ADVERTISEMENT

ചെന്നൈ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിൽ ഡൽഹി ക്യാപിറ്റൽസിനായി കളിക്കുമ്പോൾ, ചെന്നൈയിലുള്ള കുടുംബാംഗങ്ങൾക്ക് കോവിഡ് ബാധിച്ചത് എങ്ങനെയാണ് തന്നെ ബാധിച്ചതെന്ന് വെളിപ്പെടുത്തി സ്പിന്നർ രവിചന്ദ്രൻ അശ്വിൻ രംഗത്ത്. ഐപിഎലിൽ കളിക്കുമ്പോൾത്തന്നെ കുടുംബാംഗങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആധി തന്റെ ഉറക്കം നഷ്ടപ്പെടുത്തിയതായി അശ്വിൻ വിശദീകരിച്ചു. ഇതേത്തുടർന്ന് ടീം മാനേജ്മെന്റിന്റെ അനുവാദത്തോടെ അശ്വിൻ ഐപിഎലിൽനിന്ന് പിന്മാറിയിരുന്നു. പിന്നീട് വിവിധ ടീമുകളിലായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ബിസിസിഐ ഐപിഎൽ പാതിവഴിയിൽ നിർത്തിവയ്ക്കുകയും ചെയ്തു.

‘നാട്ടിൽ എല്ലാവർക്കും തന്നെ കോവിഡ് ബാധിച്ചിരുന്നു. എന്റെ ചില കസിൻസ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. ഭാഗ്യംകൊണ്ടാണ് അവരെല്ലാം രക്ഷപ്പെട്ടത്’ – അശ്വിൻ പറഞ്ഞു.

‘ഐപിഎലിനിടെ 8–9 ദിവസം എനിക്ക് ഉറങ്ങാൻ പോലും കഴിഞ്ഞില്ല. അത്രയ്ക്കായിരുന്നു ടെൻഷൻ. ഉറക്കം നഷ്ടമായതോടെ ആരോഗ്യസ്ഥിതിയും മോശമായി. ഇതൊന്നും എനിക്ക് താങ്ങാനാകുമായിരുന്നില്ല. ഉറക്കം പോലുമില്ലാതെയാണ് ഞാൻ ഐപിഎലിൽ കളിച്ചിരുന്നത്. പിടിച്ചുനിൽക്കാൻ ഒട്ടും സാധിക്കാതെ വന്നതോടെയാണ് ഐപിഎൽ പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്’ – അശ്വിൻ വിശദീകരിച്ചു.

‘ഐപിഎൽ പാതിവഴിയിൽ ഉപേക്ഷിക്കുമ്പോൾ, ഇനി ക്രിക്കറ്റ് കളിക്കാൻ എനിക്കു കഴിയുമോ എന്ന ആശങ്കയുമുണ്ടായിരുന്നു. പക്ഷേ, ആ സമയത്ത് ഐപിഎൽ നിർത്തി വീട്ടിലേക്കു പോകാനാണ് തോന്നിയത്. കുറച്ചുകാലത്തേക്ക് എന്തായാലും ക്രിക്കറ്റൊന്നും ഉണ്ടാകില്ലെന്ന് ഞാൻ മനസ്സിലുറപ്പിച്ചു. പിന്നീടാണ് ഐപിഎൽ നിർത്തിവയ്ക്കുന്നത്. ഇടയ്ക്ക് കുടുംബാംഗങ്ങളുടെ നില മെച്ചപ്പെട്ടതോടെ ഐപിഎലിലേക്ക് തിരികെ വരാമെന്ന് ഞാൻ കരുതിയതാണ്. അപ്പോഴേക്കും ഐപിഎൽ നിർത്തിവച്ചു’ – അശ്വിൻ പറഞ്ഞു.

നേരത്തെ, ‘ഈ സമയത്ത് കുടുംബത്തിൽ തന്റെ സാന്നിധ്യം ആവശ്യ’മാണെന്ന് ചൂണ്ടിക്കാട്ടിയാണ് അശ്വിൻ ഐപിഎൽ പാതിവഴിയിൽ അവസാനിപ്പിച്ച് ബയോ സെക്യുർ ബബ്ളും വിട്ട് വീട്ടിലേക്ക് മടങ്ങിയത്. അശ്വിന്റെ നാടായ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന സീസണിലെ അവസാന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഡേവിഡ് വാർണർ നയിച്ച സൺറൈസേഴ്സ് ഹൈദരാബാദിനെ സൂപ്പർ ഓവറിൽ തോൽപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഐപിഎലിൽനിന്ന് ഇടവേളയെടുക്കുന്ന കാര്യം അശ്വിൻ പരസ്യമാക്കിയത്.

‘ഈ വർഷത്തെ ഐപിഎലിൽനിന്ന് നാളെ മുതൽ ഞാൻ ഇടവേളയെടുക്കുകയാണ്. എന്റെ കുടുംബാംഗങ്ങളൊന്നാകെ കോവിഡിനെതിരായ പോരാട്ടത്തിലാണ്. ഈ ബുദ്ധിമുട്ടേറിയ സമയത്ത് എന്റെ സാന്നിധ്യം അവിടെ ആവശ്യമാണെന്ന് ഞാൻ കരുതുന്നു. എല്ലാം പഴയ പടിയാകുമ്പോൾ കളത്തിലേക്ക് തിരിച്ചെത്താമെന്ന് കരുതുന്നു. നന്ദി ഡൽഹി ക്യാപിറ്റൽസ്’ – അശ്വിൻ ട്വിറ്ററിൽ കുറിച്ചു. കോവിഡ് വ്യാപനം സൃഷ്ടിച്ച കനത്ത പ്രതിസന്ധിക്കിടെ വീട്ടുകാർക്കൊപ്പം നിൽക്കാനുള്ള അശ്വിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നതായി ഡൽഹി ക്യാപിറ്റൽസ് പ്രതികരിച്ചിരുന്നു.

English Summary: R Ashwin reveals struggle with Covid-19 during IPL 2021: I couldn't sleep for 8-9 days while I was playing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com