sections
MORE

സേവാഗിനൊരു ‘തിരുത്ത്’; ക്യാപ്റ്റനെന്ന നിലയിൽ സഞ്ജു വിജയമെന്ന് ജോസ് ബട്‍ലർ!

sanju-buttler
SHARE

ലണ്ടൻ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിൽ ക്യാപ്റ്റനെന്ന നിലയിൽ സഞ്ജു സാംസൺ വിജയമായിരുന്നുവെന്ന വിലയിരുത്തലുമായി സഞ്ജുവിനൊപ്പം കളിച്ചിരുന്ന ഇംഗ്ലിഷ് താരം ജോസ് ബട്‍ലർ. ഐപിഎൽ 14–ാം സീസൺ പാതിവഴിയിൽ നിർത്തിയശേഷം ഇംഗ്ലണ്ടിലേക്കു മടങ്ങിയ ബട്‍ലർ, ഇതിനു പിന്നാലെയാണ് സഞ്ജുവിന്റെ ക്യാപ്റ്റൻസിയെ പുകഴ്ത്തി രംഗത്തെത്തിയത്. കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ താരലേലത്തിനു മുന്നോടിയായി ഒഴിവാക്കിയാണ് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്ഥാനത്ത് സഞ്ജുവിനെ അവരോധിച്ചത്.

അതേസമയം, സഞ്ജുവിന്റെ ക്യാപ്റ്റൻസിയോടു ടീമിലെ ഒരു വിഭാഗം താരങ്ങൾക്ക് താൽപര്യമില്ലെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ  സേവാഗ് ടൂർണമെന്റിനിടെ അഭിപ്രായപ്പെട്ടിരുന്നു. സഞ്ജുവിന്റെ ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ട് ചില വിമർശനങ്ങളും ഉന്നയിച്ചു. ഇതിനിടെയാണ് സഞ്ജുവിനെ പുകഴ്ത്തി സഹതാരം തന്നെയായി ബട്‍ലറിന്റെ രംഗപ്രവേശം.

കോവിഡ് വ്യാപനം നിമിത്തം ടൂർണമെന്റ് പാതിവഴിയിൽ നിർത്തിവച്ചെങ്കിലും, ക്യാപ്റ്റനെന്ന നിലയിൽ വളർച്ചയുടെ പാതയിലായിരുന്നു സഞ്ജുവെന്ന് ബട്‍ലർ അഭിപ്രായപ്പെട്ടു. ക്യാപ്റ്റന്റെ അധിക ചുമതല കൂടി ഉണ്ടായിരുന്നെങ്കിലും ടീമിനായി ഈ സീസണിൽ കൂടുതൽ റൺസ് നേടിയ താരം സഞ്ജുവാണ്. സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ നേടിയ സെഞ്ചുറി സഹിതം ഏഴു മത്സരങ്ങളിൽനിന്ന് 277 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്.

‘ഇത് സഞ്ജുവിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ മനസ്സിലാക്കാനും പഠിക്കാനുമുള്ള അവസരമായിരുന്നു. ടൂർണമെന്റ് പുരോഗമിക്കുന്തോറും ആ പദവിക്കൊത്ത ശൈലിയിലേക്കുള്ള വളർച്ചയിലായിരുന്നു സഞ്ജുവെന്നാണ് എന്റെ അഭിപ്രായം. ടൂർണമെന്റ് പാതിവഴിയിൽ നിർത്തിവച്ചെങ്കിലും അവസാന മത്സരങ്ങളായപ്പോഴേക്കും ടീമെന്ന നിലയിൽ എല്ലാവരെയും ഒത്തുകൊണ്ടുപോകാനും സ്ഥിരതയോടെ കളിക്കാനും അദ്ദേഹത്തിനു സാധിച്ചിരുനനു’ – ബട്‌ലർ ചൂണ്ടിക്കാട്ടി.

ഐപിഎൽ 14–ാം സീസണിൽ സെഞ്ചുറി നേടിയ മൂന്നു താരങ്ങളിൽ രണ്ടുപേരും ഇക്കുറി രാജസ്ഥാൻ റോയൽസിൽനിന്നായിരുന്നു. സഞ്ജുവിനു പുറമെ ജോസ് ബട്‍ലറാണ് രാജസ്ഥാനിൽനിന്ന് സെഞ്ചുറി നേടിയത്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 64 പന്തിൽനിന്ന് ബട്‍ലർ അടിച്ചുകൂട്ടിയത് 124 റൺസാണ്. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കലാണ് സെഞ്ചുറി നേടിയ മറ്റൊരു താരം.

‘സഞ്ജുവിനു കീഴിൽ കളിക്കുന്നത് ഞാന്‍ ശരിക്കും ആസ്വദിച്ചിരുന്നു. കളിക്കാരനെന്ന  നിലയിൽ ക്യാപ്റ്റൻ സ്ഥാനത്തിന്റെ അധിക സമ്മർദ്ദം സഞ്ജുവിനെ ബാധിച്ചിട്ടേയില്ല. അദ്ദേഹം വളരെ ഫ്രീയായി കളിക്കുന്ന, സമ്മർദ്ദങ്ങളൊന്നും തലയിൽ കയറ്റാത്ത വ്യക്തിയാണ്. അതേ മനോഭാവമാണ് അദ്ദേഹം ടീമിന്റെ കാര്യത്തിലും പുലർത്തിയത്. ഞങ്ങളും സമ്മർദ്ദമില്ലാതെ കളിക്കണമെന്ന നിലപാടുകാരനായിരുന്നു അദ്ദേഹം’ – ബട്‍ലർ വിശദീകരിച്ചു.

‘ക്യാപ്റ്റന് ആധികാരികതയുണ്ടായിരിക്കുക എന്നത് എല്ലാ തരത്തിലും പ്രധാനപ്പെട്ടതാണ്. സഞ്ജുവിന്റെ കാര്യത്തിൽ അത് പൂർണമായും റെഡിയാണ്’ – ബട്‍ലർ പറഞ്ഞു.

ഐപിഎൽ 14‌–ാം സീസൺ പാതിവഴിയിൽ നിർത്തിവയ്ക്കുമ്പോൾ ഏഴു മത്സരങ്ങളിൽനിന്ന് മൂന്നു ജയവും നാലു തോൽവിയും സഹിതം ആറു പോയിന്റുമായി അഞ്ചാം സ്ഥാനത്തായിരുന്നു രാജസ്ഥാൻ റോയൽസ്. ഇനി ടൂർണമെന്റ് പുനരാരംഭിച്ചാൽ അഞ്ചാം സ്ഥാനത്തുനിന്നാകും രാജസ്ഥാൻ പോരാട്ടം തുടങ്ങുക.

English Summary: Jos Buttler Impressed with Rajasthan Royals Skipper Sanju Samson's Leadership Skills

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA