ADVERTISEMENT

സിഡ്നി∙ പന്തു ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട് ഉയർന്ന പുതിയ വെളിപ്പെടുത്തലുകളോടെ വീണ്ടും സംശയനിഴലിലായ സാഹചര്യത്തിൽ, വിശദീകരണക്കുറിപ്പുമായി കേപ് ടൗൺ ടെസ്റ്റിൽ കളിച്ച ഓസീസ് ടീമിലെ ബോളർമാർ. പന്തിൽ കൃത്രിമം കാട്ടിയ വിവരം ഓസീസ് ടീമിലെ ബോളർമാർക്ക് അറിയാമായിരുന്നുവെന്ന തരത്തിൽ സംഭവത്തിൽ ശിക്ഷിക്കപ്പെട്ട കാമറൺ ബാൻക്രോഫ്റ്റ് കഴിഞ്ഞ ദിവസം ചില സൂചനകൾ നൽകിയിരുന്നു. ഇത് ഏറ്റുപിടിച്ച് മുൻ താരങ്ങളിൽ ചിലർ രംഗത്തെത്തുകയും മാധ്യമങ്ങള്‍ വ്യാപകമായി ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയും ചെയ്തതോടെയാണ് ഓസീസ് ടീമിലെ ബോളർമാർ വിശദീകരണക്കുറിപ്പ് ഇറക്കിയത്. കേപ്ടൗൺ ടെസ്റ്റിൽ കളിച്ച പാറ്റ് കമ്മിൻസ്, ജോഷ് ഹെയ്‍സൽവുഡ്, മിച്ചൽ സ്റ്റാർക്ക്, നേഥൻ ലയൺ എന്നിവരാണ് ഇതേക്കുറിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.

മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ, കാമറൺ ബാൻക്രോഫ്റ്റ് എന്നിവർ ഉള്‍പ്പെട്ട പന്ത് ചുരണ്ടൽ വിവാദത്തിൽ പങ്കില്ലെന്ന മുൻപത്തെ വാദം പുതിയ വിശദീകരണക്കുറിപ്പിലും ഓസീസ് ബോളർമാർ ആവർത്തിച്ചു. 2018ൽ കേപ്ടൗണിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനമാണ് ഓസീസ് താരങ്ങൾ പന്തിൽ കൃത്രിമം കാട്ടിയ വിവരം പുറത്തായത്. സംഭവത്തിൽ ഉൾപ്പെട്ടെന്ന് കണ്ടെത്തിയ സ്മിത്ത്, വാർണർ എന്നിവർക്ക് ഓരോ വർഷവും ബാൻക്രോഫ്റ്റിന് ഒൻപതു മാസവും ക്രിക്കറ്റ് ഓസ്ട്രേലിയ സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

വിലക്കു കാലാവധി പിന്നിട്ട് മൂവരും ഓസീസ് ടീമിൽ തിരിച്ചെത്തിയെങ്കിലും, അടുത്തിടെ ഒരു അഭിമുഖത്തിൽ ഓസീസ് ബോളർമാർക്കും പന്തിൽ കൃ‍ത്രിമം കാട്ടിയ വിവരം അറിയാമായിരുന്നുവെന്ന തരത്തിൽ ബാൻക്രോഫ്റ്റ് നൽകിയ സൂചനയാണ് വിവാദം വീണ്ടും ആളിക്കത്തിച്ചത്. പന്തിൽ കൃത്രിമം കാട്ടിയ വിവരം ബോളർമാർ അറിഞ്ഞില്ലെന്നു പറഞ്ഞാൽ ആരു വിശ്വസിക്കുമെന്ന ചോദ്യവുമായി മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ പുനരന്വേഷണത്തിന് തയാറാണെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയും നിലപാടെടുത്തു. ഇതിനു പിന്നാലെയാണ് നാൽവർ സംഘം സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.

‘സത്യസന്ധതയുടെ കാര്യത്തിൽ അഭിമാനിക്കുന്നവരാണ് ഞങ്ങൾ. അതുകൊണ്ടുതന്നെ 2018ലെ കേപ്ടൗൺ ക്രിക്കറ്റ് ടെസ്റ്റുമായി ബന്ധപ്പെട്ട് ഞങ്ങളുടെ ആത്മാർഥതയെ ചില മാധ്യമ പ്രവർത്തകരും മുൻ താരങ്ങളും വീണ്ടും സംശയനിഴലിലാക്കുന്നത് തീർത്തും നിരാശാജനകമാണ്. ഈ വിഷയത്തിൽ ഇതുവരെ ഉയർന്ന എല്ലാ ചോദ്യങ്ങൾക്കും ഞങ്ങൾ പലതവണ ഉത്തരം നൽകിയിട്ടുള്ളതാണ്. ഇപ്പോൾ ഇതാ വീണ്ടും എന്താണ് വസ്തുതയെന്ന് പരസ്യമായി പറയാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുന്നു’ – താരങ്ങൾ പ്രസ്താവനയിൽ വ്യക്തമാക്കി.

‘അന്ന് ന്യൂലാൻഡ്സിലെ വലിയ സ്ക്രീനിൽ പന്തിൽ കൃത്രിമം കാട്ടുന്ന ദൃശ്യം കാണുന്നതുവരെ, ഇതിനായി ഒരു പ്രത്യേക വസ്തു കൊണ്ടുവന്ന വിവരം ഞങ്ങൾ അറിഞ്ഞിട്ടില്ല. ഞങ്ങൾ ബോളർമാരായതുകൊണ്ടു മാത്രം ഇക്കാര്യം അറിഞ്ഞിരിക്കാമെന്ന് തെളിവുകളുടെ പിൻബലമില്ലാതെ വാദിക്കുന്നവരോട് പറയാനുള്ളത് ഇതാണ്: ആ ടെസ്റ്റ് മത്സരം നിയന്ത്രിച്ചിരുന്ന പരിചസമ്പന്നരും ബഹുമാന്യരുമായ നൈജൽ ലോങ്, റിച്ചാർഡ് ഇലിങ്‌വർത്ത് എന്നീ അംപയർമാർ പന്തിൽ കൃത്രിമം കാട്ടുന്ന ദൃശ്യം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട ശേഷം പന്തു വാങ്ങി വിശദമായി പരിശോധിച്ചിരുന്നു. പക്ഷേ, പ്രശ്നങ്ങളൊന്നും കാണാത്തതുകൊണ്ട് അവർ അതേ പന്ത് ഉപയോഗിച്ചാണ് മത്സരം തുടർന്നത്’ – പ്രസ്താവനയിൽ പറയുന്നു.

‘ഞങ്ങൾ ഈ ഉന്നയിക്കുന്ന വാദങ്ങളൊന്നും അന്ന് ന്യൂലാൻഡ്സിൽ നടന്ന സംഭവങ്ങളെ ന്യായീകരിക്കുന്നില്ല. അന്ന് സംഭവിച്ചതെല്ലാം തീർത്തും തെറ്റും സംഭവിക്കാൻ പാടില്ലാത്തതുമായിരുന്നു. ഈ സംഭവത്തിൽനിന്ന് ഞങ്ങളെല്ലാം പഠിച്ചെടുത്ത ചില പാഠങ്ങളുണ്ട്. അത് ഇപ്പോഴുള്ള ഞങ്ങളുടെ കളിയിൽനിന്നും ഞങ്ങളുടെ പെരുമാറ്റത്തിൽനിന്നും കളിയോടുള്ള സമീപനത്തിൽനിന്നും നിങ്ങൾ തിരിച്ചറിയുന്നുണ്ടെന്നു കരുതുന്നു. കളിക്കാരെന്ന നിലയിലും വ്യക്തികളെന്ന നിലയിലും ഓരോ നിമിഷവും വളരാനുള്ള ഞങ്ങളുടെ ശ്രമം ഇനിയും തുടരും.’

‘ഇപ്പോള്‍ നടക്കുന്നതുപോലെ അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നത് ദയവു ചെയ്ത് നിർത്താൻ ഞങ്ങൾ അപേക്ഷിക്കുന്നു. ഇതെല്ലാം വിട്ട് നമ്മൾ മുന്നോട്ടു പോകേണ്ട സമയമായി’ – ഓസീസ് ബോളർമാർ പ്രസ്താവനയിൽ വ്യക്തമാക്കി.

English Summary: Australia bowlers issue statement in ball-tampering row: Did not know foreign substance was taken onto field

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com