ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിൽ ഇന്നലെ നടന്ന ചെന്നൈ സൂപ്പർ കിങ്സ് – ഡൽഹി ക്യാപിറ്റൽസ് പോരാട്ടത്തിനിടെ ശ്രദ്ധ കവർന്ന് സഹോദരൻമാരുടെ നേർക്കുനേർ പോരാട്ടം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിലാണ് ഇംഗ്ലണ്ടിൽനിന്നുള്ള സഹോദരൻമാരായ ടോം കറനും സാം കറനും നേർക്കുനേരെത്തിയത്. മത്സരത്തിൽ ജയിച്ചത് ടോം കറന്റെ ഡൽഹിയാണെങ്കിലും, മത്സരത്തിനിടെ ടോം കറനെ തിരഞ്ഞുപിടിച്ച് പ്രഹരിച്ച ചെന്നൈ താരം സാം കറന്റെ ഇന്നിങ്സ് ഒട്ടേറെ രസകരമായ ട്രോളുകൾക്ക് വഴിതുറന്നു.

മഹേന്ദ്രസിങ് ധോണി നയിച്ച ചെന്നൈയും അദ്ദേഹത്തിന്റെ പിൻഗാമിയായി വിശേഷിപ്പിക്കപ്പെടുന്ന ഋഷഭ് പന്ത് നയിച്ച ഡൽഹിയും തമ്മിലുള്ള പോരാട്ടമായും ശ്രദ്ധ നേടിയ മത്സരത്തിൽ, ഡൽഹി ഏഴു വിക്കറ്റിന് വിജയിച്ചിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 188 റൺസാണ് നേടിയത്. ഓപ്പണർമാരായ ശിഖർ ധവാൻ (54 പന്തിൽ 85), പൃഥ്വി ഷാ (38 പന്തിൽ 72) എന്നിവരുടെ മികവിൽ ഡൽഹി അനായാസം വിജയം നേടുകയും ചെയ്തു.

മത്സരത്തിൽ ചെന്നൈ ബാറ്റു ചെയ്യുന്നതിനിടെയാണ് ‘ചേട്ടൻ കറനെ’ നേരിടാൻ ‘അനിയൻ കറന്’ അവസരം കിട്ടിയത്. ‍17–ാം ഓവറിലാണ് ഇരുവരും ആദ്യം നേർക്കുനേരെത്തിയത്. ആദ്യ രണ്ടു പന്തുകളിൽനിന്ന് സാം കറൻ നേടിയത് ഒരു റൺ. എന്നാൽ, ഓവറിലെ അവസാന പന്ത് ബൗണ്ടറി കടത്തി സാം വരാനിരിക്കുന്ന വിപത്തിന്റെ സൂചന നൽകി. 

പിന്നീട് ഡൽഹിക്കായി 19–ാം ഓവർ എറിയാനായി ടോം എത്തുമ്പോൾ ക്രീസിൽ ജഡേജയും സാം കറനും. നേരിട്ട ആദ്യ പന്തിൽ ജഡേജ വക ഫോർ. രണ്ടാം പന്തിൽ സിംഗിൾ. ഇതോടെ സഹോദരൻമാർ നേർക്കുനേർ. എന്നാൽ, യാതൊരു മുൻപരിചയവും കാണിക്കാത്ത പ്രകടനമായിരുന്നു സാം കറന്റേത്. സാമിനെതിരെ വൈഡെറിഞ്ഞാണ് ടോം തുടങ്ങിയത്. തൊട്ടടുത്ത രണ്ടു പന്തും ആകാശം മുട്ടെ ഗാലറിയിലെത്തി. മൂന്നാം പന്തിൽ ഫോർ. അവസാന പന്തിലെ സിംഗിൾ കൂടി ചേർന്നതോടെ ടോം കറൻ ആ ഓവറിൽ വഴങ്ങിയത് 23 റൺസ്!

ഇതോടെയാണ് സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ സജീവമായത്. ‘ഇത്തവണ സാം കറന് ചേട്ടന്‍ ടോം കറന്റെ വക ക്രിസ്മസ് സമ്മാനമില്ല’, ‘ചെറിയ പ്രായത്തിൽത്തന്നെ ടോം കറൻ അനിയന്റെ കാൽവിരൽ എറിഞ്ഞിടേണ്ടതായിരുന്നു’ എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഇന്ത്യയുടെ മുൻതാരം കൂടിയായ സാക്ഷാൽ വീരേന്ദർ സേവാഗും ഇതിനിടെ ട്രോളുമായി രംഗത്തെത്തി.

English Summary: Sam Curran gets the better of elder brother Tom at Wankhede

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com