ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിനു മുന്നോടിയായി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായി പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ, വിവിധ ഐപിഎൽ ടീമുകളുടെ ക്യാപ്റ്റൻമാർ കൂടിയായ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ, മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി തുടങ്ങിയവർ അഭിനന്ദന സന്ദേശമയച്ചതായി വെളിപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. ഓസീസ് താരം സ്റ്റീവ് സ്മിത്തിനു കീഴിൽ കഴിഞ്ഞ സീസണിൽ ലീഗ് ഘട്ടത്തിൽ അവസാന സ്ഥാനത്തായിപ്പോയതോടെയാണ് ഈ സീസണിൽ സഞ്ജുവിനെ രാജസ്ഥാൻ മാനേജ്മെന്റ് ക്യാപ്റ്റൻ സ്ഥാനം ഏൽപ്പിച്ചത്.

‘രാജസ്ഥാൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ വിരാട് ഭായ്, രോഹിത് ഭായ്, മഹി ഭായ് തുടങ്ങിയവർ എനിക്ക് അഭിനന്ദന സന്ദേശം അയച്ചിരുന്നു. എനിക്കിതൊന്നും ആദ്യം വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല’ – സഞ്ജു പറഞ്ഞു.

ശ്രീലങ്കയുടെ ഇതിഹാസ താരം കൂടിയായ കുമാർ സംഗക്കാരയാണ് ഈ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലകൻ. അദ്ദേഹത്തോടൊപ്പം ചേർന്നു പ്രവർത്തിക്കാൻ കാത്തിരിക്കുകയാണെന്നും സഞ്ജു വ്യക്തമാക്കി.

‘സംഗ ഇതിഹാസ താരമാണ്. അത് ക്രിക്കറ്റിന് അദ്ദേഹം നൽകിയ സംഭാവനകൾ കൊണ്ട് മാത്രമല്ല. ഇടപെടാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ എന്നിൽനിന്നും ഒട്ടേറെ സമ്മർദ്ദമകറ്റുന്നുണ്ട്’ – സഞ്ജു പറഞ്ഞു.

‘ആദ്യമായി സംസാരിച്ച അവസരത്തിൽ തന്നെ അദ്ദേഹത്തിന്റെ സാന്നിധ്യം ഒരു അനുഗ്രഹമാണെന്ന് എനിക്ക് തോന്നിയിരുന്നു. ഞാൻ എവിടെനിന്നാണ് വരുന്നതെന്നൊക്കെ അദ്ദേഹത്തിന് കൃത്യമായി അറിയാം. രാജ്യത്തിനു വേണ്ടി കളിക്കുമ്പോഴും ഇത്ര ചെറിയ പ്രായത്തിൽ ഒരു ഐപിഎൽ ടീമിനെ നയിക്കുമ്പോഴും എന്റെ മനസ്സിലെന്താണെന്ന് അദ്ദേഹം മനസ്സിലാക്കുന്നുണ്ട്. അദ്ദേഹത്തെ ഈ റോളിൽ ഒപ്പം കിട്ടിയതിനേക്കാൾ വലിയ അനുഗ്രഹമില്ല’ – സഞ്ജു പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ സീസണിൽ മാത്രം കിരീടം ചൂടിയ രാജസ്ഥാൻ റോയൽസ്, ഇത്തവണ മലയാളി താരം സഞ്ജു സാംസണിനു കീഴിൽ മറ്റൊരു കിരീടനേട്ടമാണ് ഉന്നമിടുന്നത്. ഇത്തവണ പഞ്ചാബ് കിങ്സിനെതിരെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഏപ്രിൽ 12നാണ് രാജസ്ഥാന്റെ ആദ്യ മത്സരം.

English Summary: Sanju Samson on becoming RR captain in IPL 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com