ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് താരതമ്യേന പുതുമുഖമായ മലയാളി താരം സഞ്ജു സാംസണിനെ സഹായിക്കാൻ താൻ ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങളുണ്ടെന്ന് ഇംഗ്ലിഷ് താരം ജോസ് ബട്‍ലർ. ഇംഗ്ലണ്ട് ടീമിന്റെ വൈസ് ക്യാപ്റ്റനെന്ന നിലയിലുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ സഞ്ജുവിന് ആവശ്യമുള്ളപ്പോഴെല്ലാം സഹായം ചെയ്യാറുണ്ട്. ചോദിച്ചില്ലെങ്കിൽ പോലും കണ്ടറിഞ്ഞും ചെയ്യാറുണ്ടെന്ന് ബട്‍ലർ പറഞ്ഞു.

രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് സഞ്ജു സാംസണിനെ അവരോധിച്ചതിൽ ചില താരങ്ങൾക്ക് അതൃപ്തിയുണ്ടെന്ന് തോന്നുന്നതായി കഴിഞ്ഞ ദിവസം മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ് അഭിപ്രായപ്പെട്ടിരുന്നു. രാജസ്ഥാൻ ടീമിൽ താരങ്ങളുടെ ഏകോപനത്തിൽ പ്രശ്നങ്ങളുള്ളതായും അദ്ദേഹം നിരീക്ഷിച്ചിരുന്നു. ഇതിനിടെയാണ് ക്യാപ്റ്റനെന്ന നിലയിൽ സഞ്ജുവിന് വിദേശ താരങ്ങളുടെ സമ്പൂർണ പിന്തുണയുണ്ടെന്ന ബട്‍ലറിന്റെ വെളിപ്പെടുത്തൽ.

‘എന്റെ പരിചയസമ്പത്ത് ടീമിനായി വിനിയോഗിക്കുകയാണ് ഇപ്പോഴത്തെ ദൗത്യമെന്നാണ് ഞാൻ കരുതുന്നത്. പരിശീലനത്തിലും കളിയിലുമെല്ലാം മുന്നിൽത്തന്നെ നിൽക്കുന്നതും പ്രധാനമാണ്. ക്യാപ്റ്റനെന്ന നിലയിൽ ഇത് സഞ്ജുവിന്റെ ആദ്യ വർഷമാണ്. ഇംഗ്ലണ്ട് ടീമിൽ വൈസ് ക്യാപ്റ്റന്റെ ജോലി ചെയ്ത പരിചയം എനിക്കുണ്ട്. അതുവച്ച് ക്യാപ്റ്റനെന്ന നിലയിൽ സഞ്ജുവിനെ സഹായിക്കാനാണ് ശ്രമം’ – ബട്‍ലർ പറഞ്ഞു.

‘സഞ്ജു എപ്പോൾ ആവശ്യപ്പെട്ടാലും ഞങ്ങൾ സഹായത്തിനുണ്ട്. കണ്ടറിഞ്ഞും ഞങ്ങൾ ചെയ്യാറുണ്ട്. എപ്പോഴും അഭിപ്രായങ്ങൾ തുറന്നുപറയും. ഞാനും ഡേവിഡ് മില്ലറും ക്രിസ് മോറിസും ഉൾപ്പെടെയുള്ള താരങ്ങൾക്ക് പരിചയസമ്പത്തുണ്ട്. ടീമിലെ യുവതാരങ്ങളെ സഹായിക്കാൻ ഞങ്ങൾക്കു കഴിയും. ഞങ്ങളുടെ പരിചയസമ്പത്ത് അവർക്കുകൂടി സഹായകമായ വിധത്തിൽ ഉപയോഗിക്കാനാണ് ശ്രമം’ – ബട്‍ലർ പറഞ്ഞു.

ടീമിലെ പ്രധാന താരങ്ങളായ ജോഫ്ര ആർച്ചർ, ബെൻ സ്റ്റോക്സ് എന്നിവർ പരുക്കേറ്റ് പുറത്തായതോടെ, ഐപിഎൽ 14–ാം സീസണിൽ മോശം ഫോമിലൂടെ കടന്നുപോകുകയാണ് രാജസ്ഥാൻ. ഇവർക്കു പുറമെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇംഗ്ലിഷ് താരം ലിയാം ലിവിങ്സ്റ്റൺ, ഓസീസ് താരം ആൻഡ്രൂ ടൈ എന്നിവരും സ്വദേശങ്ങളിലേക്ക് മടങ്ങി. ഏറ്റവും ഒടുവിൽ കളിച്ച മത്സരം ജയിച്ചെങ്കിലും അഞ്ച് മത്സരങ്ങളിൽനിന്ന് രണ്ടു ജയം സഹിതം ആകെയുള്ളത് നാലു പോയിന്റ് മാത്രം. 

English Summary: Sanju Samson is in his first year of captaincy, my role is to pass on experience - Jos Buttler

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com