ADVERTISEMENT

മുംബൈ∙ വിവിധ ടീമുകളിലെ താരങ്ങൾക്കും പരിശീലക സംഘാംഗങ്ങൾക്കും കോവിഡ് ബാധിച്ചതോടെ, ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ മുംബൈയിൽ മാത്രമായി നടത്താൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) ആലോചിക്കുന്നു. കൊൽക്കത്ത ടീമിലെ വരുണ്‍ ചക്രവർത്തി, സന്ദീപ് വാരിയർ എന്നിവർക്കും ചെന്നൈ സൂപ്പർ കിങ്സിലെ ബോളിങ് പരിശീലകൻ ലക്ഷ്മിപതി ബാലാജിക്കും ഉൾപ്പെടെ മൂന്നു പേർക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മത്സരങ്ങൾ മുംബൈയിൽ മാത്രമായി നടത്തുന്ന കാര്യം ബിസിസിഐ പരിഗണിക്കുന്നത്.

നിലവിൽ മത്സരങ്ങൾക്ക് വേദിയാകുന്ന അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലും ഡൽഹി അരുൺ ജയ്റ്റ്‍ലി സ്റ്റേഡിയത്തിലും കളിക്കുന്ന ടീമുകളിലെ താരങ്ങൾക്കും സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെയാണ് ആദ്യ ഘട്ടത്തിൽ സുരക്ഷിതമായി മത്സരങ്ങൾക്ക് വേദിയായ മുംബൈയിലേക്ക് ശേഷിക്കുന്ന മത്സരങ്ങൾ ചുരുക്കാൻ ബിസിസിഐ ആലോചിക്കുന്നത്. അങ്ങനെ വന്നാൽ ഐപിഎൽ മത്സരങ്ങളുടെ സമയക്രമത്തിലും വ്യത്യാസം വരാൻ സാധ്യതയേറെയാണ്. ഒരേ ദിവസം രണ്ടു മത്സരങ്ങളെന്ന രീതി കൂടുതൽ വ്യാപിപ്പിക്കേണ്ടിയും വരും. നിലവിൽ മേയ് 30ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഈ സീസണിലെ കലാശപ്പോരാട്ടം ജൂൺ ആദ്യ വാരം നടത്തുന്ന കാര്യവും പരിഗണനയിലാണ്.

മുംബൈയിൽ എട്ടു ടീമുകൾക്കും തങ്ങുന്നതിന് ഹോട്ടലുകൾ കണ്ടെത്തി അവിടെ ബയോ സെക്യുർ ബബ്ള്‍ സംവിധാനം സൃഷ്ടിക്കുകയാണ് ഇക്കാര്യത്തിൽ ബിസിസിഐ നേരിടുന്ന വെല്ലുവിളി. എട്ടു ടീമുകൾക്കും പരിശീലിക്കാൻ ഗ്രൗണ്ടുകളും വേണം. ഐപിഎലിന്റെ ആദ്യ ഘട്ടത്തിൽ  വാങ്കഡെ, ഡിവൈ പാട്ടീൽ, ബ്രാബോൺ സ്റ്റേഡിയങ്ങൾ മത്സരങ്ങൾക്കും പരിശീലനത്തിനുമായി ഉപയോഗിച്ചിരുന്നതിനാൽ മത്സര സജ്ജമാണ്. ഇതിൽ വാങ്കഡെ സ്റ്റേഡിയം മാത്രമാണ് ആദ്യ ഘട്ടത്തിൽ മത്സരങ്ങൾക്കു വേദിയായത്. മറ്റു രണ്ടു സ്റ്റേഡിയങ്ങളും ബാന്ദ്ര–കുർള കോംപ്ലക്സിലെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയവും പരിശീലനങ്ങൾക്കായും ഉപയോഗിച്ചിരുന്നു.

അടിയന്തരമായി ബയോ സെക്യുർ ബബ്ളുകൾ രൂപീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കാനാകുമോയെന്ന് ആരാഞ്ഞ് ബിസിസിഐ മുംബൈയിലെ എട്ട് പ്രമുഖ ഹോട്ടലുകളെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ‘ക്രിക്ഇൻഫോ’ റിപ്പോർട്ട് ചെയ്തു. അതേസമയം, ഇക്കാര്യത്തിൽ ബിസിസിഐയോ ഐപിഎൽ അധികൃതരോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഐപിഎലിന്റെ അടുത്ത ഘട്ടത്തിലെ മത്സരങ്ങൾക്ക് വേദിയാകേണ്ടത് ബെംഗളൂരുവും കൊൽക്കത്തയുമാണെങ്കിലും, ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് മുംബൈയിലേക്കു മാത്രമായി മത്സരങ്ങൾ ഒതുക്കുന്ന കാര്യം ആലോചിക്കുന്നത്.

English Summary: Amid Covid concerns, BCCI considers moving the IPL to Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com