ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തിരികെയെത്തണമെങ്കിൽ ശരീരഭാരം കുറയ്ക്കാൻ യുവതാരം പൃഥ്വി ഷായോട് സിലക്ടർമാർ നിർദ്ദേശിച്ചതായി വെളിപ്പെടുത്തൽ. ന്യൂസീലൻഡിനെതിരായ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനും തുടർന്നുള്ള ഇംഗ്ലണ്ട് പര്യടനത്തിനുമുള്ള ടീമിൽനിന്ന് താരത്തെ തഴഞ്ഞതിനു പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ. ഇന്ത്യയുടെ കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിലെ അഡ്‌ലെയ്ഡ് ടെസ്റ്റിൽ പൃഥ്വി ഷാ കളിച്ചിരുന്നു. എന്നാൽ ഒന്നാം ഇന്നിങ്സിൽ പൂജ്യത്തിനും രണ്ടാം ഇന്നിങ്സിൽ നാലു റൺസിനും പുറത്തായതിനു പിന്നാലെ താരത്തെ ടീമിൽനിന്ന് ഒഴിവാക്കുകയായിരുന്നു. തുടർന്ന് ഇംഗ്ലണ്ട് ഇന്ത്യയിൽ പര്യടനത്തിന് എത്തിയപ്പോഴും താരത്തെ ടീമിലേക്ക് പരിഗണിച്ചില്ല.

എന്നാൽ, ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിൽ മിന്നുന്ന ഫോമിലായിരുന്ന ഷാ ടീമിലേക്ക് തിരികെയെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുമായി 20 അംഗ ടീമിനെയും നാല് റിസർവ് താരങ്ങളെയും തിരഞ്ഞെടുത്ത സിലക്ടർമാർ, പൃഥ്വി ഷായെ തഴഞ്ഞു.

‘കളത്തിൽ ഒരു ഇരുപത്തൊന്നുകാരന്റെ വേഗം പൃഥ്വി ഷായ്ക്കില്ല.  അദ്ദേഹം കുറച്ചുകൂടി ശരീരഭാരം കുറച്ചേ മതിയാകൂ. ഓസ്ട്രേലിയൻ പര്യടനത്തിൽ ഫീൽഡിങ്ങിൽ ഷായ്ക്ക് ശ്രദ്ധക്കുറവും ഉണ്ടായിരുന്നു. ഓസ്ട്രേലിയയിൽനിന്ന് തിരിച്ചെത്തിയതു മുതൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ഷാ ശ്രമിക്കുന്നുണ്ട്. അദ്ദേഹത്തിനു മുൻപിൽ ഋഷഭ് പന്തിന്റെ വലിയൊരു ഉദാഹരണമുണ്ട്. മാസങ്ങൾക്കുള്ളിൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച് ശക്തമായി തിരിച്ചുവരാൻ പന്തിന് സാധിച്ചിട്ടുണ്ടെങ്കിൽ, പൃഥ്വി ഷായ്ക്കും അത് അനായാസം കഴിയും’ – ബിസിസിഐ വൃത്തങ്ങൾ വെളിപ്പെടുത്തി.

പൃഥ്വി ഷായേപ്പോലൊരു താരത്തെ അധികനാൾ അവഗണിക്കാനാകില്ലെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള ഈ റിപ്പോർട്ടിൽ പറയുന്നു. താരം ഉടൻ തന്നെ രാജ്യാന്തര വേദിയിലേക്ക് തിരിച്ചെത്തുമെന്നും റിപ്പോർട്ടിലുണ്ട്.

‘ഇപ്പോഴത്തെ ഫോം പൃഥ്വി ഷാ കുറച്ചു ടൂർണമെന്റുകളിൽ കൂടി തുടരണം. ഒരു ടൂർണമെന്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ പലതവണ ടീമിലെടുത്തിട്ടുണ്ട്. പക്ഷേ, രാജ്യാന്തര വേദിയിലെത്തുമ്പോൾ അദ്ദേഹം ഫോം ഔട്ടാകും. എന്തായാലും അധികനാൾ അവഗണിക്കാവുന്ന താരമല്ല ഷാ’ – റിപ്പോർട്ടിൽ പറയുന്നു.

∙ ഷായുടെ മിന്നും ഫോം

അതേസമയം, ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ നിറം മങ്ങി ടീമിനു പുറത്തായ ഷാ അതിനുശേഷം തകർപ്പൻ ഫോമിലാണ്. ഈ വർഷത്തെ വിജയ് ഹസാരെ ട്രോഫിയിലെ ഉജ്വല പ്രകടനത്തോടെയാണ് ഷാ ഫോമിലേക്ക് തിരിച്ചെത്തിയത്. എട്ടു മത്സരങ്ങളിൽനിന്ന് 165.40 ശരാശരിയിൽ 800ൽ അധികം റൺസാണ് ഷാ അടിച്ചുകൂട്ടിയത്. പിന്നീട് ഐപിഎൽ 14–ാം സീസണിൽ ഡൽഹി ക്യാപിറ്റൽസിനായും അദ്ദേഹം ഇതേ ഫോം തുടർന്നു. എട്ട് ഐപിഎൽ മത്സരങ്ങളിൽനിന്ന് 166നു മുകളിൽ സ്ട്രൈക്ക് റേറ്റിൽ 307 റൺസാണ് ഷാ അടിച്ചുകൂട്ടിയത്.

English Summary: Prithvi Shaw asked to reduce weight to make comeback in the Indian team - Reports 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com