ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിൽ തോൽവി പരമ്പരയ്ക്ക് അറുതിവരുത്തിയ വിജയത്തിനുശേഷം രാജസ്ഥാൻ റോയൽസ് വീണ്ടും തോൽവിയുടെ ട്രാക്കിൽ. സീസണിലെ ആറാം മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യന്‍സിനോടാണ് രാജസ്ഥാൻ റോയൽസ് തോറ്റത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 171 റൺസ്. മറുപടി ബാറ്റിങ്ങിൽ മുംബൈ ഒൻപതു പന്തും ഏഴു വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി. ഈ സീസണിൽ ആറു മത്സരങ്ങളിൽ രാജസ്ഥാന്റെ നാലാം തോൽവിയാണിത്. അത്രതന്നെ മത്സരങ്ങളിൽ മുംബൈയുടെ മൂന്നാം ജയവും.

തകർപ്പൻ അർധസെഞ്ചുറിയുമായി തിരിച്ചടിക്ക് നേതൃത്വം നൽകിയ ക്വിന്റൻ ഡികോക്ക് ആണ് മുംബൈയുടെ ടോപ് സ്കോറർ. ഓപ്പണറായെത്തിയ ഡികോക്ക് 50 പന്തിൽ ആറു ഫോറും രണ്ടു സിക്സും സഹിതം 70 റൺസുമായി പുറത്താകാതെ നിന്നു. ഡികോക്കിനു പുറമെ മുംബൈ നിരയിൽ ബാറ്റിങ്ങിന് ഇറങ്ങിയവരെല്ലാം ഭേദപ്പെട്ട സംഭാവനകൾ ഉറപ്പാക്കി. കൂട്ടത്തിൽ നിരാശപ്പെടുത്തിയത് 17 പന്തിൽ ഒരേയൊരു സിക്സ് സഹിതം 14 റൺസെടുത്ത് പുറത്തായ ക്യാപ്റ്റൻ രോഹിത് ശർമ മാത്രം.

സൂര്യകുമാർ യാദവ് (10 പന്തിൽ മൂന്നു ഫോറുകൾ സഹിതം 16), ക്രുണാൽ പാണ്ഡ്യ (26 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 39) കയ്റൺ പൊള്ളാർഡ് (എട്ടു പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ 16) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

ഓപ്പണിങ് വിക്കറ്റിൽ രോഹിത് ശർമയ്ക്കൊപ്പം 36 പന്തിൽ 49, രണ്ടാം വിക്കറ്റിൽ സൂര്യകുമാർ യാദവിനൊപ്പം 20 പന്തിൽ 34, മൂന്നാം വിക്കറ്റിൽ ക്രുണാൽ പാണ്ഡ്യയ്ക്കൊപ്പം 44 പന്തിൽ 63, പിരിയാത്ത നാലാം വിക്കറ്റിൽ പൊള്ളാർഡിനൊപ്പം 11 പന്തിൽ 26 എന്നിങ്ങനെ കൂട്ടിച്ചേർത്താണ് ഡികോക്ക് മുംബൈയെ അനായാസം വിജയത്തിലെത്തിച്ചത്. രാജസ്ഥാനായി ക്രിസ് മോറിസ് നാല് ഓവറിൽ 33 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. മുസ്താഫിസുർ റഹ്മാൻ 3.3 ഓവറിൽ 37 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.

∙ അവസരോചിതം സഞ്ജു; പക്ഷേ...

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 171 റൺസെടുത്തത്. രാജസ്ഥാൻ നിരയിൽ ബാറ്റിങ്ങിന് ഇറങ്ങിയവരെല്ലാം ശ്രദ്ധേയമായ സംഭാവനകൾ ഉറപ്പാക്കി. 27 പന്തിൽ അഞ്ച് ഫോറുകളോടെ 42 റൺസെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസണാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. ജോസ് ബട്‍ലർ (32 പന്തിൽ മൂന്നു വീതം സിക്സും ഫോറും സഹിതം 41), യശ്വസ്വി ജയ്സ്വാൾ (20 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 32 റൺസ്), ശിവം ദുബെ (31 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 35) എന്നിങ്ങനെയാണ് മറ്റു രാജസ്ഥാൻ താരങ്ങളുടെ പ്രകടനം. ഡേവിഡ് മില്ലർ (നാലു പന്തിൽ ഒരു ഫോർ സഹിതം ഏഴ്), റിയാൻ പരാഗ് (ഏഴു പന്തിൽ ഒരു ഫോർ സ ഹിതം എട്ട്) എന്നിവർ പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് മികച്ച തുടക്കമാണ് ഓപ്പണർമാരായ ജോസ് ബട്‍ലറും യശ്വസ്വി ജയ്സ്വാളും ചേർന്ന് സമ്മാനിച്ചത്. സമയമെടുത്ത് നിലയുറപ്പിച്ച ഇരുവരും പിന്നീട് ആക്രമണത്തിലേക്ക് ചുവടു മാറ്റിയതോടെ രാജസ്ഥാൻ സ്കോർ ബോർഡിലേക്ക് റണ്ണെത്തി. കൃത്യമായ ഇടവേളകളിൽ ബൗണ്ടറികൾ കണ്ടെത്തിയ ഇരുവരും രാജസ്ഥാനെ അനായാസം 50 കടത്തി.

അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ഇരുവരും എട്ടാം ഓവറിലാണ് പിരിഞ്ഞത്. 32 പന്തിൽ മൂന്നു വീതം സിക്സും ഫോറും സഹിതം 41 റൺസെടുത്ത ബട്‍ലറിനെ വിക്കറ്റ് കീപ്പർ ക്വിന്റൻ ഡികോക്കിന്റെ കൈകളിലെത്തിച്ച് രാഹുൽ ചാഹറാണ് കൂട്ടുകെട്ട് പൊളിച്ചത്. 46 പന്തിൽനിന്നാണ് ഇരുവരും കൂട്ടിച്ചേർത്തത് 66 റൺസ്. വൺഡൗണായെത്തിയ സഞ്ജു സാംസൺ അനായാസം ബൗണ്ടറികൾ കണ്ടെത്തിയതോടെ രാജസ്ഥാൻ വീണ്ടും മുന്നോട്ട്. സ്കോർ 91ൽ നിൽക്കെ യശ്വസ്വി ജയ്സ്വാളിനെയും പുറത്താക്കി ചാഹർ അടുത്ത പ്രഹരമേൽപ്പിച്ചു. 20 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 32 റൺസെടുത്ത ജയ്സ്വാളിനെ രാഹുൽ ചാഹർ സ്വന്തം ബോളിങ്ങിൽ ക്യാച്ചെടുത്ത് പുറത്താക്കി.

മൂന്നാം വിക്കറ്റിൽ ഒരുമിച്ച സഞ്ജു സാംസൺ – ശിവം ദുബെ സഖ്യം ആക്രമണത്തിനു പകരം നിലയുറപ്പിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും ഇടയ്ക്കിടെ നേടുന്ന ബൗണ്ടറികളിലൂടെയും ഇരുവരും സ്കോർ ബോർഡ് ചലിപ്പിച്ചു. 41 പന്തിൽ ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ട് പിന്നിട്ടു. മൂന്നാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 47 പന്തിൽ 57 റൺസ്. ഇരുവരും പുറത്തായശേഷം ഡേവിഡ് മില്ലർ – റിയാൻ പരാഗ് സഖ്യത്തിന് ഉദ്ദേശിച്ച രീതിയിൽ റൺനിരക്ക് ഉയർത്താനാകാതെ പോയതോടെയാണ് രാജസ്ഥാൻ 171ൽ ഒതുങ്ങിയത്.

മുംബൈയ്ക്കായി രാഹുൽ ചാഹർ നാല് ഓവറിൽ 33 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. നാല് ഓവറിൽ 15 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയുടെ പ്രകടനം ശ്രദ്ധേയമായി. ട്രെന്റ് ബോൾട്ട് നാല് ഓവറിൽ 37 റൺസ് വഴങ്ങിയും ഒരു വിക്കറ്റെടുത്തു.

English Summary: Mumbai Indians vs Rajasthan Royals, 24th Match - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com