ADVERTISEMENT

പുണെ ∙ ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 66 റൺസ് വിജയം. 318 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് 42.1 ഓവറിൽ 251 റൺസിന് അവസാനിച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരൻ പ്രസിദ്ധ് കൃഷ്ണയും മൂന്നു വിക്കറ്റ് വീഴ്ത്തിയ ഷാർദൂൽ ഠാക്കൂറുമാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. ഭുവനേശ്വർ കുമാർ രണ്ടു വിക്കറ്റും ക്രുണാൽ പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി.

അനായാസം വിജയിക്കുമെന്നു തോന്നിക്കുന്ന വിധമാണ് ഇംഗ്ലണ്ട് ബാറ്റിങ് തുടങ്ങിയത്. ഓപ്പണർമാരായ ജേസൻ റോയ്(35 പന്തിൽ 46), ജോണി ബെയർസ്റ്റോ (66 പന്തിൽ 94) എന്നിവർ ചേർന്ന് ഒന്നാം വിക്കറ്റിൽ 135 റൺസാണ് നേടിയത്. 15ാം ഓവറിൽ, ജേസൻ റോയിയെ വീഴ്ത്തി പ്രസിദ്ധ് കൃഷ്ണ ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെയെത്തിയ ബെൻ സ്റ്റോക്സിനെയും (11 പന്തിൽ 1) അധികം വൈകാതെ  പ്രസിദ്ധ്, ശ്രേയസ് അയ്യർക്കു പകരം ഫീൽഡ് ചെയ്യാനിറങ്ങിയ ശുഭ്മാൻ ഗില്ലിന്റെ ൈകകളിൽ എത്തിച്ചു.

എങ്കിലും, മറുവശത്ത് ബെയർസ്റ്റോ തകർത്തടിച്ചുകൊണ്ടേയിരുന്നു. 23ാം ഓവിൽ ബെയർസ്റ്റോയെ പുറത്താക്കി ഷാർദൂൽ ഠാക്കൂറാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകിയത്. ക്യാപ്റ്റൻ ഒയിൻ മോർഗൻ (30 പന്തിൽ 22), ജോസ് ബട്‌ലർ (4 പന്തിൽ 2) എന്നിവരുടെയും ഠാക്കൂർ കൂടാരം കയറ്റി. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ ഇംഗ്ലണ്ടിന്റെ വിജയസാധ്യത മങ്ങി. സാം ബില്ലിങ്സ് (22 പന്തിൽ 18), മൊയീൻ അലി (37 പന്തിൽ 30), സാം കറൽ (20 പന്തിൽ 12), ടോം കറൻ (16 പന്തിൽ 11), ആദിൽ റഷീദ് (5 പന്തിൽ പൂജ്യം) എന്നിങ്ങനെയാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്മാരുടെ സ്കോറുകൾ. ഏഴ് പന്തിൽ രണ്ട് റൺസെടുത്ത് മാർക് വുഡ് പുറത്താകാതെ നിന്നു.

രാഹുൽ–ക്രുണാൽ

ആദ്യം ബാറ്റു ചെയ്തു ഇന്ത്യ, 50 ഓവറിൽ അ‍ഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 317 റൺസ് എടുത്തത്. ഓപ്പൺ ശിഖർ ധവാൻ (98), ക്യപ്റ്റൻ വിരാട് കോലി (56), അവസാന ഓവറുകളിൽ തകർത്തടിച്ച കെ.എൽ.രാഹുൽ (43 പന്തിൽ 62*), അരങ്ങേറ്റക്കാരൻ ക്രുണാൽ പാണ്ഡ്യ (31 പന്തിൽ 58*) എന്നിവരുടെ തകർപ്പൻ പ്രകടനാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.

krunal-pandya-kl-rahul
ക്രുണാൽ പാണ്ഡ്യയും കെ.എൽ.രാഹുലും ബാറ്റിങ്ങിനിടെ

ശിഖർ ധവാൻ (106 പന്തിൽ 98), രോഹിത് ശർമ (42 പന്തിൽ 28), വിരാട് കോലി (60 പന്തിൽ 56), ശ്രേയസ് അയ്യർ (9 പന്തിൽ 6), ഹാർദ്ദിക് പാണ്ഡ്യ (9 പന്തിൽ 1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക് മൂന്നു വിക്കറ്റും മാർക് വുഡ് രണ്ടു വിക്കറ്റും വീഴ്ത്തി.

‘വിശ്വസം’ മുഖ്യം....

ക്യാപ്റ്റൻ കോലിയുടെ വിശ്വാസം കാക്കാനാണ് ഇന്ത്യൻ ബാറ്റ്സ്മാന്മാർ ഇന്നു കളത്തിലിറങ്ങിയത്. ഓപ്പണർ തസ്തികയിൽ ‘ഭീഷണി’ നേരിട്ട ശിഖർ ധവാന് രണ്ടു റൺസ് അകലെ സെഞ്ചുറി നഷ്ടമായെങ്കിലും ഏകദിന ഫോർമാറ്റിൽ തന്റെ സ്ഥാനം ഊട്ടിയുറപ്പിച്ചു. ട്വന്റി20യിൽ മോശം പ്രകടനത്തെത്തുടർന്ന് ഏറ്റവുമധികം വിമർശനം നേരിട്ട കെ.എൽ.രാഹുലും ഉജ്വല തിരിച്ചുവരവ് നടത്തി. ഋഷഭ് പന്തിനു പകരം അഞ്ചാമനായാണ് രാഹുൽ ഇറങ്ങിയത്.

രോഹിത്തും ധവാനും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 64 റൺസെടുത്തു. 16ാം ഓവറിൽ ബെൻ സ്റ്റോക്സാണ് രോഹിത്തിനെ പുറത്താക്കിയത്. പിന്നീട് വിരാട് കോലി ക്രീസിലെത്തിയതോടെ ഇന്ത്യയുടെ റൺനിരക്ക് ഉയർന്നു. ആദ്യ 50 റൺസ് 12.5 പന്തിൽ കുറിച്ച ഇന്ത്യ, 23.1 ഓവറിൽ 100ഉം, 28.4 ഓവറിൽ 150ഉം കടന്നു. അർധസെഞ്ചുറി തികച്ച കോലിയെ   33ാം ഓവറിൽ മാർക് വുഡ് മൊയീൻ അലിയുടെ കൈകളിൽ എത്തിച്ചു.

kohli-dhawan-england

രണ്ടാം വിക്കറ്റിൽ ധവാനും കോലിയും ചേർന്ന് 105 റൺസ് നേടി. പിന്നീടെത്തിയ ശ്രേയസ് അയ്യരിന് കാര്യമായ സംഭാവന ചെയ്യാൻ സാധിച്ചില്ല. 35ാം ഓവറിൽ അയ്യരിനെ വുഡ് പുറത്താക്കി. 39ാം ഓവറിൽ ധവാനെയും, 41ാം ഓവറിൽ ഹാർദ്ദിക് പാണ്ഡ്യയെയും ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നീടായിരുന്നു രാഹുൽ–ക്രുണാൽ കൂട്ടുകെട്ട്. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

English Summary: Ind vs Eng, 1st ODI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com