ADVERTISEMENT

മുംബൈ∙ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് 45 റൺസ് വിജയം. 189 റൺസ് പിന്തുടർന്ന രാജസ്ഥാന്റെ ഇന്നിങ്സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 143 റൺസിൽ അവസാനിച്ചു. 3 ഓവറിൽ 7 റൺസ് മാത്രം വിട്ടുകൊടത്ത് മൂന്നു വിക്കറ്റ് വീഴ്ത്തിയ മോയിൻ അലി, രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ സാം കറൻ, രവീന്ദ്ര ജഡേജ എന്നിവരാണ് രാജസ്ഥാന്റെ വിജയപ്രതീക്ഷകൾ തല്ലിക്കെടുത്തിയത്. ഓപ്പണർ ജോസ് ബട്‌ലർ (35 പന്തിൽ 49), ജയ്ദേവ് ഉനദ്കട് (17 പന്തിൽ 24), രാഹുൽ തെവാത്തിയ (15 പന്തിൽ 20) എന്നിവർ മാത്രമാണ് രാജസ്ഥാൻ നിരയിൽ തിളങ്ങിയത്.

ഒന്നാം വിക്കറ്റിൽ ബട്‌ലറും മനൻ വോറയും (11 പന്തിൽ 14) ചേർന്ന് 30 റൺസ് കൂട്ടിച്ചേർത്തു. നാലാം ഓവറിൽ വോറയെ സാം കറൻ ജഡേജയുടെ കൈകളിൽ എത്തിച്ചു. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസൺ (5 പന്തിൽ 1) തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടു. ആറാം ഓവറിൽ സഞ്ജുവിനെ വീഴ്ത്തിയതും സാം കറൻ തന്നെ. പിന്നീടെത്തിയ ശിവം ദുബെയെ കൂട്ടുപിടിച്ച് ബട്‌ലർ ബാറ്റിങ് തുടർന്നെങ്കിലും 12ാം ഓവറിൽ ജഡ‍േജ ബട്‌‌ലറെ ക്ലീൻ ബൗൾഡാക്കി. 35 പന്തിൽ 5 ഫോറും 2 സിക്സും സഹിതമാണ് ബട്‌ലർ 49 റൺസെടുത്തത്.

ശിവം ദുബെ (20 പന്തിൽ‌ 17), ഡേവിഡ് മില്ലർ (5 പന്തിൽ 2), റിയാൻ പരാഗ് (7 പന്തിൽ 3) എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ല. രാഹുൽ തെവാത്തിയ (15 പന്തിൽ 20 ), ജയ്ദേവ് ഉനദ്കട് (17 പന്തിൽ 24) എന്നിവരാണ് അവസാന നിമിഷം രാജസ്ഥാൻ സ്കോർ 100 കടത്തിയത്. ചേതൻ സകാരിയ (പൂജ്യം), മുസ്താഫിസുർ റഹ്മാൻ( പൂജ്യം) എന്നിവർ പുറത്താകാതെ നിന്നു. ചെന്നൈയ്ക്കായി ഡ്വെയിൻ ബ്രാവോ, ഷാർദുൽ ഠാക്കൂർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

∙ ‘ഒത്തുപിടിച്ച്’ ചെന്നൈ

നേരത്തെ, മികച്ച തുടക്കം ലഭിച്ചെങ്കിലും അതു മുതലാക്കാനാകാതെയാണ് ചെന്നൈ രാജസ്ഥാനു മുന്നിൽ 189 റൺസ് വിജയലക്ഷ്യം ഉയർത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 188 റൺസെടുത്തത്. മധ്യ ഓവറുകളിൽ ചെന്നൈ ബാറ്റ്സ്മാൻമാരെ നിയന്ത്രിച്ചു നിർത്തിയ രാജസ്ഥാൻ ബോളർമാരാണ് കൂറ്റൻ സ്കോറിൽനിന്ന് അവരെ തടഞ്ഞത്. ഒരുവേള 180 കടക്കില്ലെന്ന് തോന്നിച്ച ചെന്നൈ, അവസാന മൂന്ന് ഓവറിൽ 45 റണ്‍സടിച്ചാണ് 188ൽ എത്തിയത്.

ഒരു അർധസെഞ്ചുറിയോ അർധസെഞ്ചുറി കൂട്ടുകെട്ടോ പോലും പിറക്കാതെ പോയ ചെന്നൈ ഇന്നിങ്സിൽ, ബാറ്റിങ്ങിന് ഇറങ്ങിയവരെല്ലാം ഒത്തുപിടിച്ചാണ് ടീമിന് മികച്ച സ്കോർ സമ്മാനിച്ചത്. പവർപ്ലേയിൽ പതിവിനു വിപരീതമായി തകർത്തടിച്ച ഓപ്പണർ ഫാഫ് ഡുപ്ലേസിയാണ് അവരുടെ ടോപ് സ്കോറർ. ഡുപ്ലേസി 17 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 33 റൺസെടുത്തു.

ms-dhoni-diving
രാജസ്ഥാനെതിരായ മത്സരത്തിൽ റണ്ണൗട്ടിൽനിന്ന് രക്ഷപ്പെടാൻ ക്രീസിലേക്ക് ഡൈവ് ചെയ്യുന്ന ധോണി (ട്വിറ്റർ ചിത്രം)

ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദിന് തുടർച്ചയായ മൂന്നാം മത്സരത്തിലും താളം കണ്ടെത്താനാകാതെ പോയത് ചെന്നൈയെ നിരാശപ്പെടുത്തി. 13 പന്തുകൾ നേരിട്ട ഗെയ്ക‌്‌വാദ്, ഒരു ഫോർ സഹിതം 10 റൺസെടുത്തു. മോയിൻ അലി (20 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 26), സുരേഷ് റെയ്ന (15 പന്തിൽ ഓരോ സിക്സും ഫോരും സഹിതം 18), അമ്പാട്ടി റായുഡു (17 പന്തിൽ മൂന്നു സിക്സറുകൾ സഹിതം 27), രവീന്ദ്ര ജഡേജ (ഏഴു പന്തിൽ ഒരു ഫോർ സഹിതം എട്ട്), സാം കറൻ (ആറു പന്തിൽ ഒരു സിക്സ് സഹിതം 13) എന്നിങ്ങനെയാണ് ചെന്നൈ താരങ്ങളുടെ പ്രകടനം. ഡ്വെയിൻ ബ്രാവോ എട്ടു പന്തിൽ രണ്ട് ഫോറും ഒരു സിക്സും സഹിതം 20 റൺസുമായി പുറത്താകാതെ നിന്നു. നാലാം വിക്കറ്റിൽ മോയിൻ അലി – സുരേഷ് റെയ്ന സഖ്യം 26 പന്തിൽ അടിച്ചുകൂട്ടിയ 45 റൺസാണ് ചെന്നൈ നിരയിലെ ഉയർന്ന കൂട്ടുകെട്ട്.

രാജസ്ഥാനായി ചേതൻ സകാരിയ നാല് ഓവറിൽ 36 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ക്രിസ് മോറിസ് നാല് ഓവറിൽ 33 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി. രാഹുൽ തെവാത്തിയ മൂന്ന് ഓവറിൽ 21 റൺസ് വഴങ്ങിയും മുസ്താഫിസുർ റഹ്മാൻ നാല് ഓവറിൽ 37 റൺസ് വഴഹ്ങിയും ഓരോ വിക്കറ്റെടുത്തു. കഴിഞ്ഞ മത്സരത്തിലെ ഹീറോ ജയ്ദേവ് ഉനദ്കട് നാല് ഓവറിൽ 40 റൺസ് വഴങ്ങി. വിക്കറ്റൊന്നും ലഭിച്ചില്ല. രണ്ട് ചെന്നൈ താരങ്ങൾ റണ്ണൗട്ടായി.

English Summary: Chennai Super Kings vs Rajasthan Royals, 12th Match - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com