ADVERTISEMENT

ചെന്നൈ∙ ഈ മനീഷ് പാണ്ഡെയ്ക്ക് ഇത് എന്തുപറ്റി? ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ പ്രധാന ചർച്ചകളെല്ലാം കർണാടകക്കാരനായ മനീഷ് പാണ്ഡെയെ ചുറ്റിപ്പറ്റിയാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ സൺറൈസേഴ്സ് ഹൈദരാബാദിനായി ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) മനീഷ് പാണ്ഡെ ‘പുറത്തെടുക്കുന്ന’ ബാറ്റിങ് പ്രകടനവുമായി ബന്ധപ്പെട്ട്. ഇതിനകം രണ്ടു മത്സരങ്ങളിൽനിന്ന് 99.00 ശരാശരിയിലും 119നു മുകളിൽ സ്ട്രൈക്ക് റേറ്റിലും 99 റൺസടിച്ച പാണ്ഡെ റൺവേട്ടക്കാരുടെ പട്ടികയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം നിതീഷ് പാണ്ഡെ, രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ എന്നിവർക്കു മാത്രം പിന്നിൽ മൂന്നാമതാണ്. ഈ പശ്ചാത്തലത്തിൽ താരത്തെ അഭിനന്ദിക്കാനാണ് ഈ ചർച്ചകളെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. ‘ഇനി ഈ ജന്മത്ത് പാണ്ഡെയെ കളത്തിലിറക്കരുതെന്നാണ്’ ഈ വിഷയത്തിൽ പ്രതികരിക്കുന്ന ഭൂരിഭാഗം പേരുടെയും നിലപാട്.

മുൻ ഇന്ത്യൻ താരങ്ങളായ അജയ് ജഡേജ, ആശിഷ് നെഹ്റ, പാർഥിവ് പട്ടേൽ തുടങ്ങിയവരെല്ലാം പാണ്ഡെയെ നിശിതമായിട്ടാണ് വിമർശിച്ചത്. ഇന്ത്യൻ ടീമിൽ പാണ്ഡെയ്ക്ക് സ്ഥിരമായി ഇടം ലഭിക്കാത്തത് ഇതുകൊണ്ടാണെന്നു പോലും പറഞ്ഞ് നെഹ്റ വിമർശനം കടുപ്പിച്ചു. നേരത്തേതന്നെ ഇന്ത്യൻ ടീമിൽ എത്തിയെങ്കിലും സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത് തുടങ്ങിയവരെല്ലാം പിന്നാലെ വന്ന് പാണ്ഡെയെ മറികടന്നെന്നാണ് നെഹ്റയുടെ അഭിപ്രായം.

‘ഇനിമുതൽ മനീഷ് പാണ്ഡെയെ കളിപ്പിക്കരുത്’ എന്നായിരുന്നു അജയ് ജഡേജയുടെ പ്രതികരണം. ‘ഇനിമുതൽ പാണ്ഡെയുടെ കാര്യത്തിൽ ടീം പുനർവിചിന്തനം നടത്തുമെന്ന് ഉറപ്പാണ്. ടീമിൽ അവസരമില്ലാത്ത വില്യംസന്റെ കാര്യം നമ്മൾ മുൻപു പറഞ്ഞു. അധികം റൺസ് പിറക്കാത്ത മത്സരങ്ങളാണെങ്കിൽ വില്യംസന്റെ സാന്നിധ്യം നിർണായകമാണ്. മികച്ച തുടക്കം മുതലാക്കി നല്ലരീതിയിൽ ഫിനിഷ് ചെയ്യാൻ കഴിയുന്നവരെയാകും ഇനി ഹൈദരാബാദ് പരിഗണിക്കുക. മനീഷ് പാണ്ഡെയെ ഇനി ടീമിൽ ഉൾപ്പെടുത്തരുതെന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. അടുത്ത മത്സരത്തിൽ സ്വാഭാവികമായും മാറ്റം പ്രതീക്ഷിക്കാം’ – ജഡേജ പറഞ്ഞു.

∙ ടോപ് സ്കോർമാരിൽ മൂന്നാമൻ, എന്നിട്ടും?

സീസണിൽ സൺറൈസേഴ്സിന്റെ ആദ്യ മത്സരത്തിൽ 61 റൺസെടുത്ത് പുറത്താകാതെ നിന്ന, രണ്ടാം മത്സരത്തിൽ 39 പന്തിൽ 38 റൺസടിച്ച പാണ്ഡെ എങ്ങനെയാണ് ആരാധകർക്കെല്ലാം അനഭിമതനായത്? അതിന് ഈ രണ്ടു മത്സരങ്ങളും സൺറൈസേഴ്സിന് സമ്മാനിച്ച് റിസൾട്ട് എന്താണെന്ന് അറിയണം. മികച്ച സ്കോറുകൾ കണ്ടെത്തി പാണ്ഡെ രണ്ടു മത്സരങ്ങളിലും മിന്നിത്തിളങ്ങിയെങ്കിലും, ആ രണ്ട് ഇന്നിങ്സുകളും ടീമിന്റെ തോൽവിക്കു മാത്രമേ ഉപകരിച്ചുള്ളൂ എന്നതാണ് പ്രശ്നം!

പാണ്ഡെയുമായി ബന്ധപ്പെട്ട് വളരെ രസകരമായൊരു കണക്ക് ഇന്നലെ കണ്ടു. 2018 മുതലുള്ള നാല് ഐപിഎൽ സീസണുകളിലായി മനീഷ് പാണ്ഡെ 14 തവണയാണ് ഓരോ ഇന്നിങ്സിലും 30ൽ അധികം പന്തുകൾ നേരിട്ടത്. സ്വാഭാവികമായും ആ ഇന്നിങ്സുകളിലെല്ലാം പാണ്ഡെയുടെ ടീമിനുള്ള സംഭാവന നേരിട്ട പന്തുകളുടെ എണ്ണത്തേക്കാൾ കൂടുതലാകണമല്ലോ. പക്ഷേ, 14 മത്സരങ്ങളിൽ 11 എണ്ണത്തിലും സൺറൈസഴ്സ് ഹൈദരാബാദ് ദയനീയമായി തോറ്റു എന്നതാണ് സത്യം. ഈ സീസണിലെ ആദ്യ രണ്ട് മത്സരങ്ങൾ ഉൾപ്പെടെ! പാണ്ഡെ അധിക സമയം ക്രീസിൽ നിൽക്കുന്നത് ടീമിനെ സംബന്ധിച്ച് ‘അപകടകരമാണെന്ന്’ സാരം!

∙ ഇന്നലെ നടന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരം എടുക്കാം. ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂർ വെറും 149 റൺസിൽ ഒതുങ്ങിയതോടെ സൺറൈസേഴ്സ് അനായാസം ജയിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചത്. പ്രത്യേകിച്ചും അവരുടെ ബോളിങ് അത്ര മൂർച്ചയുള്ള ഒന്നല്ലാത്ത സാഹചര്യത്തിൽ. 16 ഓവർ പൂർത്തിയാകുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 115 റൺസെന്ന നിലയിലായിരുന്ന ഹൈദരാബാദ് കൃത്യം ട്രാക്കിലുമായിരുന്നു. പക്ഷേ, പിന്നീട് വെറും 28 റൺസിനിടെ ഏഴു വിക്കറ്റുകൾ നഷ്ടമാക്കിയ ഹൈദരാബാദ്, ബാംഗ്ലൂർ ആരാധകരെപ്പോലും ‘ഞെട്ടിച്ചാണ്’ തോൽവിയിലേക്ക് വഴുതിയത്.

38 റൺസെടുത്ത പാണ്ഡെ വാർണറിനു ശേഷം ഹൈദരാബാദിനായി കൂടുതൽ റൺസ് നേടിയ താരമായെങ്കിലും, അതിനായി 39 പന്തുകൾ ചെലവാക്കിയതാണ് മത്സരശേഷം വിമർശിക്കപ്പെട്ടത്. പരമാവധി റണ്ണൊഴുക്കേണ്ട ട്വന്റി20 ഫോർമാറ്റിലാണ് കളിക്കുന്നതെങ്കിലും പാണ്ഡെയ്ക്ക് എന്നും ‘ഏകദിന ശൈലി’യാണ് ഇഷ്ടമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. 38 റൺസടിച്ചിട്ടും പാണ്ഡെ വിമർശിക്കപ്പെടുന്നതും ഇതിനാൽത്തന്നെ.

∙ ഇനി കൊൽക്കത്തയ്‌ക്കെതിരായ ഹൈദരാബാദിന്റെ ആദ്യത്തെ മത്സരം എടുക്കാം. വിക്കറ്റ് കാത്തുസൂക്ഷിക്കുന്നതിൽ ശ്രദ്ധിച്ച് വിജയത്തിന് ആവശ്യമായ റൺറേറ്റ് കാത്തുസൂക്ഷിക്കുന്നതിൽ പരാജയപ്പെട്ടതോടെയാണ് ഈ മത്സരവും ഹൈദരാബാദ് കൈവിട്ടത്. കൊൽക്കത്ത ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സിന്, നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 177 റൺസ് മാത്രം. അവസാന ഓവറുകളിൽ മികച്ച നിയന്ത്രണത്തോടെ പന്തെറിഞ്ഞ കൊൽക്കത്ത ബോളർമാരും ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ആന്ദ്രേ റസ്സൽ എറിഞ്ഞ അവസാന ഓവറിൽ സൺറൈസേഴ്സിന് വിജയത്തിലേക്ക് 22 റണ്‍സ് വേണമായിരുന്നെങ്കിലും നേടാനായത് 11 റൺസ് മാത്രം.

10 റൺസിനിടെ ഓപ്പണർമാരുടെ വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകർച്ചയിലേക്ക് നീങ്ങിയ സൺറൈസേഴ്സിനെ, മൂന്നാം വിക്കറ്റിൽ സെഞ്ചുറിയുടെ വക്കോളമെത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടുമായി മനീഷ് പാണ്ഡെ – ജോണി ബെയർസ്റ്റോ സഖ്യം സംരക്ഷിച്ചെങ്കിലും, ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ഇരുവരും 65 പന്തിൽ സ്കോർ ബോർഡിൽ എത്തിച്ചത് 92 റൺസ്. ബെയർസ്റ്റോ 40 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 55 റൺസെടുത്തു. അവസാനം വരെ ക്രീസിലുണ്ടായിരുന്ന പാണ്ഡെയ്ക്ക്, അത്യാവശ്യ സമയത്ത് റൺനിരക്ക് ഉയർത്താൻ കഴിയാതെ പോയതാണ് ഇവിടെയും ടീമിന് തിരിച്ചടിയായത്. പാണ്ഡെ 44 പന്തിൽ രണ്ടു ഫോറും മൂന്നു സിക്സും സഹിതം 61 റൺസുമായി പുറത്താകാതെ നിന്നു.

English Summary: Are Pandey's runs hurting the Sunrisers?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com