ADVERTISEMENT

ട്വന്റി20യിൽ സ്ട്രൈക് റേറ്റിന് അമിത പ്രാധാന്യം നൽകുന്നത് ശരിയല്ലെന്ന വാദക്കാരനാണ് പഞ്ചാബ് കിങ്സ് നായകൻ കെ.എൽ. രാഹുൽ. എന്നാൽ തന്റെ ഈ സിദ്ധാന്തത്തിൽ അടിയുറച്ചു നിന്നാൽ ജയം കയ്യിൽനിന്നു വഴുതുമെന്ന് ഒരിക്കൽകൂടി പഠിച്ചിരിക്കുകയാണ് അദ്ദേഹം. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സിനെ തോൽപിച്ചത് 51 പന്തിൽ 61 റൺസ് നേടിയ രാഹുലിന്റെ മെല്ലെപ്പോക്കാണെന്ന വിമർശനം ശക്തം.

220 റൺസെങ്കിലും നേടേണ്ടിയിരുന്ന വാങ്കഡെയിലെ പിച്ചിൽ 119.61 റൺസ് സ്ട്രൈക് റേറ്റിൽ രാഹുൽ ബാറ്റു ചലിപ്പിച്ചപ്പോൾ പഞ്ചാബ് സ്കോർ 195ൽ ഒതുങ്ങി. 36 പന്തിൽ 191.67 സ്ട്രൈക് റേറ്റിൽ 69 റൺസ് നേടിയ സഹ ഓപ്പണർ മായങ്ക് അഗർവാളിന്റെ പ്രകടനം ഉണ്ടായിരുന്നിട്ടുകൂടി ടീമിന് 200 കടക്കാനായില്ല. ഫോമിലുള്ള ദീപക് ഹൂഡയ്ക്കും ഷാരൂഖ് ഖാനുമൊന്നും അവസാനം വേണ്ടത്ര ബോളും ലഭിക്കാതെ പോയി.

പതിയെ തുടങ്ങി പിന്നീട് ഗീയർ മാറ്റി സിക്സറുകൾ പറത്തുന്ന രീതിയും രാഹുൽ സ്വീകരിക്കുന്നില്ല. ചില ഇന്നിങ്സുകൾ മാറ്റിനിർത്തിയാൽ 120 സ്ട്രൈക് റേറ്റിൽ ഫിഫ്റ്റി അടിച്ച് പിന്നീട് പുറത്താകുന്നതാണ് ക്യാപ്റ്റന്റെ ശൈലി. കഴിഞ്ഞ മൂന്ന് ഐപിഎലുകളിലായി 15 തവണയാണ് കെ.എൽ. രാഹുൽ 50 കടന്നിട്ടുള്ളത്. അതിൽ 6 ഇന്നിങ്സുകളിലും അദ്ദേഹത്തിന്റെ ഇന്നിങ്സ് ടീമിന് ദോഷം ചെയ്യുന്നതായിരുന്നു.

2018 ഐപിഎലിലെ സ്ഫോടനാത്മക പ്രകടനം ഓർമയിൽ മാത്രമായി. ആ വർഷം 158 സ്ട്രൈക് റേറ്റിൽ 659 റൺസാണ് രാഹുൽ നേടിയത്. ടീമിനെ മുന്നിൽനിന്നു നയിക്കേണ്ടയാൾ തന്നെ പിന്നോട്ടു പോകുമ്പോൾ പഞ്ചാബ് വീണ്ടും കിതയ്ക്കുകയാണ്.

ഇതേസമയമാണ് എതിർ ദിശയിലുള്ള ശിഖർ ധവാന്റെ ഉയർച്ച. ധവാന്റെ മോശം സ്ട്രൈക് റേറ്റിന്റെ വിമർശകനായിരുന്നു ടീമിന്റെ ചുമതല ഏൽക്കുമ്പോൾ ഡൽഹി ക്യാപിറ്റൽസ് മുഖ്യ പരിശീലകൻ റിക്കി പോണ്ടിങ്. എന്നാൽ പോണ്ടിങ്ങിനു കീഴിൽ പുതിയ ‘ഗബ്ബാറിനെ’ ആണ് ഏതാനും വർഷങ്ങളായി ഐപിഎലിൽ കാണുന്നത്. പൃഥ്വി ഷാ ഒരറ്റത്ത് നിറഞ്ഞു കത്തുമ്പോഴും എങ്ങനെയാണ് സ്ട്രൈക് റേറ്റ് താഴാതെ ഇന്നിങ്സ് ആങ്കർ ചെയ്യേണ്ടതെന്ന് കാണിച്ചു കൊടുക്കുന്നതായിരുന്നു കഴിഞ്ഞ കളിയിലെ ധവാന്റെ ഇന്നിങ്സ്.

ലോകകപ്പിനുള്ള ഇന്ത്യൻ ട്വന്റി20 ടീമിലും ഓപ്പണിങ് റോളിൽ രാഹുലിനു ധവാൻ ഭീഷണിയാകുമെന്നുറപ്പാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ വിരാട് കോലി – ശിഖർ ധവാൻ ജോടിയുടെ ഓപ്പണിങ് രാഹുലിന് പവിലിയനിൽ ഇരുന്ന് കാണേണ്ടി വരുമോയെന്നാണ് സംശയം. അല്ലെങ്കിൽ രോഹിത് ശർമ – ശിഖർ ധവാൻ കൂട്ടുകെട്ടിനും സാധ്യതയുണ്ട്.

English Summary: Fans Back Shikhar Dhawan Over KL Rahul As India Opener For T20 World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com