ADVERTISEMENT

അഹമ്മദാബാദ്∙ വിരാട് കോലി നയിക്കുന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് ഒരു റണ്ണിന്റെ തോൽവി വഴങ്ങിയതിനു പിന്നാലെ, ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്തിനെ വിമർശിച്ച് മുൻ താരം വീരേന്ദർ സേവാഗ്. മത്സരത്തിൽ ഋഷഭ് പന്തും (58*) ഷിമ്രോൺ ഹെറ്റ്മെയറും (53*) അർധസെഞ്ചുറികളുമായി പൊരുതിയെങ്കിലും ഡൽഹിക്ക് വിജയത്തിലെത്താനായിരുന്നില്ല. ഇതിനു പിന്നാലെയാണ് പന്തിന്റെ ക്യാപ്റ്റൻസിനെ വിമർശിച്ച് സേവാഗിന്റെ രംഗപ്രവേശം.

ബോളർമാരെ ഉപയോഗിക്കുന്നതിൽ വരുത്തിയ പിഴവിന്റെ പേരിലാണ് സേവാഗ് പന്തിനെ വിമർശിച്ചത്. ബോളർമാരെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ പന്തിനായില്ലെന്ന് സേവാഗ് ചൂണ്ടിക്കാട്ടി. ഈ മത്സരത്തിൽ പന്തിന്റെ ക്യാപ്റ്റൻസിക്ക് 10ൽ അഞ്ച് മാർക്ക് പോലും നൽകാനാകില്ലെന്നും സേവാഗ് തുറന്നടിച്ചു.

‘ഈ മത്സരത്തിൽ ഋഷഭ് പന്തിന്റെ ക്യാപ്റ്റൻസിന്ക്ക് ഞാൻ 10ൽ അഞ്ച് മാർക്കു പോലും കൊടുക്കില്ല. കാരണം, ഇതുപോലുള്ള പിഴവുകൾ ഒരു ക്യാപ്റ്റന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല. ടീമിലെ പ്രധാന ബോളർക്ക് അവസരം കിട്ടുന്നില്ലെങ്കിൽ, കണക്കുകൂട്ടലുകൾ മൊത്തം പിഴച്ചുപോകും. അതാണ് ക്യാപ്റ്റൻസിയിലെ പ്രധാന പ്രശ്നം. അക്കാര്യത്തിൽ പന്ത് ശ്രദ്ധ ചെലുത്തിയേ തീരൂ. സാഹചര്യങ്ങൾക്ക് അനുസൃതമായി തന്റെ ബോളിങ് യൂണിറ്റിനെ വിദഗ്ധമായി ഉപയോഗിക്കാൻ ക്യാപ്റ്റനു കഴിയണം’ – സേവാഗ് പറഞ്ഞു.

‘അത് വഴിയേ പഠിച്ചെടുക്കേണ്ട സംഗതിയാണ്. അല്ലെങ്കിൽ ഇതുപോലെ തോന്നുന്നവർക്ക് ബോളിങ്ങിന് അവസരം നൽകും. മത്സരഗതിയെ സ്വാധീനിക്കുന്ന തീരുമാനങ്ങളെടുക്കാനും കളിയെ നേരെ വഴിതിരിച്ചുവിടാനുമുള്ള കഴിവാണ് ക്യാപ്റ്റന് വേണ്ടത്. ബോളിങ്ങിലും ഫീൽഡിങ് പൊസിഷനിലും കൃത്യമായ മാറ്റങ്ങൾ കൊണ്ടുവരണം’ – സേവാഗ് പറഞ്ഞു.

‘അതുകൊണ്ടുതന്നെ, നല്ലൊരു ക്യാപ്റ്റനാകണമെങ്കിൽ ഋഷഭ് പന്ത് ഇത്തരം ചെറിയ കാര്യങ്ങളിൽപ്പോലും അദ്ദേഹം ശ്രദ്ധ ചെലുത്തണം. കളത്തിൽ സ്മാർട്ടായി തീരുമാനങ്ങളെടുത്താലേ സ്മാർട്ട് ക്യാപ്റ്റനാകാൻ കഴിയൂ. പന്തിന്റെ ക്യാപ്റ്റൻസിക്ക് ഞാൻ 10ൽ മൂന്നു മാർക്ക് നൽകും’ – സേവാഗ് പറഞ്ഞു.

∙ പന്തിന്റെ മെല്ലെപ്പോക്കിനെ പഴിച്ച് നെഹ്റ

മത്സരത്തിൽ ഋഷഭ് പന്തിന്റെ ബോളിങ് മാറ്റങ്ങളെയും ബോളർമാരെ ഉപയോഗിച്ച രീതിയേയുമാണ് സേവാഗ് വിമർശിച്ചതെങ്കിൽ, ചേസിങ്ങിൽ ഋഷഭ് പന്ത് നടത്തിയ മെല്ലെപ്പോക്കിനെയാണ് മുൻ താരം ആശിഷ് നെഹ്റ വിമർശിച്ചത്. 48 പന്തിൽ പുറത്താകാതെ 58 റൺസാണ് മത്സരത്തിൽ പന്ത് നേടിയത്. ചേസിങ്ങിൽ കുറച്ചുകൂടി കൃത്യമായ പ്ലാനിങ് ഡൽഹിക്കു വേണ്ടിയിരുന്നുവെന്ന് നെഹ്റ ചൂണ്ടിക്കാട്ടി.

‘മധ്യ ഓവറുകളിൽ ഋഷഭ് പന്ത് ബാറ്റു ചെയ്ത രീതിയും, ഡെത്ത് ഓവറുകളിൽ നേടാതെ വിട്ട റൺസും ഡൽഹിക്ക് തിരിച്ചടിയായി. ചേസിങ്ങിൽ ഡൽഹിക്ക് പ്രത്യേകിച്ചൊരു തന്ത്രവും ഇല്ലാത്തതുപോലെ തോന്നി. ഹെറ്റ്മെയറിന് ക്രീസിൽ നിൽക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ ഡൽഹി കുറഞ്ഞത് 25 റൺസിനെങ്കിലും തോൽക്കുമായിരുന്നു’ – നെഹ്റ പറഞ്ഞു.

‘ബാംഗ്ലൂർ ഉയർത്തിയ വിജയലക്ഷ്യം പിന്തുടരുമ്പോൾ ഡൽഹിയുടെ പദ്ധതികളെല്ലാം പാളിപ്പോയി. കാരണം, ഡൽഹി നിരയിൽ ക്രീസിൽ ഏറ്റവമധികം നേരം നിന്ന രണ്ടു ബാറ്റ്സ്മാൻമാരും പുറത്താകാതെ നിൽക്കുകയായിരുന്നു. എന്നിട്ടും തോറ്റത് ഒരേയൊരു റണ്ണിനും. ട്വന്റി20യിൽ ഇതു സംഭവിക്കാൻ പാടില്ലാത്തതാണ്’ – നെഹ്റ ചൂണ്ടിക്കാട്ടി.

English Summary: Virender Sehwag rates Rishabh Pant's poor captaincy in DC vs RCB IPL 2021 match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com