ADVERTISEMENT

ന്യൂഡൽഹി∙ വിജയമുറപ്പിച്ച മത്സരം അസാധാരണമായ രീതിയിൽ കൈവിട്ട കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. ജയിച്ച മത്സരം എങ്ങനെയാണ് തോൽക്കുന്നതെന്നതിന്റെ ഉദാഹരണമാണ് മുംബൈ ഇന്ത്യൻസിനെതിരായ കൊൽക്കത്തയുടെ പ്രകടനമെന്ന് സേവാഗ് പരിഹസിച്ചു. അവസാന ഓവറുകളിൽ വിജയം പടിവാതിൽക്കലുണ്ടായിട്ടും അതിനായി ശ്രമിക്കാതിരുന്ന ആന്ദ്രെ റസ്സൽ, ദിനേഷ് കാർത്തിക്ക് എന്നിവരെയും സേവാഗ് വിമർശിച്ചു. ‘നാണംകെട്ട’ തോൽവിയെന്നാണ് കൊൽക്കത്തയുടെ പരാജയത്തെ സേവാഗ് വിശേഷിപ്പിച്ചത്.

ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ മുംബൈ ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് ഓപ്പണർമാർ മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഒന്നാം വിക്കറ്റിൽ 8.4 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 72 റൺസെന്ന നിലയിലായിരുന്നു കൊൽക്കത്ത. എന്നാൽ, അവിടുന്നങ്ങോട്ട് തകർന്നടിഞ്ഞ് അവർ അവിശ്വസനീയമായി തോൽക്കുകയായിരുന്നു. അവസാന അഞ്ച് ഓവറിൽ ആറു വിക്കറ്റ് കയ്യിലിരിക്കെ അവർക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 31 റൺസ് മാത്രമായിരുന്നു.

‘ഐപിഎലിൽ 14–ാം സീസണിലെ ആദ്യ മത്സരത്തിനുശേഷം തികച്ചും പോസിറ്റീവായിട്ടാണ് ഇത്തവണ കൊൽക്കത്ത കളിക്കുകയെന്ന് ക്യാപ്റ്റൻ ഒയിൻ മോർഗൻ പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ആ പ്രഖ്യാപനത്തിലുള്ളതൊന്നും മുംബൈയ്‌ക്കെതിരെ ആന്ദ്രെ റസ്സലും ദിനേഷ് കാർത്തിക്കും ബാറ്റ് ചെയ്യാനെത്തിയപ്പോൾ കണ്ടില്ല. റസ്സലിന്റെയും കാർത്തിക്കിന്റെയും ബാറ്റിങ് കണ്ടപ്പോൾ അവസാന ഓവർ മത്സരം നീട്ടി ജയിക്കാനാണ് പദ്ധതിയെന്ന് തോന്നി. പക്ഷേ, അതൊട്ടു സംഭവിച്ചുമില്ല. അവർക്കു മുൻപ് ബാറ്റു ചെയ്യാൻ വന്ന ഷാക്കിബ് അൽ ഹസനും ഒയിൻ മോർഗനും ശുഭ്മാൻ ഗില്ലും നിതീഷ് റാണയുമെല്ലാം തികച്ചും പോസിറ്റീവായിട്ടാണ് കളിച്ചത്’ – സേവാഗ് പറഞ്ഞു.

‘റാണ–ഗിൽ സഖ്യത്തിൽ ഒരാൾ അവസാനം വരെ ക്രീസിൽ തുടരേണ്ടതായിരുന്നു. മുംബൈ ഇന്നിങ്സിൽ എന്താണ് സംഭവിച്ചതെന്ന് അവർ കണ്ടതാണ്. മികച്ച തുടക്കം കിട്ടിയിട്ടും മുംബൈ 152 റണ്‍സിൽ ഒതുങ്ങി’ – സേവാഗ് ചൂണ്ടിക്കാട്ടി.

‘ഒരു ഘട്ടത്തിൽ വിജയമുറപ്പിച്ച മത്സരമാണ് കൊൽക്കത്ത തോറ്റിരിക്കുന്നത്. റസ്സൽ ക്രീസിലെത്തുമ്പോൾ 27 ബോളിൽനിന്നോ മറ്റോ കൊൽക്കത്തയ്ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 30 റൺസ് മാത്രമാണ്. ദിനേഷ് കാർത്തിക് അവസാനം വരെ ക്രീസിൽ നിന്നെങ്കിലും അവരെ ജയിപ്പിക്കാനുമായില്ല. ഇത് എല്ലാംകൊണ്ടും ഒരു നാണംകെട്ട തോൽവിയായിപ്പോയി’ – സേവാഗ് പറഞ്ഞു.

‘കൊൽക്കത്ത ഇന്നിങ്സിൽ ഏറ്റവും ഒടുവിൽ അല്ലാതെ ഒരിക്കലും പന്തും വിജയത്തിലേക്ക് വേണ്ട റൺസും തമ്മിലുള്ള അന്തരം വലുതായിരുന്നില്ല. 153 റൺസ് വിജയലക്ഷ്യം പിന്തുടരുമ്പോൾ ആറോ ഏഴോ വിക്കറ്റ് കയ്യിലിരിക്കെ അവസാന ആറ് ഓവറിൽ വിജയത്തിലേക്ക് 36 റൺസ് മതിയെന്ന നിലയിലായിരുന്നുവെന്ന് ഓർക്കണം. ഇത്തരം ഘട്ടങ്ങളിൽ റൺറേറ്റ് ഉയർത്താൻ എല്ലാ ടീമുകളും മത്സരം വേഗം അവസാനിപ്പിക്കാനാണ് ശ്രമിക്കുക. പക്ഷേ, ഇക്കാര്യത്തിൽ കൊൽക്കത്ത ദയനീയമായി പരാജയപ്പെട്ടു. മാത്രമല്ല, റണ്‍റേറ്റ് ഉയർത്താനുള്ള അവസരവും കളഞ്ഞുകുളിച്ചു’ – സേവാഗ് പറഞ്ഞു.

English Summary: Dinesh Karthik batted till end but couldn't win the match for KKR, shameful defeat - Virender Sehwag

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com