ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിൽ തുടർച്ചയായ മൂന്നു തോൽവികൾക്കൊടുവിൽ വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാന്‍ റോയൽസ്. ബോളർമാർ ആധിപത്യം പുലർത്തിയ മത്സരത്തിൽ ആറു വിക്കറ്റിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് രാജസ്ഥാൻ തോൽപ്പിച്ചത്. സീസണിലെ രണ്ടാമത്തെ മാത്രം വിജയം സ്വന്തമാക്കിയ രാജസ്ഥാൻ, പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.

സഞ്ജുവും സംഘവും വിജയവഴിയിൽ തിരിച്ചെത്തിയെങ്കിലും രാജസ്ഥാൻ റോയൽസിനുള്ളിൽ ഇപ്പോഴും പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് മുൻ താരം വീരേന്ദർ സേവാഗ്. സഞ്ജു സാംസണിന്റെ ക്യാപ്റ്റൻസിയിൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങളിലേക്കാണ് സേവാഗ് വിരൽ ചൂണ്ടുന്നത്. സഞ്ജു സാംസണിനു കീഴിൽ രാജസ്ഥാൻ റോയൽസ് അഞ്ച് മത്സരങ്ങൾ പൂർത്തിയാക്കിയതിനു പിന്നാലെയാണ് ടീമിനെക്കുറിച്ച് സേവാഗ് ചില നിരീക്ഷണങ്ങൾ നടത്തിയത്.

ക്യാപ്റ്റനെന്ന നിലയിൽ സഞ്ജു സാംസൺ ടീമിനുള്ളിൽ കുറച്ചുകൂടി ക്രിയാത്മകമായ ഇടപെടൽ നടത്തണമെന്ന് സേവാഗ് അഭിപ്രായപ്പെട്ടു. കളത്തിൽ നിൽക്കുമ്പോൾ ക്യാപ്റ്റന്റെ ശരീരഭാഷ വളരെ പ്രധാനപ്പെട്ടതാണ്. ഇക്കാര്യത്തിൽ സഞ്ജു അൽപം കൂടി ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സഞ്ജുവിനെ ക്യാപ്റ്റനാക്കിയതിൽ സഹതാരങ്ങൾക്ക് അതൃപ്തിയുണ്ടോയെന്നു പോലും സംശയിക്കണമെന്ന് സേവാഗ് പറഞ്ഞു. താരങ്ങളുമായി ക്യാപ്റ്റനെന്ന നിലയിലുള്ള സഞ്ജുവിന്റെ ഇടപെടൽ ഫലപ്രദമല്ല. വിദേശ താരങ്ങളും വിഘടിച്ചു നിൽക്കുന്നുവെന്ന തോന്നലാണ് രാജസ്ഥാന്റെ കളി കാണുമ്പോൾ ഉണ്ടാകുന്നതെന്ന് സേവാഗ് പറഞ്ഞു.

‘ടീമെന്ന നിലയിൽ രാജസ്ഥാൻ താരങ്ങളുടെ ശരീരഭാഷ പരിശോധിച്ചാൽ, സഞ്ജുവിനെ ക്യാപ്റ്റനാക്കിയതിൽ അവരാരും തൃപ്തരല്ലെന്ന് നമുക്കു തോന്നിപ്പോകും. ടീമിനുള്ളിൽ പൊതുവെ സ്വന്തം കാര്യം നോക്കി ഒതുങ്ങിക്കഴിയുന്ന ഒരാളെ പെട്ടെന്ന് ഒരു നാൾ ക്യാപ്റ്റനാക്കിയാൽ, അതുമായി പൊരുത്തപ്പെടാൻ സഹതാരങ്ങൾക്ക് കൂടുതൽ സമയം വേണ്ടിവരും. ക്യാപ്റ്റനെന്ന നിലയിൽ ടീമംഗങ്ങളുമായി ഇടപഴകാനും നിർദ്ദേശങ്ങൾ നൽകാനും ആ താരത്തിനും സമയം ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളാണ് രാജസ്ഥാൻ റോയൽസിൽ സഞ്ജു നേരിടുന്നത്’ – സേവാഗ് അഭിപ്രായപ്പെട്ടു.

ക്യാപ്റ്റനെന്ന നിലയിൽ ടീമിനെ കൂടുതൽ ഒത്തൊരുമയോടെ കൊണ്ടുപോകാൻ സഞ്ജു ചെയ്യേണ്ടതെന്തെന്നും സേവാഗ് വെളിപ്പെടുത്തി. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ച ശേഷവും ടീമെന്ന നിലയിലുള്ള ഒത്തിണക്കം രാജസ്ഥാൻ താരങ്ങളിൽ കാണാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സേവാഗ് നിലപാട് വിശദീകരിച്ചത്.

‘ടീമിലെ ഒരു ബോളറെ എതിർ ടീം കടന്നാക്രമിക്കുമ്പോൾ, അതിനോട് ക്യാപ്റ്റൻ എങ്ങനെയാണ് പ്രതികരിക്കുന്നതെന്നത് പ്രധാനമാണ്. ഡൽഹി ക്യാപിറ്റൽസിന്റെ ഒരു മത്സരത്തിനിടെ കൂടുതൽ റൺസ് വഴങ്ങിയ ഒരു ബോളറുടെ അടുത്തെത്തി ക്യാപ്റ്റനായ ഋഷഭ് പന്ത് തോളിൽ കയ്യിട്ട് സംസാരിക്കുന്നത് കണ്ടതായി ഞാൻ ഓർക്കുന്നു. ‘ഇതൊന്നും പ്രശ്നമല്ല’ എന്നാണ് തന്റെ പ്രവർത്തിയിലൂടെ പന്ത് പറഞ്ഞത്. 40–50 റൺസ് വിട്ടുകൊടുക്കേണ്ടി വന്നാലും ആത്മവിശ്വാസം വിടാതെ ബോൾ ചെയ്യൂ എന്ന് പറഞ്ഞ് ആ ബോളർക്ക് ധൈര്യം പകരുകയായിരുന്നു പന്ത്’ – സേവാഗ് ചൂണ്ടിക്കാട്ടി.

‘ആ ബോളർക്ക് ക്യാപ്റ്റനിലുള്ള വിശ്വാസം നിലനിർത്താൻ ഇത്തരമൊരു സമീപനം ഉറപ്പായും ഗുണം ചെയ്യും. സാഹചര്യം എന്തൊക്കെയായാലും സ്വന്തം ബോളറിൽ ക്യാപ്റ്റൻ ആത്മവിശ്വാസം കാട്ടിയേ തീരൂ. കൂടുതൽ റൺസ് വിട്ടുകൊടുത്താലും അങ്ങനെ തന്നെ വേണം. ബാറ്റിങ്ങിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന താരങ്ങളുടെ കാര്യത്തിലും സമാനമായ ഇടപെടൽ ആവശ്യമാണ്’ – സേവാഗ് അഭിപ്രായപ്പെട്ടു.

English Summary: Sehwag explains what Samson is lacking as skipper in IPL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com