ADVERTISEMENT

സിഡ്നി∙ വികൃതിത്തരങ്ങളിലൂടെ എതിരാളികളുടെ ശ്രദ്ധ തെറ്റിക്കുന്ന പതിവ് ഇന്ത്യൻ താരങ്ങൾക്കുണ്ടെന്നു വിമർശിച്ച ഓസ്ട്രേലിയൻ ടെസ്റ്റ് ടീം നായകൻ ടിം പെയ്ൻ വിവാദക്കുരുക്കിൽ. എതിരാളികളുടെ ശ്രദ്ധ തെറ്റിക്കുന്ന പരിപാടികൾ കളത്തിൽ പുറത്തെടുത്താണ് ഇന്ത്യ മത്സരങ്ങൾ ജയിക്കുന്നതെന്ന തരത്തിൽ ടിം പെയ്ൻ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. ഇതോടെ താരത്തിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യയുടെ മുൻ താരങ്ങളും ആരാധകരും സംഘടിതമായി രംഗത്തെത്തി. ഇന്ത്യൻ ആരാധകർ ടിം പെയ്നിന്റെ സമൂഹമാധ്യമത്തിലെ പേജുകളിലും അതിരൂക്ഷ വിമർശനങ്ങളുമായെത്തി. സംഭവം  വിവാദമായതോടെ തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന വിശദീകരണവുമായി പെയ്നും രംഗത്തെത്തി.

ഓസ്ട്രേലിയയിൽ പര്യടനം നടത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം നാലു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പര 2–1ന് സ്വന്തമാക്കി നാലു മാസങ്ങൾ പിന്നിടുമ്പോഴാണ് കളത്തിലെ ഇന്ത്യയുടെ വികൃതികളെക്കുറിച്ച് പെയ്ൻ ആക്ഷേപമുന്നയിച്ചത്. ഓസ്ട്രേലിയൻ പര്യടനത്തിനിടെ ഇന്ത്യ നാലാം ടെസ്റ്റ് നടക്കുന്ന ബ്രിസ്ബേനിലേക്ക് പോകാൻ വിസമ്മതിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ബ്രിസ്ബേൻ ഉൾപ്പെടുന്ന ക്വീൻസ്‌ലാൻഡിലെ കോവിഡ് മാനദണ്ഡങ്ങൾ കർശനമായതിനാലായിരുന്നു ഇത്. എന്നാൽ, ഇതേക്കുറിച്ച് ബിസിസിഐയോ ഇന്ത്യൻ ടീം വൃത്തങ്ങളോ ഒരിക്കൽപ്പോലും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പരമ്പരയുടെ സമയത്ത് നടന്ന ഇത്തരം വിവാദങ്ങളെല്ലാം എതിരാളികളുടെ ശ്രദ്ധ മാറ്റാനുള്ള ഇന്ത്യയുടെ അടവാണെന്നാണ് പെയ്ൻ ചൂണ്ടിക്കാട്ടിയത്.

ഗാബയിൽ നടന്ന നാലാം ടെസ്റ്റിൽ തകർപ്പൻ വിജയം നേടിയ ഇന്ത്യ 2–1ന് പരമ്പര സ്വന്തമാക്കി ചരിത്രം തിരുത്തിയിരുന്നു. മാത്രമല്ല, ഓസീസ് കോട്ടയായ ഗാബയിൽ 32 വർഷത്തിനുശേഷമാണ് ഇന്ത്യ ആതിഥേയരെ തോൽപ്പിച്ചതും. ക്യാപ്റ്റൻ വിരാട് കോലി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ഹനുമ വിഹാരി തുടങ്ങിയ പ്രമുഖ താരങ്ങളുടെ അഭാവത്തിലാണ് ഇന്ത്യ ഗാബയിൽ വിജയക്കൊടി പാറിച്ചത്. ഇതിൽ കോലി കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയപ്പോൾ, മറ്റുള്ളവർക്ക് പരുക്കാണ് തിരിച്ചടിയായത്. ഇതിനിടെയാണ് ഇന്ത്യയുടെ വിജയത്തിന്റെ തിളക്കം കുറയ്ക്കുന്ന പരാമർശങ്ങളുമായി ഓസീസ് നായകന്റെ രംഗപ്രവേശം.

‘കളിയുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ ചെയ്തും വികൃതികൾ കാട്ടിയും എതിരാളികളുടെ ശ്രദ്ധ മാറ്റാൻ മിടുക്കരാണ് ഇന്ത്യൻ താരങ്ങൾ. അടുത്തിടെ ഇന്ത്യ ഇവിടെ പര്യടനത്തിനെത്തിയപ്പോഴും ഇത്തരത്തിലുള്ള ഒട്ടേറെ നിമിഷങ്ങളുണ്ടായിരുന്നു. ഇന്ത്യയുടെ ഈ കുതന്ത്രങ്ങളിലാണ് ഞങ്ങൾ വീണുപോയത്’ – ടിം പെയ്ൻ പറഞ്ഞു.

‘ഇന്ത്യയുടെ ഇത്തരം കുതന്ത്രങ്ങളുടെ ക്ലാസിക് ഉദാഹരണമാണ് ഗാബ ടെസ്റ്റുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം. ഗാബയിൽ കളിക്കാൻ തയാറല്ലെന്നാണ് ഇന്ത്യ അന്നെടുത്ത നിലപാട്. ഇതോടെ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് സ്വാഭാവികമായും ഞങ്ങൾക്ക് ആശങ്കയുണ്ടായി. ഇത്തരം കുതന്ത്രങ്ങൾ പയറ്റുന്ന കാര്യത്തിൽ ഇന്ത്യ മിടുക്കരാണ്. ഈ സംഭവങ്ങൾക്കിടയിൽ ഞങ്ങളുടെ ശ്രദ്ധ പതറുകയും ചെയ്തു’ – പെയ്ൻ പറഞ്ഞു.

പെയ്നിന്റെ വാക്കുകളെ ഇന്ത്യൻ ആരാധകരും മുൻ താരങ്ങളും കടുത്ത ഭാഷയിലാണ് വിമർശിച്ചത്. ഇന്ത്യയ്‌ക്കെതിരെ തുടർച്ചയായി രണ്ടു ടെസ്റ്റ് പരമ്പരകൾ തോറ്റതിന്റെ ക്ഷീണം മാറ്റാൻ പെയ്ൻ കണ്ടെത്തുന്ന ന്യായങ്ങളാണ് ഇതെന്നായിരുന്നു പ്രധാന വിമർശനം.

∙ വാക്കുകൾ വളച്ചൊടിച്ചെന്ന് പെയ്ൻ

സംഭവം കൈവിട്ടുപോയതോടെ, തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന വിശദീകരണ‌വുമായി പെയ്ൻ നേരിട്ട് രംഗത്തെത്തി. തോൽവിക്ക് കാരണം കണ്ടെത്തുകയായിരുന്നില്ല തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയ പെയ്ൻ, ഇന്ത്യ അർഹിച്ച വിജയമായിരുന്നു അതെന്ന് താൻ പറഞ്ഞത് വിവാദമുണ്ടാക്കുന്നതിന് എടുത്തു മാറ്റിയെന്നും വിശദീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ രൂക്ഷമായി പ്രതികരിക്കുന്ന ഇന്ത്യൻ ആരാധകരുടെ വികാരത്തെ മാനിക്കുന്നുവെന്ന് പറഞ്ഞ പെയ്ൻ, തനിക്ക് അവരോടു സ്നേഹം മാത്രമേയുള്ളൂവെന്നും വ്യക്തമാക്കി.

‘ആ അഭിമുഖത്തിൽ എന്നോട് ഒട്ടേറെ കാര്യങ്ങൾ ചോദിച്ചു. അതിലൊന്ന്, ഇന്ത്യയ്‌ക്കെതിരെ കളിക്കുമ്പോഴുള്ള വെല്ലുവിളികളെക്കുറിച്ചായിരുന്നു. ഞാൻ പറഞ്ഞ ഒരു വെല്ലുവിളി, കളത്തിൽ ശ്രദ്ധ തിരിക്കാൻ അവർ പുറത്തെടുക്കുന്ന വികൃതികൾ തന്നെയായിരുന്നു. ഇന്ത്യൻ താരങ്ങൾ നാലാം ടെസ്റ്റിനായി ബ്രിസ്ബേനിലേക്കു പോകില്ലെന്ന തരത്തിൽ അന്ന് ഒട്ടേറെ ചർച്ചകൾ നടന്നു. മത്സരത്തിനിടെ അവർ ഇടയ്ക്കിടെ ഗ്ലൗസ് മാറ്റുകയും ഫിസിയോയെ കളത്തിലേക്ക് വിളിച്ചു വരുത്തുകയും ചെയ്യും. ഇതെല്ലാം നമ്മുടെ ക്ഷമയെ പരീക്ഷിക്കുന്ന പരിപാടികളാണ്. ഇന്ത്യൻ താരങ്ങളുടെ ഇത്തരം രീതികളാണ് കളിയിൽ ഏറ്റവും വെല്ലുവിളി സൃഷ്ടിച്ചതെന്നാണ് ഞാൻ പറഞ്ഞത്’ – പെയ്ൻ വിശദീകരിച്ചു.

‘ഇക്കാര്യം പറഞ്ഞതിനൊപ്പം തന്നെ, ഇന്ത്യക്കാർ എല്ലാ മേഖലകളിലും ഞങ്ങളെ നിസാരരാക്കിക്കളഞ്ഞുവെന്നും ഞാൻ പറഞ്ഞിരുന്നു. ഇന്ത്യ ഈ പരമ്പര വിജയം അർഹിച്ചതാണെന്നും ഞാൻ പറഞ്ഞു. പക്ഷേ, അതെല്ലാം അവർ വിട്ടുകളഞ്ഞു. ഇന്ത്യൻ ആരാധകർ കൂട്ടത്തോടെ സമൂഹമാധ്യമങ്ങളിലൂടെ എന്നെ വിമർശിക്കുന്നുണ്ട്. ഞാൻ തോൽവിക്ക് ന്യായീകരണം കണ്ടെത്താൻ ശ്രമിക്കുകയാണെന്നാണ് അവരുടെ ആക്ഷേപം’ – പെയ്ൻ പറഞ്ഞു.

‘ഓസ്ട്രേലിയൻ ക്യാപ്റ്റൻമാർ എപ്പോഴൊക്കെ വാ തുറന്നാലും അത് ശ്രദ്ധിക്കപ്പെടുമെന്ന് തീർച്ചയാണ്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. ദീർഘനാളുകൾക്ക് ശേഷം ഞാൻ നൽകിയൊരു മുഴുനീള അഭിമുഖമായിരുന്നു അത്. അതിൽ ഞാൻ തോൽവിക്ക് ന്യായീകരണങ്ങൾ കണ്ടെത്തുകയായിരുന്നില്ല. പരമ്പരയിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നൽകുക മാത്രമായിരുന്നു’ – പെയ്ൻ പറഞ്ഞു.

‘ഇന്ത്യൻ ആരാധകരെ എനിക്ക് ഇഷ്ടമാണ്. അവർ ഇത്തരത്തിൽ വിമർശനങ്ങൾ ഉയർത്തുന്നതൊന്നും ഞാൻ ഗൗനിക്കുന്നില്ല. പ്രത്യേകിച്ചും അത് ഞാൻ അർഹിക്കുന്നുണ്ടെങ്കിൽ. അന്ന് ടെസ്റ്റ് പരമ്പരയുടെ സമയത്ത് ഞാൻ ക്യാച്ചുകൾ കൈവിട്ടപ്പോൾ അവർ എന്നെ വലിച്ചുകീറിയതാണ്. അതൊന്നും എനിക്കു പ്രശ്നമല്ല. അവരുടെ ആവേശത്തെ ‍ഞാൻ മാനിക്കുന്നു. അവർക്ക് ക്രിക്കറ്റിനോടുള്ള ഇഷ്ടം എനിക്ക് വ്യക്തമായി അറിയാം’ – പെയ്ൻ പറഞ്ഞു.

English Summary: Indian fans have been slamming me on social media: Tim Paine clarifies his viral 'sideshows' comment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com