ADVERTISEMENT

മുംബൈ∙ കോവിഡ് വ്യാപനം സൃഷ്ടിച്ച കടുത്ത പ്രതിസന്ധിക്കിടെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കരാറിലൂടെ ലഭിച്ച പണം ജീവിതത്തിൽ സഹായകമായത് എങ്ങനെയെന്ന് വിവരിച്ച് രാജസ്ഥാൻ റോയൽസ് താരം ചേതൻ സാകരിയ. ഐപിഎൽ 14–ാം സീസൺ പാതിവഴിയിൽ നിർത്തിവച്ചതോടെ ടീം ക്യാംപ് വിട്ട ചേതൻ ഇപ്പോൾ കുടുംബത്തിനൊപ്പമാണ്. കോവിഡ് ബാധിതനായ പിതാവിന് മികച്ച ചികിത്സ ഉറപ്പാക്കാൻ ഐപിഎലിൽനിന്ന് ലഭിച്ച പണമാണ് സഹായകമായതെന്ന് ചേതൻ സാകരിയ വെളിപ്പെടുത്തി. നിലവിൽ ഗുജറാത്തിലെ ഭാവ്നഗറിലെ ആശുപത്രിയിൽ ചികിത്സയിലാണ് ചേതന്റെ പിതാവ്. 

ആഭ്യന്തര ക്രിക്കറ്റിൽ സൗരാഷ്ട്രയ്ക്കു കളിക്കുന്ന ചേതനെ ഇക്കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ 1.2 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചത്. കോടിയിൽ എത്ര പൂജ്യമുണ്ടെന്നു പോലും അറിയാത്തയാളാണ് തന്റെ അമ്മയെന്നും സാകരിയ പറഞ്ഞു.

‘ഭാഗ്യവശാൽ രാജസ്ഥാൻ റോയൽസിനു കളിച്ചതിന്റെ പ്രതിഫലത്തിന്റെ ഒരു ഭാഗം കഴിഞ്ഞ ദിവസം കയ്യിൽ കിട്ടി. ആ പണം അതേപടി ഞാൻ വീട്ടിലേക്ക് അയച്ചുകൊടുത്തു. ഈ ബുദ്ധിമുട്ടേറിയ സമയത്ത് അത് ഞങ്ങൾക്കേകിയ ആശ്വാസം തീരെ ചെറുതല്ല’ – ചേതൻ സാകരിയ പറഞ്ഞു.

‘കോവിഡ് വ്യാപനം മുൻനിർത്തി ഐപിഎൽ നിർത്തിവയ്ക്കണമെന്ന് ഒട്ടേറെപ്പേർ ആവശ്യപ്പെടുന്നതു കണ്ടു. അവരോടായി ഒരു കാര്യം പറയാനുണ്ട്. എന്റെ കുടുംബത്തിന്റെ ഏക അത്താണി ഞാനാണ്. ക്രിക്കറ്റില്ലെങ്കിൽ ഞങ്ങളുടെ ജീവിതം തന്നെ വഴിമുട്ടും’ – സാകരിയ പറഞ്ഞു.

‘കോവിഡ് ബാധിതനായ പിതാവിന് കൂടുതൽ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ എനിക്കു കഴിഞ്ഞത് ഐപിഎലിൽനിന്നു ലഭിച്ച പണം കൊണ്ടാണ്. ഒരു മാസത്തേക്കാണെങ്കിൽപ്പോലും ഐപിഎൽ നടന്നിരുന്നില്ലെങ്കിൽ ഇപ്പോൾ ഞങ്ങളുടെ അവസ്ഥ ആലോചിക്കാൻ പോലും വയ്യ. തീർത്തും പാവപ്പെട്ട ഒരു കുടുംബത്തിൽനിന്നാണ് ഞാൻ വരുന്നത്. ജീവിതകാലം മുഴുവൻ ടെംപോ ഓടിച്ചിരുന്ന വ്യക്തിയാണ് എന്റെ പിതാവ്. ഞങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ചത് ഐപിഎലാണ്’ – സാകരിയ പറഞ്ഞു.

‘ഇത്രയും പണം സമ്പാദിച്ച ഞങ്ങളുടെ കൂട്ടത്തിലെ ഒരേയൊരു വ്യക്തി ഞാനാണ്. കോടിയിൽ എത്ര പൂജ്യങ്ങളുണ്ടെന്നു പോലും അറിയാത്ത വ്യക്തിയാണ് എന്റെ മാതാവ്. പിതാവിനെ കോവിഡ് മുക്തനാക്കി തിരികെ വീട്ടിലെത്തിക്കുകയാണ് ഞങ്ങളുടെ പ്രഥമ ലക്ഷ്യം. അതുകഴിഞ്ഞും ഉത്തരവാദിത്തങ്ങളേറെയുണ്ട്. അതെല്ലാം നടക്കണമെങ്കിൽ ഐപിഎൽ നടന്നേ മതിയാകൂ’ – സാകരിയ പറഞ്ഞു.

രാജസ്ഥാൻ റോയൽസിനായി ഏഴു വിക്കറ്റുകളാണ് ഈ സീസണിൽ ചേതൻ സാകരിയയുടെ സമ്പാദ്യം. ക്രിസ് മോറിസ്, ജയ്ദേവ് ഉനദ്കട്, മുസ്താഫിസുർ റഹ്മാൻ എന്നിവർക്കൊപ്പം ചേതൻ സാകരിയയും ചേർന്ന ബോളിങ് കൂട്ടുകെട്ടായിരുന്നു രാജസ്ഥാന്റെ ബലം. 

ഐപിഎൽ 14–ാം സീസണിൽ പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ കെ.എൽ. രാഹുൽ, മയാങ്ക് അഗർവാൾ എന്നിവരുടേത് ഉൾപ്പെടെ മൂന്നു വിക്കറ്റുകൾ പിഴുതാണ് സാകരിയ അരങ്ങേറ്റം കുറിച്ചത്. ആകെ 440 റൺസ് പിറന്ന ഈ മത്സരത്തിൽ സാകരിയ നാല് ഓവറിൽ വിട്ടുകൊടുത്തത് 31 റൺസ് മാത്രം. ഒരാഴ്ചയ്ക്കുശേഷം സാക്ഷാൽ എം.എസ്. ധോണിയുടെ വിക്കറ്റ് സ്വന്തമാക്കാനും സാകരിയയ്ക്ക് കഴിഞ്ഞു.

∙ ആരാണ് ചേതൻ സാകരിയ?

ഗുജറാത്തിലെ ഭാവ്നഗറിൽ ജനിച്ച ഇരുപത്തിമൂന്നുകാരനായ ചേതൻ അമ്മാവന്റെ സംരക്ഷണത്തിലാണ് വളർന്നത്. ടെംപോ ഡ്രൈവറായ പിതാവിനു ചേതന്റെ ക്രിക്കറ്റ് പരിശീലന ചെലവുകൾ വഹിക്കാൻ കഴിയാത്തതിനാലായിരുന്നു അത്. ക്രിക്കറ്റിനൊപ്പം പഠനവും അമ്മാവന്റെ സ്ഥാപനത്തിലെ കണക്കെഴുത്തുമായി തിരക്കു പിടിച്ചതായിരുന്നു ചേതന്റെ ജീവിതം. ചേതന്റെ ക്രിക്കറ്റ് മികവു കണ്ട അമ്മാവൻ 10–ാം ക്ലാസിനു ശേഷം അവനെ ഒരു ക്രിക്കറ്റ് അക്കാദമിയിൽ ചേർത്തു. അവിടെത്തുടങ്ങിയ പടിപടിയായുള്ള വളർച്ച ഇപ്പോൾ എത്തി നിൽക്കുന്നത് സ്വപ്നസാഫല്യങ്ങളിലൊന്നായ ഐപിഎലിൽ.

ഈ വർഷമാദ്യം സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ കളിക്കുന്നതിനിടെ നാട്ടിൽ ചേതന്റെ അനിയൻ ആത്മഹത്യ ചെയ്തിരുന്നു. എന്നാൽ മത്സരത്തിൽ നിന്ന് ചേതന്റെ ശ്രദ്ധ മാറരുത് എന്നു കരുതി ആ വിവരം 10 ദിവസം ചേതനോടു പറഞ്ഞില്ല എന്ന് അമ്മ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഒടുവിൽ മരണവിവരമറിഞ്ഞപ്പോൾ ചേതൻ ആരോടും മിണ്ടാതെ ഒരാഴ്ച കഴിച്ചു കൂട്ടി. തൊട്ടു പിന്നാലെയായിരുന്നു രാജസ്ഥാൻ റോയൽസിലേക്കുള്ള വിളി.

English Summary: Money from IPL 2021 helping family in my toughest time: Chetan Sakariya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com