ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിലെ മൂന്നാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോടു തോറ്റതിനു പിന്നാലെ, പഞ്ചാബ് കിങ്സും അവരുടെ നായകൻ കെ.എൽ. രാഹുലും വീണ്ടും വിമർശനങ്ങൾക്കു നടുവിലേക്ക്. ആദ്യം ബാറ്റു ചെയ്ത് സാമാന്യം മികച്ച സ്കോർ നേടിയിട്ടും, സീസണിലെ രണ്ടാം തോൽവി വഴങ്ങിയതാണ് വിമർശനങ്ങൾക്കു കാരണം. 196 റൺസ് വിജയലക്ഷ്യമുയർത്തിയ പഞ്ചാബിനെ, 10 പന്തും ആറു വിക്കറ്റും ബാക്കിയാക്കിയാണ് ഡൽഹി മറികടന്നത്.

മത്സരത്തിൽ പഞ്ചാബിനായി അർധസെഞ്ചുറി നേടിയെങ്കിലും, ടീമിനെ തോൽപ്പിച്ചത് ക്യാപ്റ്റൻ കൂടിയായ കെ.എൽ. രാഹുലാണെന്ന വിമർശനം ശക്തമാണ്. ക്യാപ്റ്റനെന്ന നിലയിൽ രാഹുൽ ബോളർമാരെ കൈകാര്യം ചെയ്ത ശൈലിയെ മുൻ താരം ആശിഷ് നെഹ്റ വിമർശിച്ചിരുന്നു. എന്നാൽ, ബാറ്റ്സ്മാനെന്ന നിലയിൽ ഏകദിനത്തെയും ‘തോൽപ്പിക്കുന്ന’ രാഹുലിന്റെ ശൈലിയെയാണ് മുൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര ചോദ്യം ചെയ്തത്. പിന്തിരിഞ്ഞു നോക്കുമ്പോൾ, തന്റെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് രാഹുലിനു ഖേദിക്കേണ്ടി വരുമെന്ന ചോപ്രയുടെ മുന്നറിയിപ്പ് ഈ പശ്ചാത്തലത്തിലാണ് കണക്കിലെടുക്കേണ്ടത്.

‍ഡൽഹിക്കെതിരായ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിനായി രാഹുൽ അർധസെഞ്ചുറി നേടിയിരുന്നു. 51 പന്തിൽ ഏഴു ഫോറും രണ്ടു സിക്സും സഹിതം 61 റൺസാണ് രാഹുൽ നേടിയത്. സ്ര്ടൈക്ക് റേറ്റ് 119.61. കൂട്ടുനിന്ന് അർധസെഞ്ചുറി കുറിച്ച മയാങ്ക് അഗർവാൾ 36 പന്തിൽ ഏഴു ഫോറും നാലു സിക്സും സഹിതം 69 റൺസുമെടുത്തു. ഓപ്പണിങ് വിക്കറ്റിൽ 12.4 ഓവറിൽ ഇരുവരും കൂട്ടിച്ചേർത്ത 122 റൺസാണ് മികച്ച സ്കോറിലേക്കെത്താൻ പഞ്ചാബിന് അടിത്തറയായത്.

അർധസെഞ്ചുറി നേടി പഞ്ചാബിന് മികച്ച തുടക്കം സമ്മാനിച്ചെങ്കിലും, അവരുടെ സ്കോർ 195ൽ ഒതുങ്ങിയപ്പോൾത്തന്നെ മിക്കവരും രാഹുലിന്റെ ഇന്നിങ്സിനെ സംശയത്തോടെയാണ് വീക്ഷിച്ചത്. ബാറ്റിങ്ങിനെ കൈവിട്ട് തുണയ്ക്കുന്ന വാങ്കഡെയിൽ അർധസെഞ്ചുറി തികയ്ക്കാൻ രാഹുൽ 45 പന്തുകൾ ചെലവാക്കിയതായിരുന്നു കാരണം. അതേസമയം, 195 റൺസ് മികച്ച സ്കോറാണെന്ന് കരുതിയവരും നിലപാട് മാറ്റിയ ഇന്നിങ്സായിരുന്നു ഡൽഹിയുടേത്. മികച്ചതെന്ന് എല്ലാവരും കരുതിയ പഞ്ചാബിന്റെ സ്കോർ 10 പന്തും ആറു വിക്കറ്റും ബാക്കിനിർത്തിയാണ് ഡൽഹി മറികടന്നത്. അതിനു നേതൃത്വം നൽകിയത് സെഞ്ചുറിക്ക് അരികെ പുറത്തായ ഓപ്പണർ ശിഖർ ധവാനും. 49 പന്തിൽനിന്ന് 13 ഫോറും രണ്ടു സിക്സും സഹിതമാണ് ധവാൻ 92 റൺസെടുത്തത്. സ്ട്രൈക്ക് റേറ്റ് 187.76.

ഇതോടെ, രാഹുലിന്റെ ഇന്നിങ്സ് വീണ്ടും ചോദ്യചിഹ്നമായി. 61 റൺസെടുക്കാൻ രാഹുൽ 51 പന്തുകൾ ചെലവഴിച്ച സ്ഥാനത്താണ് രണ്ടു പന്തുകൾ കുറച്ചുമാത്രം നേരിട്ട് ധവാൻ 92 റൺസടിച്ചത്. അന്തിമഫലത്തിൽ ഇരു ടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസമായി മാറിയത് ഓപ്പണർമാരായ ഈ രണ്ടു പേരുടെ സമീപനത്തിലെ വ്യത്യാസം തന്നെ. അനായാസം 220 കടക്കേണ്ടിയിരുന്ന സ്ഥാനത്താണ് പഞ്ചാബിന്റെ സ്കോർ 195 റൺസിൽ ഒതുങ്ങിയതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അതിനു കാരണമായത് പ്രധാനമായും ക്യാപ്റ്റൻ രാഹുലിന്റെ മെല്ലെപ്പോക്കും.

സ്ട്രൈക്ക് റേറ്റിന്റെ പേരിൽ രാഹുൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് ഇതാദ്യമൊന്നുമല്ല. കഴിഞ്ഞ സീസണിലും പഞ്ചാബിന്റെ ഓപ്പണറായിരുന്ന രാഹുൽ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന് കടുത്ത വിമർശനം നേരിട്ടിരുന്നു. ‘സ്ട്രൈക്ക് റേറ്റിലൊന്നും വലിയ കാര്യമില്ലെ’ന്ന ഞെട്ടിക്കുന്ന മറുപടിയാണ് അന്ന് രാഹുൽ നൽകിയത്. ‘സ്ട്രൈക്ക് റേറ്റ് വലിയ തോതിൽ ഓവർറേറ്റഡ്’ ആണെന്ന അദ്ദേഹത്തിന്റെ ഡയലോഗ് ഹിറ്റായിരുന്നു.

രാഹുൽ കളിക്കുന്നത് വ്യക്തിപരമായ നേട്ടങ്ങൾക്കു വേണ്ടി മാത്രമാണെന്ന ആ പഴയ ആരോപണം ബലപ്പെടുത്തുന്ന പ്രകടനമാണ് ഇക്കുറിയും അദ്ദേഹത്തിൽനിന്ന് ഉണ്ടാകുന്നത്. ടൂർണമെന്റിൽ കൂടുതൽ റൺസ് നേടുന്ന താരത്തിനു ലഭിക്കുന്ന ഓറഞ്ച് ക്യാപ്പാണ് രാഹുലിന്റെ ലക്ഷ്യമെന്ന് ആരാധകർ സമൂഹമാധ്യമങ്ങളിൽ ആരോപണമുയർത്തുന്നത് പതിവു കാഴ്ചയായിരിക്കുന്നു. ‘ആ ഓറഞ്ച് ക്യാപ്പ് ആദ്യം തന്നെ അദ്ദേഹത്തിനു നൽകിയാൽ ചിലപ്പോൾ എല്ലാം ശരിയാകുമെന്ന’ ട്രോളിനൊക്കെ സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ്. വിമർശനങ്ങൾ ശക്തമാകുമ്പോൾ, ശൈലി മാറ്റാൻ ക്യാപ്റ്റൻ തയാറാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ പഞ്ചാബ് ആരാധകർ.

English Summary: PBKS captain KL Rahul's poor strike-rate against DC Slammed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com