയ്ക്ക്, ഒരറ്റത്ത് തകർത്തടിച്ച പൃഥ്വി ഷായുടെ ഇന്നിങ്സാണ് കരുത്തായത്. മറുവശത്ത് ബാറ്റു ചെയ്തവരെല്ലാം കർണാടകയുടെ ബോളിങ് ആക്രമണത്തെ ബഹുമാനിച്ച് മന്ദഗതിയിൽ ബാറ്റു ചെയ്തപ്പോൾ, കടന്നാക്രമണത്തിലൂടെ ഷാ റൺനിരക്കുയർത്തി. തുടക്കത്തിൽ മന്ദഗതിയിൽ മുന്നേറിയ പൃഥ്വി ഷാ, പിന്നീട് ഗിയർ മാറ്റി. 48 പന്തിൽനിന്നാണ് ഷാ അർധസെഞ്ചുറി പിന്നിട്ടത്. അവിടുന്നങ്ങോട്ട് സെഞ്ചുറിയിലേക്ക് വേണ്ടിവന്നത് 31 പന്തുകൾ മാത്രം. 111 പന്തിൽനിന്നാണ് ഷാ 150 കടന്നത്. മറ്റൊരു ഇരട്ടസെഞ്ചുറി കൂടി ആരാധകർ സ്വപ്നം കണ്ടെങ്കിലും വ്യക്തിഗത സ്കോർ 165ൽ നിൽക്കെ വൈശാഖ് ഷായെ എൽബിയിൽ കുരുക്കി.

ഓപ്പണിങ് വിക്കറ്റ് പാളിയെങ്കിലും രണ്ടാം വിക്കറ്റിൽ ആദിത്യ താരെയ്ക്കൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ടും (69 പന്തിൽ 71 റൺസ്), മൂന്നാം വിക്കറ്റിൽ ഷംസ് മുളാനിക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും (142 പന്തിൽ 159) തീർത്താണ് ഷാ പ്രതികാരം ചെയ്തത്. സ്കോർ 241ൽ നിൽക്കെ ഷംസ് മുളാനിയെ പുറത്താക്കി കൃഷ്ണപ്പ ഗൗതമാണ് കർണാടക മോഹിച്ച ബ്രേക്ക് ത്രൂ സമ്മാനിച്ചത്. തൊട്ടടുത്ത ഓവറിൽ പൃഥ്വി ഷായെ വൈശാഖും പുറത്താക്കിയതോടെ മുംബൈയുടെ റൺനിരക്ക് താഴ്ന്നു. പിന്നീട് വന്നവർക്ക് ക്രീസിൽ ഉറച്ചുനിൽക്കാനാകാതെ പോയതോടെയാണ് ഒരുവേള അനായാസം 350 കടക്കുമെന്ന് തോന്നിച്ച മുംബൈ 322ൽ ഒതുങ്ങിയത്.

കർണാടകയ്ക്കായി വൈശാഖ് 9.2 ഓവറിൽ 56 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. പ്രാസിദ് കൃഷ്ണയ്ക്ക് മൂന്നും റോണിത് മോറെ, ശ്രേയസ് ഗോപാൽ, കൃഷ്ണപ്പ ഗൗതം എന്നിവർക്ക് ഓരോ വിക്കറ്റും ലഭിച്ചു.

English Summary: Karnataka vs Mumbai, Semi Final 2 - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com