ന്യൂഡൽഹി ∙ ഭാവിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം വിജയകരമായി ചുമലിലേറ്റാൻ ഋഷഭ് പന്തിനു കഴിയുമെന്നു മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പറും സിലക്‌ഷൻ കമ്മിറ്റി ചെയർമാനുമായ കിരൺ മോറെ. ഒരിടയ്ക്ക് ഏകദിന, ട്വന്റി20 ടീമുകളിൽനിന്ന് പുറത്തായിട്ടും താരം ഇരട്ടി കരുത്തോടെ തിരിച്ചെത്തിയത് മോറെ ചൂണ്ടിക്കാട്ടി. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനാണ് പന്ത്. സ്റ്റീവ് സ്മിത്ത്, അജിൻക്യ രഹാനെ, രവിചന്ദ്രൻ അശ്വിൻ, ശിഖർ ധവാൻ തുടങ്ങിയ സീനിയർ താരങ്ങളെ മാറ്റിനിർത്തിയാണ് ഡൽഹി മാനേജ്മെന്റ് യുവതാരമായ പന്തിനെ ക്യാപ്റ്റൻ സ്ഥാനത്ത് അവരോധിച്ചത്.
‘ഇന്ത്യൻ ടീമിനെ മുന്നോട്ടു നയിക്കാനുള്ള കഴിവ് പന്തിനുണ്ട്. ഭാവിയിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാകാൻ അദ്ദേഹത്തിനു കഴിയും. അദ്ദേഹത്തിന്റെ മനോഭാവം വച്ച് ഇന്ത്യൻ ക്യാപ്റ്റനാകുമെന്ന് ഉറപ്പാണ്. അദ്ദേഹത്തിന്റെ ചിന്തകൾ കിറുകൃത്യമാണ്. ഒട്ടേരെ കാര്യങ്ങൾ നേടാൻ അദ്ദേഹത്തിനാകും. ഏകദിന, ട്വന്റി20 ടീമുകളിൽനിന്നു പോലും പന്തിനെ ഒഴിവാക്കിയതാണ്. പക്ഷേ, ഓസ്ട്രേലിയയിൽ എത്ര കരുത്തോടെയാണ് അദ്ദേഹം തിരിച്ചെത്തിയത്. അച്ചടക്കത്തിന്റെ കാര്യത്തിൽ കുറച്ചുകൂടി ശ്രദ്ധാലുവായാൽ ഭാവി ഇന്ത്യ ആ കരങ്ങളിൽ ഭദ്രം’ – മോറെ പറഞ്ഞു.
‘ഋഷഭ് പന്തിന്റെ കരിയർ ഗ്രാഫ് നോക്കൂ. അതിൽ നിറയെ കയറ്റിറക്കങ്ങളാണ്. കരിയറിലെ തിരിച്ചടികൾ അദ്ദേഹത്തെ ശക്തനാക്കിയിട്ടുണ്ട്. ഏകദിന ലോകകപ്പിനുള്ള ടീമിൽ അദ്ദേഹത്തിന് ആദ്യം ഇടം ലഭിച്ചിരുന്നില്ല. പിന്നീട് ഏകദിന, ട്വന്റി20 ടീമുകളിൽനിന്ന് പുറത്തായി. പിന്നീട് ടെസ്റ്റ് ക്രിക്കറ്റിലെ തകർപ്പൻ പ്രകടനത്തിലൂടെ അദ്ദേഹം ടീമിൽ സ്ഥിരാംഗമായ രീതി നോക്കൂ. ടീമിൽനിന്ന് പുറത്തായ ശേഷം തിരിച്ചുവരുന്നത് എക്കാലവും കഠിനമായ ഭാഗമാണ്. അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിനെ ഉയരങ്ങളിലേക്കു നയിക്കുമെന്നതിൽ യാതൊരു സംശയവും വേണ്ട’ – മോറെ പറഞ്ഞു.
‘ധോണി ടീമിലേക്കെത്തിയതു പക്വത വന്നതിനുശേഷമാണ്. എന്നാൽ, പന്ത് അണ്ടർ 19 ടീമിലൂടെ ടീമിലെത്തി. ഇപ്പോഴും അദ്ദേഹം തീരെ ചെറുപ്പമാണ്. പ്രായക്കുറവിന്റെ പ്രശ്നങ്ങൾ അദ്ദേഹത്തിനുണ്ട്. പിഴവുകളും ധാരാളമായി വരുത്തുന്നുണ്ട്. പ്രായക്കുറവിന്റെ ന്യൂനതകൾ പന്ത് മറികടക്കുമെന്നാണ് എന്റെ വിശ്വാസം’ – മോറെ പറഞ്ഞു.
‘വിക്കറ്റ് കീപ്പറിന് ക്യാപ്റ്റനാകാൻ സാധിക്കില്ലെന്നായിരുന്നു മുൻപ് ആളുകളുടെ ധാരണ. ഫീൽഡിൽ ശ്രദ്ധിക്കാനോ അവസരോചിതമായി ബോളിങ് മാറ്റങ്ങൾ കൊണ്ടുവരാനോ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. മറ്റു കാര്യങ്ങളിൽ ശ്രദ്ധിക്കാൻ പോയാൽ വിക്കറ്റിനു പിന്നിലെ ഏകാഗ്രത നഷ്ടമാകുമെന്നും ചിലർ ചൂണ്ടിക്കാട്ടി. ഇത്തരം അനുമാനങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് എം.എസ്. ധോണി വിജയകരമായി ഇനത്യയെ നയിച്ചത്. ക്രിക്കറ്റിൽ, പ്രത്യേകിച്ചും ലിമിറ്റഡ് ഓവർ ഫോർമാറ്റുകളിൽ വിക്കറ്റ് കീപ്പർ ക്യാപ്റ്റനാകുന്നതാണ് കൂടുതൽ ഫലപ്രദമെന്നാണ് എന്റെ അഭിപ്രായം’ – മോറെ പറഞ്ഞു.
English Summary: Rishabh Pant can become India's skipper in the future, predicts Kiran More