ADVERTISEMENT

മുംബൈ∙ ‘ഇതാണ് നിങ്ങളുടെ തന്ത്രമെങ്കിൽ ഇനിമുതൽ കെ.എൽ. രാഹുൽ‌ പഞ്ചാബ് കിങ്സിനു വേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയ്യേണ്ട. പകരം ജലജ് സക്സേനയേയോ മുഹമ്മദ് ഷമിയേയോ ഷാരൂഖ് ഖാനേയോ ആ ജോലിക്ക് നിയോഗിക്കാം’ – ഇന്ത്യയുടെ മുൻ താരം കൂടിയായ ആശിഷ് നെഹ്റയുടെ വാക്കുകളാണിത്. ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ പോരാട്ടത്തിൽ ആദ്യം ബാറ്റു ചെയ്ത് മികച്ച സ്കോർ നേടിയിട്ടും പഞ്ചാബ് കിങ്സ് ദയനീയമായ തോറ്റ സാഹചര്യത്തിലാണ് നെഹ്റയുടെ രൂക്ഷ വിമർശനം.‍ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 195 റൺസാണ്. ഓപ്പണർ ശിഖർ ധവാന്‍ തകർത്തടിച്ചതോടെ (49 പന്തിൽ‍ 92) ഡൽഹി 10 പന്തും ആറു വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി.

ഇത്രയും ഉയർന്ന സ്കോർ നേടിയിട്ടും പഞ്ചാബിന് വിജയിക്കാനാകാതെ പോയ സാഹചര്യത്തിലാണ് രൂക്ഷ വിമർശനവുമായി നെഹ്റ എത്തിയത്. മത്സരത്തിൽ ബോളർമാരെ കൈകാര്യം ചെയ്യുന്നതിൽ നായകനെന്ന നിലയിൽ കെ.എൽ.രാഹുൽ വരുത്തിയ പിഴവുകളാണ് പഞ്ചാബ് കിങ്സിന്റെ രണ്ടാമത്തെ തോൽവിയിലേക്ക് നയിച്ചതെന്നാണ് നെഹ്റയുടെ അഭിപ്രായം. മോഹവില കൊടുത്ത് സ്വന്തമാക്കിയ വിദേശ ബോളർമാരെ അവസാനം വരെ കാത്തുവച്ച രാഹുലിന്റെ ശൈലിയെ നെഹ്റ ചോദ്യം ചെയ്തു.

‘ഈ ഫോർമാറ്റിൽ ഓരോ കളിക്കാരനിൽനിന്നും പ്രതീക്ഷിക്കുന്ന ചിലതുണ്ട്. മികച്ച രീതിയിൽ ബോൾ ചെയ്യുക, ബാറ്റു ചെയ്യുക, വർധിത വീര്യത്തോടെ ഫീൽഡിൽ നിൽക്കുക. നിങ്ങൾക്ക് കളത്തിൽ നല്ല ദിവസവും മോശം ദിവസവും ഉണ്ടാകാം. അതൊക്കെ കളിയുടെ ഭാഗമാണ്. പക്ഷേ, നിങ്ങളുടെ നിയന്ത്രണങ്ങളിൽ നിൽക്കുന്ന ചില സംഗതികളുമുണ്ട്. അതെങ്കിലും നേരേ ചൊവ്വേ ചെയ്യേണ്ടേ?’ – നെഹ്റ ചോദിച്ചു.

‘മോഹവില കൊടുത്ത് സ്വന്തമാക്കിയ ബോളർക്ക് ആദ്യം ബോൾ ചെയ്യാൻ അവസരം നൽകാത്തത് എന്തുകൊണ്ടാണ്? റൈലി മെറിഡത്തിന് മത്സരത്തിൽ ബോൾ ചെയ്യാൻ നൽകിയത് 10 ഓവറുകൾക്ക് ശേഷമാണ്. അദ്ദേഹം ആദ്യ ഓവറിൽത്തന്നെ സ്റ്റീവ് സ്മിത്തിനെ പുറത്താക്കി. ഷമി പോലും നാല് ഓവർ നാലു സ്പെല്ലുകളായാണ് എറിഞ്ഞത്. അർഷ്ദീപിനെക്കൊണ്ട് ആദ്യത്തെ ഓവർ എറിയിക്കാനാണ് തീരുമാനിച്ചത്. ഡൽഹിയെ മുന്നിൽനിന്ന് നിയന്ത്രിക്കാനാണോ പിന്നിൽനിന്ന് നിയന്ത്രിക്കാനാണോ പഞ്ചാബ് ശ്രമിച്ചത്?’ – നെഹ്റ ചോദിച്ചു.

ഇനിയുള്ള മത്സരങ്ങളിൽ ജയിക്കണമെങ്കിൽ പഞ്ചാബ് കിങ്സ് നായകൻ കെ.എൽ. രാഹുലും പരിശീലകൻ അനിൽ കുംബ്ലെയും ഒന്നിച്ചിരുന്നത് പുതിയ തന്ത്രങ്ങൾ കണ്ടെത്തേണ്ടി വരുമെന്നും ആശിഷ് നെഹ്റ അഭിപ്രായപ്പെട്ടു.

‘ഇങ്ങനെയാണ് പഞ്ചാബ് കിങ്സിന്റെ തന്ത്രങ്ങളെങ്കിൽ, രാഹുൽ ഓപ്പണറായി ഇറങ്ങേണ്ട ആവശ്യം പോലുമില്ല. പകരം ജലജ് സക്സേനയേയോ മുഹമ്മദ് ഷമിയേയോ ഷാരൂഖ് ഖാനേയെ, ആരെ വേണമെങ്കിലും ആ റോൾ ഏൽപ്പിക്കാം. അതുകൊണ്ട് ക്യാപ്റ്റനെന്ന നിലയിൽ രാഹുൽ പരിശീലകൻ അനിൽ കുംബ്ലെയ്ക്കൊപ്പമിരുന്ന് തന്ത്രങ്ങളിൽ കൂടുതൽ മൂർച്ച വരുത്തണം’ – നെഹ്റ പറഞ്ഞു.

‘പഞ്ചാബ് കിങ്സിന്റെ ബോളിങ് പ്ലാനുകളെല്ലാം അടിക്കടി മാറിക്കൊണ്ടിരിക്കുകയാണ്. ബോളിങ് തുടങ്ങാൻ ഓരോ മത്സരങ്ങളിലും ഓരോ ബോളർമാരെയാണ് അവർ നിയോഗിച്ചത്. നല്ല ബോളർമാരില്ലാത്ത ടീമുകളാണ് സാധാരണ ഗതിയിൽ അങ്ങനെ ചെയ്യുക. അവർക്കു സംഭവിച്ച ഏറ്റവും വലിയ പിഴവും അതുതന്നെ’ – നെഹ്റ കൂട്ടിച്ചേർത്തു.

English Summary:‘If that’s the strategy, then even Rahul shouldn’t open’: Nehra slams PBKS skipper

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com