ADVERTISEMENT

അഹമ്മദാബാദ് ∙ ബോളർമാരുടെ മികവിൽ ബാംഗ്ലൂരിന്റെ ലോകോത്തര ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കി പഞ്ചാബ്. 180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 145 റൺസേ നേടാനായുള്ളു. പഞ്ചാബിന് 34 റൺസ് ജയം. നാല് ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 19 റൺസ് മാത്രം വിട്ടുനൽകി മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ ഹർപ്രീത് ബ്രാറാണ് ബാംഗ്ലൂരിന്റെ മുൻനിര തകർത്തത്. വിരാട് കോലി, ഗ്ലെൻ മാക്സ്‌‌വെൽ, എബി ഡിവില്ലേഴ്സ് എന്നിവരുടെ വിക്കറ്റുകളാണ് ഹർപ്രീത് ബ്രാർ വീഴ്ത്തിയത്. രവി ബിഷ്ണോയ് രണ്ടു വിക്കറ്റും റൈലി മെറിഡത്ത്, ക്രിസ് ജോർദാൻ, മുഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. 34 പന്തിൽ ഒരു സിക്സും മൂന്നു ഫോറുമുൾപ്പെടെ 35 റൺസ് നേടിയ വിരാട് കോലിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറർ.

പഞ്ചാബ് ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച ബാംഗ്ലൂർ ശ്രദ്ധയോടെയാണ് തുടങ്ങിയത്. മൂന്നാം ഓവറിൽ ദേവ്ദത്ത് പടിക്കലിനെ (7 റൺസ്) റൈലി മെറിഡത്ത് ബൗൾഡാക്കി. 10 ഓവർ പിന്നിട്ടപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് മാത്രമാണ് ബാംഗ്ലൂർ നേടിയത്. 11 ാം ഓവർ‌ ബൗൾ ചെയ്യാനെത്തിയ ഹർപ്രീത് ബ്രാർ ബാംഗ്ലൂരിന് ഇരട്ടപ്രഹരമാണ് ഏൽപ്പിച്ചത്. ഓവറിലെ ആദ്യ പന്തിൽ വിരാട് കോലിയെ (35 റൺസ്) ഹർപ്രീത് ബ്രാർ ബൗൾഡാക്കുകയായിരുന്നു. തൊട്ടടുത്ത പന്തിൽ ഗ്ലെൻ മാക്സ്‌‌വെലിനെ (പൂജ്യം) ഹർപ്രീത് ബ്രാർ ബൗൾഡാക്കി.

ബാംഗ്ലൂർ പ്രതീക്ഷയർപ്പിച്ച എബി ഡിവില്ലേഴ്സും വൈകാതെ പുറത്തായി. 9 പന്തുകൾ നേരിട്ട് 3 റൺസ് മാത്രം നേടിയ ഡിവില്ലേഴ്സിനെ ഹർപ്രീത് ബ്രാറിന്റെ ബോളിങ്ങിൽ കെ.എൽ. രാഹുൽ ക്യാച്ചെടുത്തു പുറത്താക്കി. ഒരറ്റത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും പൊരുതിനിന്ന രജത് പാട്ടീദാറിനെ 15 ാം ഓവറിൽ ബാംഗ്ലൂരിനു നഷ്ടമായി. 30 പന്തിൽ ഒരു സിക്സും രണ്ടു ഫോറുമുൾപ്പെടെ 31 റൺസെടുത്ത പാട്ടീദാറിനെ ക്രിസ് ജോർദാന്റെ ബോളിങ്ങിൽ നിക്കോളാസ് പുരാൻ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. 

Harpreet-Brar
ഹർപ്രീത് ബ്രാർ

ഷഹ്ബാസ് അഹമ്മദിനെ (8 റൺസ്) രവി ബിഷ്ണോയുടെ ബോളിങ്ങിൽ ഹർപ്രീത് ബ്രാർ ക്യാച്ചെടുത്തു. പിന്നാലെ ഡാനിയർ സാംസിനെ (3 റൺസ്) രവി ബിഷ്ണോയ് ബൗൾഡാക്കി. വമ്പൻ ഷോട്ടുകളുമായി അവസാന ഓവറുകളിൽ ഹർഷൽ പട്ടേലും കൈൽ ജാമിസനും പൊരുതി നോക്കി. ബാംഗ്ലൂരിന്റെ ഇന്നിങ്സ് അവസാനിക്കാൻ രണ്ടു പന്തുകൾ ശേഷിക്കെ ഹർഷൽ പട്ടേൽ (13 പന്തിൽ 2 സിക്സും 3 ഫോറുമുൾപ്പെടെ 31 റൺസ്) പുറത്തായി. കൈൽ ജാമിസൻ 11 പന്തിൽ ഒരു സിക്സും ഒരു ഫോറുമുൾപ്പെടെ 16 റൺസോടെയും മുഹമ്മദ് സിറാജ് റണ്ണൊന്നുമെടുക്കാതെയും പുറത്താകാതെ നിന്നു. 

നേരത്തെ, ടോസ് നേടിയ ബാംഗ്ലൂർ നായകൻ വിരാട് കോലി പഞ്ചാബിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടക്കത്തിലെ കിതപ്പിനു ശേഷം നായകൻ കെ.എൽ. രാഹുലും ഹർപ്രീത് ബ്രാറും അവസാന ഓവറിൽ നടത്തിയ കടന്നക്രമണത്തിലാണ് ബാംഗ്ലൂരിനെതിരെ പഞ്ചാബ് മികച്ച സ്കോർ നേടിയത്. 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് പഞ്ചാബ് നേടിയത്. കെ.എൽ. രാഹുൽ 57 പന്തിൽ അഞ്ച് സിക്സും ഏഴു ഫോറുമുൾപ്പെടെ 91 റൺസോടെയും ഹർപ്രീത് ബ്രാർ 17 പന്തിൽ രണ്ടു സിക്സും ഒരു ഫോറുമുൾപ്പെടെ 25 റൺസോടെയും പുറത്താകാതെ നിന്നു. ക്രിസ് ഗെയ്‍ൽ 24 പന്തിൽ രണ്ടു സിക്സും ആറു ഫോറുമുൾപ്പെടെ 46 റൺസെടുത്തു.

കെ.എൽ. രാഹുലും ക്രിസ് ഗെയ്‍ലും ഹർപ്രീത് ബ്രാറും ഒഴികെ ആരും പഞ്ചാബ് നിരയിൽ രണ്ടക്കം കടന്നില്ല. പ്രഭ്‌സിമ്രൻ സിങ് (7 റൺസ്), നിക്കോളാസ് പുരാൻ (പൂജ്യം), ദീപക് ഹൂഡ (5 റൺസ്), ഷാരൂഖ് ഖാൻ (പൂജ്യം) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ പ്രകടനം.

കെ.എൽ. രാഹുൽ - ക്രിസ് ഗെയ്‍ൽ സഖ്യം 45 പന്തുകളിൽ നേടിയ 80 റൺസ് കൂട്ടുകെട്ടാണ് പഞ്ചാബ് ബാറ്റിങ്ങിന് അടിത്തറ പാകിയത്. അവസാന ഓവറുകളിൽ കെ.എൽ. രാഹുൽ - ഹർപ്രീത് ബ്രാർ കൂട്ടുകെട്ട് 32 പന്തുകളിൽ 61 റൺസാണ് അടിച്ചുകൂട്ടിയത്. ബാംഗ്ലൂർ നിരയിൽ കൈൽ ജാമിസൻ രണ്ടു വിക്കറ്റും ഡാനിയർ സാംസ്, യുസ്‌വേന്ദ്ര ചെഹൽ, ഷഹ്ബാസ് അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

English Summary: Indian Premiere League 26th match Punjab Kings vs Royal Challengers Bangalore Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com