ADVERTISEMENT

ബെംഗളൂരു∙ ന്യൂസീലൻഡിനെതിരായ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ, അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന ഇംഗ്ലണ്ട് പര്യടനം എന്നിവയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് റിസർവ് താരമായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ, പ്രസിദ്ധ് കൃഷ്ണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നു പ്രസിദ്ധ് കൃഷ്ണ. ഐപിഎൽ 14–ാം സീസണിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട കൊൽക്കത്ത ക്യാംപിൽ, കോവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെ താരമാണ് പ്രസിദ്ധ് കൃഷ്ണ.

പ്രസിദ്ധിനു മുൻപേ തമിഴ്നാട് താരം വരുണ്‍ ചക്രവർത്തി, മലയാളി പേസ് ബോളർ സന്ദീപ് വാരിയർ, ന്യൂസീലൻഡ് താരം ടിം സീഫർട്ട് എന്നീ കൊൽക്കത്ത താരങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രസിദ്ധ് കൃഷ്ണ സ്വദേശമായ ബെംഗളൂരുവിൽ ഐസലേഷനിൽ പ്രവേശിച്ചു.

കൊൽക്കത്ത ടീമിൽ ആദ്യം കോവിഡ് ബാധിച്ചത് വരുൺ ചക്രവർത്തിക്കാണെന്നാണ് റിപ്പോർട്ട്. പരിശീലനത്തിനിടെയാണ് പ്രസിദ്ധ് കൃഷ്ണയ്ക്കും സന്ദീപ് വാരിയർക്കും ചക്രവർത്തിയിൽനിന്ന് കോവിഡ് ബാധിച്ചത്. ടീം ക്യാംപിൽ വരുൺ ചക്രവർത്തിയുടെ അടുത്ത സുഹൃത്താണ് പ്രസിദ്ധ് കൃഷ്ണയെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

‘രണ്ട് തവണ കോവിഡ് പരിശോധനയ്ക്കു വിധേയനാക്കിയിരുന്നെങ്കിലും, ഫലം നെഗറ്റീവായതിനാൽ മറ്റു താരങ്ങൾക്കൊപ്പം മേയ് മൂന്നിനുതന്നെ പ്രസിദ്ധ് ക‌ൃഷ്ണയും ബയോ സെക്യുർ ബബ്ൾ വിട്ട് സ്വദേശത്തേക്ക് മടങ്ങിയിരുന്നു. പക്ഷേ, ബെംഗളൂരുവിൽ എത്തിയശേഷം നടത്തിയ പരിശോധയിൽ താരം പോസിറ്റിവായി’ – ബിസിസിഐ വൃത്തങ്ങൾ വെളിപ്പെടുത്തി.

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി ഇന്ത്യൻ ടീം ഈ മാസം 25ന് ബയോ സെക്യുർ ബബ്ളിലേക്കു പ്രവേശിക്കും മുൻപ് കൃഷ്ണ കോവിഡ് മുക്തനാകുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ. 

English Summary: KKR pacer Prasidh Krishna tests positive for COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com