ADVERTISEMENT

മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിൽ മഹേന്ദ്ര സിങ് ധോണിയും കൂട്ടരും വിജയഭേരി മുഴക്കിയിട്ട് ഇന്ന് 10 വർഷം പൂർത്തിയാകുന്നു. ഏകദിനക്രിക്കറ്റ് ലോകകപ്പിന്റെ 10–ാം പതിപ്പിൽ ഇന്ത്യ കിരീടം ചൂടിയിതിന്റെ മധുരസ്മരണകൾക്ക് ഇന്ന് ഒരു പതിറ്റാണ്ടിന്റെ തിളക്കം. സ്വന്തം നാട്ടിൽ നടന്ന ലോകകപ്പ് കലാശപ്പോരാട്ടത്തിൽ അയൽക്കാരായ ശ്രീലങ്കയെ തോൽപിച്ചാണ് ഇന്ത്യ 2011ലെ കിരീടം ചൂടിയത്. ഇന്ത്യൻ പ്രസിഡന്റ് പ്രതിഭാ പാട്ടീലും ശ്രീലങ്കൻ പ്രസിഡന്റ് മഹീന്ദ രജപക്ഷെയും ഒരുമിച്ചിരുന്നാണ് കലാശപ്പോരട്ടം കണ്ടത്. ആറു ലോകകപ്പ് ടൂർണമെന്റുകളിലെ സജീവ സാന്നിധ്യമായിരുന്ന‌, രണ്ടു പതിറ്റാണ്ടിലേറെ കാലം ക്രിക്കറ്റിൽ നിറഞ്ഞുനിന്ന ടീമംഗം സാക്ഷാൽ സച്ചിൻ തെൻഡുൽക്കറിന് ധോണിയും കൂട്ടരം നൽകിയ ഉചിതമായ സമ്മാനം കൂടിയായിരുന്നു ആ കിരീടം. 28 വർഷമുൻപ്, 1983ൽ കപിൽദേവും കൂട്ടരും ലോഡ്സ് എന്ന പുണ്യഭൂമിയിൽ പ്രൂഡൻഷ്യൽ ലോകകപ്പ് ഏറ്റുവാങ്ങിയട്ടുണ്ടെങ്കിലും സ്വന്തം മണ്ണിൽ കിരീടം ഉയർത്താനുള്ള ഭാഗ്യമാണ് ധോണിയും കൂട്ടരും ഇന്ത്യയ്ക്ക് സമ്മാനിച്ചത്.  

ക്രിക്കറ്റ് ലോകകപ്പിന്റെ 10–ാമത് പതിപ്പിന് ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ മൂന്ന് ഏഷ്യൻ രാജ്യങ്ങൾ സംയുക്‌തമായിട്ടാണ് വേദിയൊരുക്കിയത്. കൂടുതൽ മൽസരങ്ങളും ഇന്ത്യയിലാണ് നടന്നത്. ഫെബ്രുവരി 19 മുതൽ ഏപ്രിൽ 2 വരെയായിരുന്നു ടൂർണമെന്റ്. ആകെ 14 ടീമുകൾ. 49 മൽസരങ്ങൾ. ഐസിസിയുടെ ഫുൾ മെംബേഴ്‌സ് പദവിയുള്ള 10 രാജ്യങ്ങൾക്കൊപ്പം അസോഷ്യേറ്റ് പദവിയുള്ള നാലു ടീമുകളും ലോകകപ്പിന് യോഗ്യത നേടി. ദക്ഷിണാഫ്രിക്കയിൽ ഐസിസി നടത്തിയ യോഗ്യതാ ടൂർണമെന്റിൽനിന്നാണ് ഈ നാലു ടീമുകളും യോഗ്യത നേടിയത്. അയർലൻഡ്, കാനഡ, ഹോളണ്ട്, കെനിയ എന്നിവയാണ് യോഗ്യത നേടിയ അസോ‌ഷ്യേറ്റ് ടീമുകൾ. 

ഏഴു ടീമുകളെ വീതം രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പ്രാഥമിക റൗണ്ട് മൽസരങ്ങൾ. ഓരോ ഗ്രൂപ്പിലെയും ടീമുകൾ പരസ്‌പരം ഏറ്റുമുട്ടി. ഇരു ഗ്രൂപ്പുകളിൽനിന്നുമായി മുന്നിലെത്തുന്ന നാലു ടീമുകൾ വീതം ക്വാർട്ടറിലേക്ക് യോഗ്യത നേടി. തുടർന്ന് സെമിയും ഫൈനലും. പ്രാഥമിക റൗണ്ടിൽ ഇന്ത്യ ബംഗ്ലാദേശിനെയും അയർലൻഡിനെയും നെതർലൻഡ്സിനെയും വെസ്റ്റിൻഡീസിനെയും തോൽപ്പിച്ചപ്പോൾ ദക്ഷിണാഫ്രിക്കയോട് പരാജയം സമ്മതിച്ചു. ഇംഗ്ലണ്ടുമായുള്ള മൽസരം ടൈയിൽ കലാശിച്ചു.

നോക്കൗട്ട് റൗണ്ടിൽ ഇന്ത്യ കൂടുതൽ കരുത്ത് കാട്ടി. കിരീടത്തിന് ഏറ്റവും സാധ്യത കൽപിച്ചിരുന്ന ഓസ്ട്രേലിയയെ അഹമ്മദാബാദില്‍വച്ച് ക്വാർട്ടറിൽ  5 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മൊഹാലിയിൽ നടന്ന സെമിയിൽ ഇന്ത്യ നേരിട്ടത് പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ. മൊഹാലിയിൽ കളി കാണാനെത്തിയത് ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും പാക്ക് പ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനിയും. ഫൈനലിനുമുൻപെ നടന്ന ഫൈനലിൽ ഇന്ത്യ തന്നെ ജയിച്ചു. പാക്കിസ്ഥാനെ 29 റൺസിനു തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ കടന്നത്. കൊളംബോയിൽ നടന്ന ആദ്യ സെമിയിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ശ്രീലങ്കയും ഫൈനൽ ബർത്ത് ഉറപ്പിച്ചു

∙ ആവേശ ഫൈനൽ

2011 ഏപ്രിൽ 2. മുംബൈ വാങ്കഡെ സ്റ്റേഡിയം. ടൂർണമെന്റിന് സംയുക്ത വേദിയൊരുക്കിയ ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ. കളി കാണാനെത്തിയത് 40,000 കാണികൾ. ഒപ്പം പ്രമുഖരുടെ നീണ്ട നിരയും.

അനിശ്ചിതത്തോടെ ടോസ്. ഒരു കളിയിൽ രണ്ടുവട്ടം ടോസ് ചെയ്യുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യം. എന്നാൽ 2011 ലോകകപ്പിലെ ഫൈനലിൽ അതും സംഭവിച്ചു. മൽസരത്തിനു മുന്നോടിയായി ഇന്ത്യൻ ക്യാപ്‌റ്റൻ മഹേന്ദ്രസിങ് ധോണി നാണയം ടോസ് ചെയ്‌തെങ്കിലും ശ്രീലങ്കൻ നായകൻ കുമാർ സംഗക്കാര വിളിച്ചത് ഹെഡ് ആണോ ടെയ്‌ൽ ആണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായി. സങ്കീർണമായേക്കാമായിരുന്ന ഈ പ്രതിസന്ധി പക്ഷേ, മാച്ച് റഫറി ജെഫ് ക്രോ ഇരു ക്യാപ്‌റ്റൻമാരുമായും നടത്തിയ ചർച്ചയിൽ പരിഹരിച്ചു. വീണ്ടും ടോസ് ചെയ്‌തപ്പോൾ സംഗക്കാരയ്‌ക്ക് അനുകൂലം. ആദ്യ ബാറ്റിങ്ങുകാരെ തുണച്ചേക്കുമെന്നു കരുതപ്പെട്ട പിച്ചിൽ, ഒട്ടും മടിക്കാതെ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്‌തു.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് ആതിഥേയർ തുടക്കത്തിൽത്തന്നെ ഭീഷണി ഉയർത്തി. പവർപ്ലേയുടെ 15 ഓവറുകൾ പൂർത്തിയാക്കിയപ്പോൾ ലങ്കൻ സ്കോർ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 58 റൺസ് മാത്രം. ജയവർധനെയുടെ സെഞ്ചുറിയുടെ (103 നോട്ടൗട്ട്) ബലത്തിൽ ലങ്ക നേടിയത് ആറിന് 274 റൺസ്. നായകനും വിക്കറ്റ് കീപ്പറുമായ കുമാർ സംഗാക്കാര  48 റൺസ് സംഭാവന ചെയ്തു. ദിൽഷൻ (33), സമരവീര (21), കുലശേഖര (32), പെരേര (22 നോട്ടൗട്ട്) എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായുമില്ല. സഹീർ ഖാനും യുവ്‌രാജ് സിങ്ങും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. ഹർഭജൻ സിങ് ഒരു വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽത്തന്നെ പ്രഹരമേറ്റു. രണ്ടു പന്തുമാത്രം നേരിട്ട വീരേന്ദർ സേവാഗ് ലസിത് മലിംഗയുടെ മുന്നിൽ മുട്ടുമടക്കി. അക്കൗണ്ട് തുറക്കും മുൻപേയായിരുന്നു സേവാഗിന്റെ മടക്കം. അപ്പോൾ ഇന്ത്യൻ സ്കോർ ഒരു റൺ മാത്രം. തൊട്ടുപിന്നാലെ സച്ചിനും മടങ്ങി (18). മലിംഗയ്ക്കു തന്നെയായിരുന്നു സച്ചിന്റെയും വിക്കറ്റ്. ഗൗതം ഗംഭീറും കോലിയും ചേർന്ന് നിലയുറപ്പിച്ചതോടെ ഇന്ത്യ പോരുതാനുള്ള നിലയിലെത്തി. ഗംഭീറിനൊപ്പം 83 റൺസിന്റെ കൂട്ടുകെട്ടു ഉയർത്തിയ കോലി (35) പുറത്തായതു ദിൽഷന്റെ മാജിക് ക്യാച്ചിലൂടെയാണ്. കോലി  പുറത്തായപ്പോൾ യുവ്‌രാജിനെയും സുരേഷ് റെയ്നയെയും മറികടന്ന് നായകൻ ധോണി തന്നെ സ്വയം സ്‌ഥാനക്കയറ്റം നൽകി ബാറ്റിങ്ങിനിറങ്ങുകയും ചെയ്‌തു. ആ തീരുമാനം മോശമായില്ല.

എന്നാൽ സെഞ്ചുറിക്ക് മൂന്നു റൺസ് അകലെ അനാവശ്യ ഷോട്ടിനു ശ്രമിച്ച് ഗംഭീർ പുറത്തായപ്പോൾ സ്‌റ്റേഡിയം നിശബ്‌ദമായി. പക്ഷേ അപ്പോഴേക്കും ധോണി വൻമതിൽ തീർത്തിരുന്നു. യുവ്‌രാജ് സിങ് എത്തിയതോടെ ഇന്ത്യ കിരീടം ഉറപ്പിച്ചു. ഗ്രൂപ്പ് മൽസരങ്ങളിലും ക്വാർട്ടർ ഫൈനലിലും നിറംമങ്ങിയ പ്രകടനമായിരുന്നു ധോണി എന്ന നായകന്റേത്. എന്നാൽ ഫൈനലിൽ ഇരട്ടി പോരാട്ടവീര്യത്തോടെ ധോണി മറ്റൊരു അവതാരമായി. വിന്നിങ് ഷോട്ട് ഗാലറിയിലേക്കു പറത്തിയത് 121 കോടി ഹൃദയങ്ങളിലേക്കായിരുന്നു. ടോസ് നഷ്ടപ്പെട്ട് രണ്ടാമതു ബാറ്റുചെയ്യേണ്ടി വന്നിട്ടും ലങ്കയുടെ മികച്ച സ്‌കോർ മുന്നിലുണ്ടായിട്ടും മിന്നുന്ന പ്രകടനത്തോടെയായിരുന്നു ഇന്ത്യയുടെ കിരീടധാരണം.

സ്‌കോർ: ശ്രീലങ്ക- ആറിന് 274, ഇന്ത്യ 48.2 ഓവറിൽ നാലിന് 277.

ഗൗതം ഗംഭീർ– ധോണി സഖ്യം നേടിയ 109 റൺസിന്റെ ഉജ്വലകൂട്ടുകെട്ടാണ് ഇന്ത്യയെ കിരീടത്തിലേക്ക് ഉയർത്തിയത്. 79 പന്തുകൾ നേരിട്ട ധോണി രണ്ടു സിക്‌സും എട്ടു ഫോറും ഉൾപ്പെടെ 91 റൺസാണു നേടിയത്. നായകൻ തന്നെ മാൻ ഓഫ് ദ് മാച്ച് പട്ടം സ്വന്തമാക്കി. ടൂർണമെന്റിലുടനീളം മികച്ച പോരാട്ടം കാഴ്ചവച്ച യുവ്‌രാജ് സിങ് മാൻ ഓഫ് ദി സീരീസ് ബഹുമതി നേടി.

സച്ചിൻ പക്ഷേ ആ വിജയനിമിഷം  നേരിൽ കണ്ടില്ല! ഇന്ത്യ വിജയം ഉറപ്പാക്കിയ നിമിഷംതന്നെ അദ്ദേഹം ഡ്രസിങ് റൂമിലേക്ക് മടങ്ങിയിരുന്നു. ലോകകിരീടമെന്ന കാത്തിരിപ്പിലേക്ക് ടീം കുതിക്കുന്നത് മാസ്റ്റർ ബ്ലാസ്റ്റർക്ക് കണ്ടുനിൽക്കാനായില്ല. ഡ്രസിങ് റൂമിൽ കൈകൾ കൂട്ടിപ്പിടിച്ച് കണ്ണടച്ച് തനിയെ പ്രാർഥനയിൽ മുഴുകിയിരിക്കുകയായിരുന്നു സച്ചിൻ അപ്പോൾ. വാങ്കഡെ സ്‌റ്റേഡയത്തിൽ ഉയർന്ന വിജയാഹ്ലാദത്തിൽനിന്നാണ് ഇന്ത്യൻ വിജയം സച്ചിൻ മനസിലാക്കിയത്. മറ്റൊരു ഗ്രഹത്തിലെത്തിയ പ്രതീതിയായിരുന്നു തനിക്കെന്ന് സച്ചിൻ പിന്നീട് 

കേരളത്തിന്റെ സ്വന്തം ശ്രീശാന്തും ഫൈനലിനിറങ്ങിയ ടീമിൽ ഇടം നേടി. ലോകകപ്പ് ഫൈനലിൽ കളിച്ച ആദ്യ മലയാളി എന്ന പെരുമയും ഇതോടെ ശ്രീശാന്ത് സ്വന്തമാക്കി. 2011 ലോകകപ്പ് നേടുമ്പോൾ ദക്ഷിണാഫ്രിക്കക്കാരൻ ഗാരി കിർസ്റ്റനായിരുന്നു ഇന്ത്യയുടെ മുഖ്യപരിശീലകൻ. 

2011ലെ വ്യക്തിഗത പ്രകടനങ്ങൾ ഇങ്ങന സംഗ്രഹിക്കാം:

ഏറ്റവും കൂടുതൽ റൺസ് – 500 റൺസ്, തിലകരത്‌നെ ദിൽഷൻ (ശ്രീലങ്ക)

ഏറ്റവും കൂടുതൽ വിക്കറ്റുകൾ – 21 വിക്കറ്റുകൾ, ഷാഹിദ് അഫ്രിദി (പാക്കിസ്‌ഥാൻ) 

    – 21 വിക്കറ്റുകൾ, സഹീർ ഖാൻ (ഇന്ത്യ) 

ഉയർന്ന വ്യക്‌തിഗത സ്‌കോർ –175, വീരേന്ദർ സേവാഗ്, ബംഗ്ലാദേശിനെതിരെ

മാൻ ഓഫ് ദ് സീരീസ്– യുവരാജ് സിങ് (ഇന്ത്യ)

∙ താരങ്ങൾക്ക് സമ്മാനപ്പെരുമഴ

2011ലെ ലോകകപ്പ് വിജയത്തിനു പിന്നാലെ ഇന്ത്യൻ ടീമിനെ തേടിയെത്തിയത് സമ്മാനപ്പെരുമഴ. ടീമിനുള്ള 30 ലക്ഷം ഡോളറിന്റെ സമ്മാനത്തുകയ്‌ക്കു പുറമേ ബിസിസിഐ ഓരോ കളിക്കാരനും നൽകിയത് രണ്ടു കോടി രൂപ വീതം. കോച്ച് ഉൾപ്പെടെയുള്ള സപ്പോർട്ട് സ്‌റ്റാഫിന് അരക്കോടി രൂപ വീതവും ടീം സിലക്‌ടർമാർക്ക് 25 ലക്ഷം രൂപ വീതവും സമ്മാനമായി കിട്ടി. 

ഡൽഹി സർക്കാരിന്റെ വകയായി ക്യാപ്‌റ്റൻ എം.എസ്. ധോണിക്ക് രണ്ടു കോടി രൂപയും ഡൽഹി നിവാസികളായ വീരേന്ദർ സേവാഗ്, ഗൗതം ഗംഭീർ, വിരാട് കോലി, ആശിഷ് നെഹ്‌റ എന്നിവർക്ക് ഒരു കോടി രൂപ വീതവും വേറെ. റയിൽവേയുടെ വകയായി കളിക്കാർക്ക് ആജീവനാന്ത ഫസ്‌റ്റ് എസി പാസുകൾ നൽകി മന്ത്രി മമതാ ബാനർജി അനുമോദിച്ചു. ഗുജറാത്ത് സർക്കാരിന്റെ ഏറ്റവും വലിയ കായികപുരസ്‌കാരമായ ഏകലവ്യ പുരസ്‌കാരം (ഒരു ലക്ഷം രൂപ) മുനാഫ് പട്ടേൽ, യൂസഫ് പഠാൻ എന്നിവർക്കു ലഭിച്ചു. 

സച്ചിനും സഹീറിനും മഹാരാഷ്‌ട്ര സർക്കാർ ഒരോ കോടി രൂപ നൽകിയപ്പോൾ പഞ്ചാബ് സർക്കാർ ഹർഭജൻ സിങ്ങിനും യുവ്‌രാജ് സിങ്ങിനും കൊടുത്തു ഓരോ കോടി രൂപ. ഹരിയാന സർക്കാർ സേവാഗിനും നെഹ്‌റയ്‌ക്കും മികച്ച കായികതാരങ്ങൾക്കുള്ള അവാർഡ് നൽകി ആദരിച്ചു. സുരേഷ് റെയ്‌നയ്‌ക്കും പിയൂഷ് ചൗളയ്‌ക്കും യുപി സർക്കാരിന്റെ കാൻഷിറാം രാജ്യാന്തര സ്‌പോർട്‌സ് അവാർഡ് പ്രഖ്യാപിച്ചു. ടൂർണമെന്റിലെ മാൻ ഓഫ് ദ് സീരീസായി പ്രഖ്യാപിക്കപ്പെട്ട യുവ്‌രാജ് സിങ്ങിന് ജർമൻ കാർ നിർമാതാക്കളായ ഓഡി അവരുടെ പ്രശസ്‌ത മോഡലായ ക്യു 5 സമ്മാനിച്ചു.

English Summary: 10 years of India's 2011 World Cup triumph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com