ADVERTISEMENT

‘സ്വപ്നത്തിലേക്കുള്ള യാത്രയിലെ ഏറ്റവും വലിയ ശത്രു ഭയമാണ്. ഭയന്നു വിറയ്ക്കാതെ നെഞ്ചുവിരിച്ചു നിന്നാൽ ജയം ഉറപ്പ്...’ 2010ൽ ദക്ഷിണാഫ്രിക്കയിൽ പുറത്തിറങ്ങിയ ഒരു സംഗീത ആൽബത്തിലെ വരികളുടെ ഏകദേശ പരിഭാഷയാണിത്. ഈ പാട്ടെഴുതിയത് ഏബ്രഹാം ബെഞ്ചമിൻ ഡിവില്ലിയേഴ്സ്‌; ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട എബി ഡിവില്ലിയേഴ്സ്. ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായി ബാറ്റുകൊണ്ട് ഫ്യൂഷൻ ഒരുക്കുകയാണ് എബിഡി. ഭയം ലവലേശമില്ലാതെ മുപ്പത്തിയേഴുകാരൻ മൈതാനത്തിന്റെ നാലുപാടും ഷോട്ടുകൾ പായിക്കുന്നു.

കഴിഞ്ഞ ദിവസം ഡൽഹിക്കെതിരായ മത്സരത്തിൽ 42 പന്തുകളിൽ 75 റൺസ് നേടിയ മിന്നൽ പ്രകടനത്തിലൂടെ ഡിവില്ലിയേഴ്സ് ഐപിഎലിൽ 5000 റൺസ് പൂർത്തിയാക്കി. വാർണർ കഴിഞ്ഞാൽ ഈ നേട്ടത്തിലെത്തുന്ന ആദ്യ വിദേശതാരം. വിരാട് കോലിയും രോഹിത് ശർമയുമൊക്കെയുള്ള 5000 ക്ലബ്ബിൽ ഏറ്റവും കുറച്ചു പന്തുകൾ നേരിട്ട താരമാണ് എബിഡി. 3288 പന്തുകളിലാണു നേട്ടം. ഏകദിനത്തിലെ അതിവേഗ സെഞ്ചുറിയും അർധ സെഞ്ചുറിയും പേരിലുള്ള ദക്ഷിണാഫ്രിക്കൻ താരത്തിന് ഇതൊക്കെ നിസ്സാരമാണെന്ന് ആരാധകർ പറയും.

ഡോക്ടറുടെ മകനായ ഡിവില്ലിയേഴ്സിനു കുട്ടിക്കാലത്തു സംഗീതത്തിലായിരുന്നു ഭ്രമം. പാട്ടുകാരനും ഗിറ്റാറിസ്റ്റുമായിരുന്നു. സ്കൂൾ വിട്ടതോടെ ക്രിക്കറ്റായി ഹരം. ബാറ്റിങ് പിച്ചിൽ തികഞ്ഞ സംഗീതജ്ഞനായിരുന്നു എബിഡി. സ്വിച്ച് ഹിറ്റിന്റെ പോപ്പും റിവേഴ്സ് സ്കൂപ്പിന്റെ റാപ്പും കവർ ഡ്രൈവിന്റെ ക്ലാസിക്കലും ചേർന്ന ഫ്യൂഷൻ പുറത്തെടുത്ത് നാലുപാടും അടിച്ചുപറത്തുന്ന താരത്തിനു ‘മിസ്റ്റർ 360 ഡിഗ്രി’ എന്ന വിശേഷണവും കിട്ടി.

ഐപിഎലിൽ ആദ്യ 3 സീസണിൽ ഡൽഹിക്കൊപ്പമായിരുന്ന ഡിവില്ലിയേഴ്സ് 2011ലാണ് ബാംഗ്ലൂരിലെത്തിയത്. ഏതു പ്രതിസന്ധിയിലും ടീമിനെ തോളിലേറ്റുന്ന ‘മിസ്റ്റർ ഡിപ്പെൻഡബിളിന്റെ’ വേഷമായിരുന്നു കുറെക്കാലം. താങ്ങാവുന്നതിലേറെ ചുമടു വന്നപ്പോഴും എബിഡി തളർന്നില്ല. ടീം പിന്നിൽ പോയെങ്കിലും 2014നുശേഷം ഒരിക്കൽപ്പോലും ഡിവില്ലിയേഴ്സിന്റെ റൺനേട്ടം 400നു താഴേക്കു പോയിട്ടില്ല.

കഴിഞ്ഞ സീസൺ ഐപിഎലിനുശേഷം ഒരു മത്സരംപോലും കളിക്കാൻ അവസരം കിട്ടിയില്ല. പക്ഷേ, ഇത്തവണ ഉദ്ഘാടന മത്സരത്തിൽ മുംബൈയ്ക്കെതിരെ സ്വിച്ചിട്ട പോലെ ഫോമിലേക്കെത്തി. 2018ൽ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച് ആരാധകരെ ഞെട്ടിച്ചതാണ് ഡിവില്ലിയേഴ്സ്. വിരമിക്കൽ വിഡിയോയിൽ ഡിവില്ലിയേഴ്സ് കാരണം പറഞ്ഞതിങ്ങനെ: ‘എനിക്കു മടുത്തു.’ ഐപിഎലിൽ താരത്തിന്റെ കളി കണ്ടാൽ കാണികൾക്കു പക്ഷേ മടുപ്പു തോന്നാറില്ല. ബാംഗ്ലൂ‍ർ ക്യാപ്റ്റൻ കോലി പറഞ്ഞതുപോലെ ‘ഈ മനുഷ്യന്റെ ബാറ്റിങ് കണ്ടാൽ പറയുമോ വിരമിച്ചിട്ട് 3 വർഷമായെന്ന്...’

English Summary: AB de Villiers Show for RCB in IPL 2021

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com