ADVERTISEMENT

അഹമ്മദാബാദ് ∙ ശിഖർ ധവാനെ കാഴ്ചക്കാരനാക്കി പൃഥ്വി ഷാ കത്തിപ്പടർന്നപ്പോൾ ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിഷ്പ്രഭമായി. പൃഥ്വി നിറ‍ഞ്ഞാടിയപ്പോൾ ധവാൻ മികച്ച പിന്തുണ നൽകി.

ഐപിഎൽ ചരിത്രത്തിലെ അപൂർവമായോരു നേട്ടം പൃഥ്വി ഷാ സ്വന്തമാക്കുന്നതിനാണ് വ്യാഴാഴ്ച ക്രിക്കറ്റ് പ്രേമികൾ സാക്ഷ്യം വഹിച്ചത്. 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത നേടിയ 154 റൺസ് പിന്തുടർന്ന ഡൽഹിയ്ക്കു വേണ്ടി ശിഖർ ധവാൻ – പൃഥ്വി ഷാ കൂട്ടുകെട്ടാണ് ഓപ്പൺ ചെയ്തത്.

ശിവം മാവി എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്ത് നേരിട്ടത് പൃഥ്വി ഷാ. വൈഡ് എറിഞ്ഞാണ് ശിവം മാവി ബോളിങ് ആരംഭിച്ചത്. തുടർന്നങ്ങോട്ട് പൃഥ്വി ‘ഷോ’ തന്നെയായിരുന്നു. തുടർന്നുള്ള പന്തുകൾ തുടർച്ചയായി അതിർത്തി കടത്തിയ പൃഥ്വി ഷാ, ശിവം മാവിയെ നിലംതൊടാൻ അനുവദിച്ചില്ല. 6 പന്തും ഫോർ അടിച്ച പൃഥ്വി ഷാ 24 റൺസാണ് അടിച്ചുകൂട്ടിയത്. ആദ്യ പന്തിലെ വൈഡും കൂടിയായതോടെ ആ ഓവറിൽ പിറന്നത് 25 റൺസ്. 18 പന്തിലാണ് പൃഥ്വി ഷാ അർധ സെഞ്ചുറി തികച്ചത്. 

പൃഥ്വിയും ധവാനും (47 പന്തിൽ 46) ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 132 റൺസ് നേടിയതോടെ ഡൽഹിയുടെ വിജയം അനായാസമായി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 7 വിക്കറ്റ് ജയം. കൊൽക്കത്ത നേടിയ 154 റൺസ് ഡൽഹി 16.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 11 ഫോറും 3 സിക്സും അടങ്ങുന്നതാണു പൃഥ്വിയുടെ (41 പന്തിൽ 82) ഇന്നിങ്സ്. 

ഐപിഎൽ മത്സരത്തിൽ ഒരു ഇന്നിങ്സിന്റെ ആദ്യ ഓവറിൽ 6 ഫോറുകൾ നേടുന്ന ആദ്യ താരമാണു പൃഥ്വി ഷാ. അതേപോലെ ഐപിഎൽ ചരിത്രത്തിൽ ഒരു ഓവറിൽ ആറു ഫോറടിക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും പൃഥ്വി ഷാ സ്വന്തമാക്കി. പൃഥ്വി ഷായുടെ നിലവിലെ സഹതാരവും രാജസ്ഥാൻ റോയൽസ് മുൻ നായകനുമായ അജിൻക്യ രഹാനെയാണ് ആ നേട്ടം സ്വന്തമാക്കിയ ആദ്യ താരം.

രാജസ്ഥാൻ ടീം അംഗമായിരിക്കെ 2012 ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് അജിൻക്യ രഹാനെ ഈ അപൂർവ നേട്ടം കൈവരിച്ചത്. 14 ാം ഓവറിൽ പേസർ ശ്രീനാഥ് അരവിന്ദാണ് രഹാനെയുടെ ബാറ്റിങ്ങിന്റെ ചൂടറിഞ്ഞത്. ‌തുടർച്ചയായ ആറു പന്തുകളും രഹാനെ അതിർത്തി കടത്തി. ആ മത്സരത്തിൽ രഹാനെ 103 റൺസെടുത്ത് പുറത്താകാതെ നിന്നു. 

English Summary: Prithvi Shaw becomes second batsman in IPL history to hit six fours in an over

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com