ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിലെ ആവേശപ്പോരാട്ടത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ പഞ്ചാബ് കിങ്സ് തകർത്തെങ്കിലും, തകർപ്പൻ പറ്റാത്ത ഒന്നുണ്ട്. ഇരു ടീമുകളിലുമായി കളിക്കുന്ന വെസ്റ്റിൻഡീസ് സൂപ്പർ താരം ക്രിസ് ഗെയ്‌ലും ഇന്ത്യൻ താരം യുസ്‌വേന്ദ്ര ചെഹലും തമ്മിലുള്ള രസകരമായ സൗഹൃദം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ പഞ്ചാബ് വിജയം നേടിയതിനു തൊട്ടുപിന്നാലെ ‘മസിൽ പെരുപ്പിച്ച്’ കളത്തിലിറങ്ങിയ ഗെയ്‌ലും ചെഹലും ആരാധകരുടെ ശ്രദ്ധ കവർന്നു.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണെടുത്തത്. യുസ്‌വേന്ദ്ര ചെഹലിനെതിരായ ഇരട്ട സിക്സർ സഹിതം 24 പന്തിൽ 46 റൺസെടുത്ത ക്രിസ് ഗെയ്‍ൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മത്സരത്തിൽ നാല് ഓവറിൽ 34 റൺസ് മാത്രം വഴങ്ങിയ ചെഹലിന് ലഭിച്ചത് ഒരേയൊരു വിക്കറ്റും. മറുപടി ബാറ്റിങ്ങിൽ നിശ്ചിത 20 ഓവറിൽ ബാംഗ്ലൂരിനെ എട്ടു വിക്കറ്റ് നഷ്ടത്തിൽ 145 റൺസിൽ ഒതുക്കിയ പഞ്ചാബ്, 34 റൺസിനാണ് ജയിച്ചുകയറിയത്.

കളത്തിൽ ആവേശം വിതറിയ പോരാട്ടത്തിനുശേഷമാണ് ‘മസിൽ പെരുപ്പിച്ച്’ ഗെയ്‌ലും ചെഹലും കളത്തിലിറങ്ങിയത്. ഇവരുടെ ‘മസിൽച്ചിത്രം’ പകർത്താനെത്തിയ ബാംഗ്ലൂരിന്റെ മലയാളി താരം സച്ചിൻ ബേബിയും. ഗെയ്‍ലിന്റെയും ചെഹലിന്റെയും മസിൽച്ചിത്രം പകർത്തുന്ന സ‍ച്ചിൻ ബേബിയുടെ ഫോട്ടോ സഹിതം പഞ്ചാബ് കിങ്സ് ട്വിറ്ററിൽ കുറിച്ചതിങ്ങനെ:

‘ഇന്നത്തെ പഞ്ചാബ് കിങ്സ് – റോയൽ ചാലഞ്ചേഴ്സ് മത്സരത്തിന്റെ രത്നച്ചുരുക്കം’!

മുൻപ് ക്രിസ് ഗെയ്‍ൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരമായിരുന്നതു മുതൽ അടുത്ത സുഹൃത്തുക്കളാണ് ക്രിസ് ഗെയ്‍ലും യുസ്‌വേന്ദ്ര ചെഹലും. താരം ടീം വിട്ടെങ്കിലും ഇരുവരുടെയും സൗഹൃദത്തിന് ഇടിവൊന്നും തട്ടിയില്ല. സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യങ്ങളായ ഇരുവരും തമ്മിലുള്ള രസകരങ്ങളായ ‘ഏറ്റുമുട്ടലുകളും’ ആരാധകർ ആഘോഷിക്കാറുണ്ട്.

English Summary: Chris Gayle and Yuzvendra Chahal flex their muscles in shirtless picture after PBKS beat RCB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com