ADVERTISEMENT

ദുബായ് ∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തോടെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) റാങ്കിങ്ങിലും നേട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങൾ. പരമ്പരയിൽ നിർണായക ഇന്നിങ്സുകളുമായി കളംപിടിച്ച ഓപ്പണർ രോഹിത് ശർമ, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് എന്നിവർ മികച്ച നേട്ടമുണ്ടാക്കി. ഏറ്റവും പുതിയ റാങ്കിങ് പ്രകാരം ഇരുവരും ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ഇവർക്കൊപ്പം ന്യൂസീലൻഡ് താരം ഹെൻറി നിക്കോൾസും ഏഴാം റാങ്കിലുണ്ട്. 120 റേറ്റിങ് പോയിന്റുമായി ഇന്ത്യൻ ടീം റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചതിനു പിന്നാലെയാണ് താരങ്ങളും റാങ്കിങ്ങിൽ നേട്ടമുണ്ടാക്കിയത്.

ഇന്ത്യയ്ക്ക് പ്രഥമ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഫൈനലിൽ സ്ഥാനം നേടിക്കൊടുത്ത അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറിയാണ് ഋഷഭ് പന്തിന് കരിയറിലെ ഏറ്റവും മികച്ച റാങ്കിങ് സമ്മാനിച്ചത്. 2020–21 സീസണിൽ ഏഴു ടെസ്റ്റുകളിൽനിന്നായി 544 റൺസ് നേടിയ പന്ത്, ഇക്കാലയളവിലെ ഇന്ത്യൻ റൺവേട്ടക്കാരിൽ ഒന്നാമനാണ്. എല്ലാ ടീമുകളിലെയും താരങ്ങളെ പരിഗണിച്ചാൽ മൂന്നാമനും. ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യയ്ക്ക് പരമ്പര വിജയം സമ്മാനിക്കുന്നതിലും പന്തിന്റെ പ്രകടനം നിർണായകമായിരുന്നു.

അത്ര തിളക്കമില്ലാത്ത ടെസ്റ്റ് കരിയറിന് ഉടമയായ രോഹിത് ശർമയ്ക്ക്, ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ തിളക്കമുള്ള പ്രകടനമാണ് കരുത്തായത്. ചെന്നൈയിൽ നടന്ന രണ്ടാം ടെസ്റ്റിൽ 161 റൺസടിച്ച രോഹിത്താണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഈ ഇന്നിങ്സിന്റെ ബലത്തിൽ ടെസ്റ്റ് സ്വന്തമാക്കിയ ഇന്ത്യ, പിന്നീട് പരമ്പരയും നേടിയിരുന്നു. ഈ സീസണിൽ ഋഷഭ് പന്തിനു പിന്നിൽ കൂടുതൽ റൺസ് നേടിയ താരവും രോഹിത്താണ്. എല്ലാ ടീമുകളെയും പരിഗണിച്ചാൽ നാലാമനും. 47.40 ശരാശരിയിൽ 474 റൺസാണ് രോഹിത്തിന്റെ സമ്പാദ്യം.

അതേസമയം, ബോളർമാരുടെ റാങ്കിങ്ങിൽ കരിയറിലെ ഏറ്റവും മികച്ച നേട്ടവുമായി ഇന്ത്യയുടെ രവിചന്ദ്രൻ അശ്വിൻ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനമാണ് അശ്വിന് തുണയായത്. ഈ പരമ്പരയിലൂടെ 400 വിക്കറ്റ് ക്ലബ്ബിലെത്തിയ അശ്വിൻ, പന്തുകളുടെ എണ്ണമെടുത്താൽ ഈ നേട്ടത്തിലെത്തിയ വേഗമേറിയ താരമാണ്. 21,242 പന്തുകളെറിഞ്ഞാണ് അശ്വിൻ 400 വിക്കറ്റ് പൂർത്തിയാക്കിയത്.

നാലു ടെസ്റ്റുകളിൽനിന്ന് ആകെ 32 വിക്കറ്റ് വീഴ്ത്തിയ അശ്വിൻ, ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലെ ടെസ്റ്റിൽ സെഞ്ചുറിയും നേടി മികച്ച ഓൾറൗണ്ട് പ്രകടനമാണ് കാഴ്ചവച്ചത്. ഇതോടെ, ഓൾറൗണ്ടർമാരുടെ പട്ടികയിൽ അശ്വിൻ നാലാം സ്ഥാനത്തേക്ക് ഉയർന്നു.

അരങ്ങേറ്റ പരമ്പരയിൽ പരമാവധി മൂന്നു ടെസ്റ്റുകൾ കളിച്ച് കൂടുതൽ വിക്കറ്റെടുക്കുന്ന ബോളറെന്ന നേട്ടം കൈവരിച്ച യുവതാരം അക്ഷർ പട്ടേലിനും റാങ്കിങ്ങിൽ നേട്ടമുണ്ടാക്കാനായി. മൂന്നു ടെസ്റ്റുകളിൽനിന്ന് 27 വിക്കറ്റ് വീഴ്ത്തിയ അക്ഷർ പട്ടേൽ, എട്ട് സ്ഥാനങ്ങൾ കയറി 30–ാം റാങ്കിലെത്തി. 552 പോയിന്റു സ്വന്തമാക്കിയാണ് അക്ഷറിന്റെ കുതിപ്പ്. ആദ്യ മൂന്നു ടെസ്റ്റുകൾ കളിച്ച് ഇതിലും കൂടുതൽ പോയിന്റ് സ്വന്തമാക്കിയ രണ്ടേ രണ്ടു പേരേയുള്ളൂ. ഇന്ത്യയുടെ തന്നെ നരേന്ദ്ര ഹിർവാനിയും (564), ഓസീസ് പേസ് ബോളർ ചാർലി ടേണറും (553).

അതേസമയം, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി മങ്ങിയ ഫോമുമായി 2017 നവംബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന പോയിന്റിലേക്ക് പതിക്കുന്നതും പുതിയ റാങ്കിങ്ങിൽ കണ്ടു. 814 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് കോലി. ഇന്ത്യയുടെ മൂന്നാം നമ്പർ ബാറ്റ്സ്മാൻ 2016 സെപ്റ്റംബറിനുശേഷം ഇതാദ്യമായി 700 പോയിന്റിനും താഴെയായി. കെയ്ൻ വില്യംസൻ (919), സ്റ്റീവ് സ്മിത്ത് (891), മാർനസ് ലബുഷെയ്ൻ (878), ജോ റൂട്ട് (831) എന്നിവരാണ് ആദ്യ നാലു സ്ഥാനങ്ങളിൽ.

Content Highlights: ICC Test Rankigs Updates

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com