ADVERTISEMENT

ന്യൂഡൽഹി∙ എല്ലാവരെയും ഒപ്പം കൊണ്ടുപോകാനാണു ക്യാപ്റ്റനെന്ന നിലയിൽ ആഗ്രഹിക്കുന്നതെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. നമ്മൾ അതു ചെയ്യണം, അതാണ് ആവശ്യമെന്ന് മാറിനിന്നു പറയുന്ന ക്യാപ്റ്റനല്ല ഞാൻ. ആൾ‌ക്കാരെ നന്നായി മനസ്സിലാക്കാൻ എനിക്കു സാധിക്കും. ഓരോ ആൾക്കാരും വ്യത്യസ്ത ചിന്താഗതിയുള്ളവരായിരിക്കാം. എന്നാൽ അവരെല്ലാം എന്റെ കൂടെയുണ്ടാകണം. ഒപ്പം നിന്ന് ആത്മവിശ്വാസം നൽകുകയാണു താരങ്ങൾക്കു വേണ്ടതെന്നും ഒരു സ്പോർട്സ് മാധ്യമത്തോട് സഞ്ജു സാംസൺ പറഞ്ഞു.

ഞാൻ 17–18 വയസ്സ് പ്രായമുള്ളപ്പോഴാണ് രാജസ്ഥാൻ റോയൽസിലെത്തുന്നത്. അന്ന് ടീമിനൊപ്പമുണ്ടായിരുന്ന രാഹുൽ ദ്രാവിഡ്, ഷെയ്ൻ വാട്സൻ, സ്റ്റീവ് സ്മിത്ത്, അജിൻക്യ രഹാനെ, പാഡി അപ്ടൻ, സുബിന്‍ ബറൂച്ച, മനോജ് ബദാലെ തുടങ്ങി രാജസ്ഥാൻ സംഘത്തിലുണ്ടായിരുന്ന എല്ലാവരും മികച്ച നായകൻമാരാണ്. ഇവരുടെയെല്ലാം മികവ് ഞാൻ ശ്രദ്ധയോടെ വീക്ഷിച്ചിട്ടുള്ളതാണ്. നേതൃമികവിനെക്കുറിച്ചൊക്കെ ഞാൻ പഠിച്ചതു രാജസ്ഥാൻ റോയൽസിൽനിന്നാണ്. ഇനി അതെല്ലാം ടീമിനു കാണിച്ചുകൊടുക്കാനുള്ള സമയമാണ്.

ഐപിഎല്ലിൽ നമ്മൾ 25 താരങ്ങളെയാണു കൈകാര്യം ചെയ്യേണ്ടത്. 25 പേരിൽ 11–15 താരങ്ങൾക്ക് ഏകദേശം എല്ലാ മത്സരങ്ങളിലും അവസരം ലഭിക്കും. ബാക്കി പത്തുപേർക്കു കളിക്കാൻ സാധിക്കില്ല. ഈ പത്ത് താരങ്ങൾക്ക് ടീം മാനേജ്മെന്റ് പ്രാധാന്യം നല്‍കണമെന്നാണ് ക്യാപ്റ്റനെന്ന നിലയിൽ ഞാൻ ആഗ്രഹിക്കുന്നത്. ക്രിക്കറ്റിൽ നിലവിലുള്ള ഏറ്റവും മികച്ച വിദേശ താരങ്ങളാണ് രാജസ്ഥാന്‍ റോയൽ‌സിനൊപ്പമുള്ളത്. എനിക്ക് അവരെയും അവർക്ക് എന്നെയും അറിയാം.

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി ടീം അംഗങ്ങളുടെ ഫിറ്റ്നസിൽ വലിയ മാറ്റങ്ങളാണു വരുത്തിയത്. ഇതാണു ഞാൻ വിരാട് ഭായിയിൽനിന്നു പഠിച്ചത്. ഇതു തന്നെയാണു ഞാൻ രാജസ്ഥാൻ റോയൽസിലും നടപ്പാക്കുകയെന്നു അദ്ദേഹത്തോടു പറഞ്ഞിട്ടുണ്ട്. ടീമിലെ ഇന്ത്യൻ താരങ്ങളുടെ ഫിറ്റ്നസ് ഉയർത്തുന്നതിൽ ഉത്തരവാദിത്തം എനിക്കാണ്. ടീം മാനേജ്മെന്റുമായും ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും സഞ്ജു സാംസൺ പറഞ്ഞു.

English Summary: Sanju V Samson interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com