ADVERTISEMENT

ചെന്നൈ∙ രാജ്യാന്തര ക്രിക്കറ്റ് വേദിയിലെ സൂപ്പർ ബാറ്റ്സ്മാനായിരിക്കാം ഐപിഎലിൽ മുംബൈ ഇന്ത്യൻസ് നായകൻ കൂടിയായ രോഹിത് ശർമ. ഏതു ബോളറും ഭയപ്പെടുന്ന ഓപ്പണിങ് ബാറ്റ്സ്മാൻ. പക്ഷേ, അതേ രോഹിത് ശർമയ്ക്ക് ഇന്നും ‘പിടികൊടുക്കാതെ’ കുതിക്കുന്നൊരു താരമുണ്ട് ഇതേ ഐപിഎലിൽ. ഡൽഹി ക്യാപിറ്റൽസിന്റെ വെറ്ററൻ താരം അമിത് മിശ്ര. കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യൻസ് – ഡൽഹി ക്യാപിറ്റൽസ് മത്സരം കൂടിയായതോടെ ഏഴു തവണയാണ് മിശ്രയ്ക്കു മുന്നിൽ രോഹിത് കീഴടങ്ങിയത്. മാത്രമല്ല മത്സരത്തിലാകെ നാല് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് പിഴുത മിശ്ര, മുംബൈയ്‌ക്കെതിരെ ഡൽഹിയുടെ വിജയശിൽപിയുമായി. മുംബൈ ഇന്ത്യൻസിനെതിരെ ഒരു ഡൽഹി ബോളറുടെ ഏറ്റവും മികച്ച പ്രകടനമാണിത്.

മത്സരത്തിൽ 30 പന്തിൽ മൂന്നു വീതം സിക്സും ഫോറും സഹിതം 44 റൺസെടുത്ത് മുംബൈ ഇന്ത്യൻസിന്റെ ടോപ് സ്കോററായ രോഹിത് ശർമയെ സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തിച്ചാണ് മിശ്ര വിക്കറ്റ് വേട്ട തുടങ്ങിയത്. രാജസ്ഥാനെതിരായ മത്സരത്തിൽ അവസരം ലഭിക്കാതിരുന്ന മിശ്ര, അവിടുന്നങ്ങോട്ട് മുംബൈയെ കറക്കി വീഴ്ത്തി. മുംബൈ നിരയിലെ ഏറ്റവും അപകടകാരികളായ ഹാർദിക് പാണ്ഡ്യ (0), കയ്റൻ പൊള്ളാർഡ് (രണ്ട്), ഇഷാൻ കിഷൻ (28 പന്തിൽ 26) എന്നിവരാണ് മിശ്രയ്ക്ക് മുന്നിൽ വീണത്.

ഈ മത്സരത്തിലും രോഹിത്തിന്റെ വിക്കറ്റ് വീഴ്ത്തിയ മുപ്പത്തിയെട്ടുകാരനായ മിശ്ര, ഇത് ഏഴാം തവണയാണ് മുംബൈ നായകന്റെ വിക്കറ്റ് സ്വന്തമാക്കുന്നത്. ഐപിഎലിൽ രോഹിത്തിനെ ഏറ്റവും കൂടുതൽ തവണ പുറത്താക്കിയ താരമെന്ന റെക്കോർഡും ഇപ്പോൾ മിശ്രയുടെ പേരിലാണ്. രോഹിത്തിനെ ആറു തവണ പുറത്താക്കിയ വിനയ് കുമാർ, കൊൽക്കത്തയുടെ വെസ്റ്റിൻഡീസ് താരം സുനിൽ നരെയ്ൻ എന്നിവരെയാണ് മിശ്ര പിന്തള്ളിയത്.

മാത്രമല്ല, ഐപിഎലിൽ ഒരേ ബാറ്റ്സ്മാനെ കൂടുതൽ തവണ പുറത്താക്കിയതിൽ മുംബൈ ഇന്ത്യൻസിന്റെ ഇപ്പോഴത്തെ ബോളിങ് പരിശീലകൻ സഹീർ ഖാൻ, സൺറൈസേഴ്സ് താരം സന്ദീപ് ശർമ എന്നിവർക്കൊപ്പമെത്താനും മിശ്രയ്ക്ക് കഴിഞ്ഞു. ഇതിൽ സഹീർ ഖാൻ ഏഴു തവണ പുറത്താക്കിയ ബാറ്റ്സ്മാൻ ചെന്നൈ സൂപ്പർ കിങ്സ് നായകൻ കൂടിയായ സാക്ഷാൽ എം.എസ്. ധോണിയാണ്. സന്ദീപ് ശർമയാകട്ടെ, ഏഴു തവണ പുറത്താക്കിയ താരം റോയൽ ചാലഞ്ചേഴ്സ് നായകൻ വിരാട് കോലിയും!

മുംബൈയ്‌ക്കെതിരായ നാലു വിക്കറ്റ് നേട്ടത്തോടെ, മറ്റൊരു റെക്കോർഡിന് തൊട്ടരികിലെത്താനും മിശ്രയ്ക്ക് സാധിച്ചു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനെന്ന റെക്കോർഡിന് ഏഴു വിക്കറ്റ് മാത്രം അകലെയാണ് മിശ്ര. നിലവിൽ 152 മത്സരങ്ങളിൽനിന്ന് 164 വിക്കറ്റുകളാണ് മിശ്രയുടെ സമ്പാദ്യം. മുന്നിലുള്ള മുംബൈ ഇന്ത്യൻസ് താരമായിരുന്ന ലസിത് മലിംഗയുടെ പേരിലുള്ളത് 170 വിക്കറ്റുകളാണ്! ഇപ്പോഴത്തെ ഫോമിൽ മലിംഗയുടെ റെക്കോർഡ് അധികം വൈകാതെ മിശ്രയുടെ പേരിലാകാനാണ് സാധ്യത.

English Summary: Amit Mishra becomes Rohit Sharma's biggest nemesis as DC bowler gets MI captain for 7th time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com