ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണ്‍ പുരോഗമിക്കുന്നതിനിടെ റാഷിദ് ഖാനും സംഘത്തിനുമൊപ്പം റമസാൻ വ്രതം നോറ്റ് സൺറൈസഴ്സ് ഹൈദരാബാദിന്റെ നായകൻ കൂടിയായ ഓസീസ് താരം ഡേവിഡ് വാർണറും ന്യൂസീലൻഡ് താരം കെയ്ൻ വില്യംസനും. സൺറൈസേഴ്സിന്റെ അഫ്ഗാൻ താരം റാഷിദ് ഖാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ഇരുവരും ഉപവസിച്ച വിവരം വെളിപ്പെടുത്തിയത്.

സൺറൈസേഴ്സ് ടീമിൽ സഹതാരങ്ങളായ റാഷിദ് ഖാൻ, മുജീബുർ റഹ്മാൻ, ഖലീൽ അഹമ്മദ്, മുഹമ്മദ് നബി, അബ്ദുൽ സമദ് തുടങ്ങിയവർക്കൊപ്പമാണ് വാർണറും വില്യംസനും ഉപവസിച്ചത്. വ്രതം പൂർത്തിയാക്കി നോമ്പു മുറിക്കുന്നതിന് ഒരു റസ്റ്ററന്റിൽ ഒരുമിച്ചു കൂടിയപ്പോൾ പകർത്തിയ വിഡിയോയാണ് റാഷിദ് ഖാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

‘രണ്ട് ഇതിഹാസങ്ങൾക്കൂടി ഇന്ന് ഞങ്ങൾക്കൊപ്പം ഉപവസിച്ചു’ – വിഡിയോയിൽ റാഷിദ് പറഞ്ഞു. പിന്നീട് ഉപവാസത്തിന്റെ അനുഭവത്തെക്കുറിച്ച് റാഷിദ് ഇവരോടു ചോദിക്കുന്നതും വിഡിയോയിലുണ്ട്.

‘ഡേവിഡ്, താങ്കളുടെ ഉപവാസം എങ്ങനെയുണ്ടായിരുന്നു?’

വാർണറിന്റെ മറുപടി ഇങ്ങനെ:

‘നല്ലതാണ്. പക്ഷേ, വിശപ്പും ദാഹവും സഹിക്കാനാവുന്നില്ല. എന്റെ ചുണ്ടും വരണ്ടു’ – ചെറുചിരിയോടെ വാർണർ പറഞ്ഞു.

പിന്നീട് വില്യംസനു നേരെ ക്യാമറ തിരിച്ച് റാഷിദ് ഇതേ ചോദ്യം ആവർത്തിച്ചു.

‘വളരെ നല്ലത്. നന്ദി’ – എന്ന മറുപടിയിൽ വില്യംസൻ പ്രതികരണം ഒതുക്കി.

ഐപിഎൽ 14–ാം സീസണിൽ മൂന്നു മത്സരങ്ങൾ പൂർത്തിയാക്കിയ സൺറൈസേഴ്സ് ഹൈദരാബാദ് മൂന്നും തോറ്റിരുന്നു. ആദ്യ മൂന്നു മത്സരങ്ങളിലും പുറത്തിരുന്ന കെയ്ൻ വില്യംസനെയും കേദാർ ജാദവിനെയും തിരികെ കൊണ്ടുവന്ന് ബാറ്റിങ് ലൈനപ്പ് ശക്തമാക്കണമെന്ന ആവശ്യം ശക്തമാണ്.

English Summary: SRH's David Warner, Kane Williamson observe Ramzan fast alongside Rashid Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com