ADVERTISEMENT

മുംബൈ∙ പഞ്ചാബ് കിങ്സിനെതിരായ ഐപിഎൽ പോരാട്ടത്തിൽ അവസാന ഓവറിൽ സഹതാരം ക്രിസ് മോറിസിന് സിംഗിൾ നിഷേധിച്ച സഞ്ജു സാംസണിന്റെ തീരുമാനത്തെ പിന്തുണച്ച് മുൻ താരങ്ങൾ രംഗത്ത്. രാജസ്ഥാൻ റോയൽസിന്റെ ക്രിക്കറ്റ് ഡയറക്ടർ കൂടിയായ മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാര, ന്യൂസീലൻഡ് താരം ജിമ്മി നീഷം, മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ, ഇന്ത്യയുടെ മുൻ വനിതാ താരം സ്നേഹൽ പ്രധാൻ തുടങ്ങിയവരാണ് സഞ്ജു സിംഗിൾ നിഷേധിച്ചതിനെ പിന്തുണച്ചത്. ആ ഘട്ടത്തിൽ അവസാന പന്തിൽ ഫോറോ സിംഗിളോ നേടാനുള്ള സാധ്യത കൂടുതൽ മോറിസിനേക്കാൾ സഞ്ജുവിനായിരുന്നുവെന്ന് ഇവർ ഒന്നടങ്കം ചൂണ്ടിക്കാട്ടി.

‘മത്സരം ഫിനിഷ് ചെയ്യുന്ന ജോലി സഞ്ജു ഏറ്റെടുക്കുകയാണ് ചെയ്തത്. അതിൽ അദ്ദേഹം ഏറെക്കുറെ വിജയിച്ചതുമാണ്. അവസാന പന്ത് ഏതാനും വാരകളുടെ വ്യത്യാസത്തിലാണ് സിക്സറാകാതെ പോയതെന്ന വസ്തുത കാണാതെ പോകരുത്. നിങ്ങൾ മികച്ച ഫോമിൽ ബാറ്റു ചെയ്യുകയും പന്തിനെ അനായാസം പ്രഹരിക്കുകയും ചെയ്യുമ്പോൾ, ഇത്തരം ഘട്ടങ്ങളിൽ മത്സരം ഫിനിഷ് ചെയ്യാനും സാധിക്കുമെന്ന് തോന്നുന്നത് സ്വാഭാവികം. ആ ഉത്തരവാദിത്തം ഏറ്റെടുത്ത സഞ്ജുവിനെ അഭിനന്ദിക്കുകയാണ് വേണ്ടത്’ – മത്സരശേഷം സംസാരിക്കവെ സംഗക്കാര പറഞ്ഞു.

‘പുതിയ ബാറ്റ്സ്മാനായി ക്രീസിലെത്തിയ ക്രിസ് മോറിസ് ഫോറടിക്കുന്നതിനേക്കാൾ ആ സാഹചര്യത്തിൽ സാധ്യത കൂടുതൽ മികച്ച ഫോമിലായിരുന്ന സഞ്ജു സാംസൺ സിക്സടിക്കാനായിരുന്നു. അഞ്ചാം പന്തിൽ സിംഗിൾ നേടാതെ അവസാന പന്തിൽ സ്ട്രൈക്ക് എടുക്കാനുള്ള സഞ്ജുവിന്റെ തീരുമാനം ശരിയായിരുന്നുവെന്ന് ഞാൻ കരുതുന്നു’ – മഞ്ജരേക്കർ ട്വിറ്ററിൽ കുറിച്ചു.

‘ആ സിംഗിൾ സഞ്ജു വേണ്ടെന്നുവച്ചതിൽ യാതൊരു കുറ്റവും കാണുന്നില്ല. അവസാന പന്തിൽ കുറഞ്ഞപക്ഷം ഒരു ഫോറെങ്കിലും നേടാൻ തീർച്ചയായും സഞ്ജുവിന് കഴിയുമായിരുന്നു’ – സ്നേഹൽ പ്രധാൻ ചൂണ്ടിക്കാട്ടി.

16.25 കോടി രൂപയുടെ റെക്കോർഡ് തുകയ്ക്ക് താരലേലത്തിൽ സ്വന്തമാക്കിയ ഒരു താരത്തെ, അതും ഫിനിഷർ എന്ന നിലയിൽ മികവു തെളിയിച്ച ഒരു താരത്തെ വിശ്വാസത്തിലെടുക്കാതെ സിംഗിൾ നിഷധിച്ചത് ശരിയായില്ലെന്ന ഒരു ആരാധകന്റെ കമന്റിനോട് പ്രതികരിക്കുമ്പോഴാണ് ന്യൂസീലൻഡ് താരം ജിമ്മി നീഷം സഞ്ജുവിനെ പിന്തുണച്ചത്.

‘ഒരു പ്രശ്നവുമില്ല. സഞ്ജു ഒരു സിക്സടിക്കുന്നതാണോ അതോ മോറിസ് അവസാന പന്തിൽ സിക്സോ ഫോറോ അടിക്കുന്നതാണോ കൂടുതൽ എളുപ്പം എന്ന നിങ്ങളുടെ ചിന്തയെ ആശ്രയിച്ചിരിക്കും ഇതിലെ ശരിയും തെറ്റും. സഞ്ജുവിന്റെ ആ സമയത്തെ പ്രഹരശേഷി കണ്ടവർക്കറിയാം എന്തുകൊണ്ട് അദ്ദേഹം സിംഗിൾ നിഷേധിച്ചുവെന്ന്. എന്തായാലും അത് പൂർണമായും തെറ്റാണെന്ന് പറയാനാകില്ല’ – നീഷം കുറിച്ചു.

ഇതിനിടെ, സഞ്ജുവിന്റെ തകർപ്പൻ സെഞ്ചുറി പ്രകടനത്തെ വാനോളം പുകഴ്ത്തിയും ഒട്ടേറെ താരങ്ങൾ രംഗത്തെത്തി. മുൻ താരം വീരേന്ദർ സേവാഗ്, ഇംഗ്ലണ്ടിന്റെ മുൻ താരം മൈക്കൽ വോൺ, ജസ്പ്രീത് ബുമ്ര, യുവരാജ് സിങ്, വി.വി.എസ്. ലക്ഷ്മൺ, കമന്റേറ്റർ ഹർഷ ഭോഗ്‍ലെ തുടങ്ങിയവരാണ് സഞ്ജുവിന്റെ സെഞ്ചുറി പ്രകടനത്തിന് കയ്യടിച്ച് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.

English Summary: Former cricketers react after Sanju Samson denies single off penultimate ball

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com