ADVERTISEMENT

ക്രൈസ്റ്റ്ചർച്ച്∙ അർബുദ ബാധിതയായ എട്ടു വയസ്സുകാരി ഹോളി ബെറ്റിക്കായി കാരുണ്യത്തിന്റെ കരം നീട്ടിയ ന്യൂസീലൻഡ് ക്രിക്കറ്റ് താരം ടിം സൗത്തിക്കായി കയ്യടിച്ചും താരത്തെ പിന്തുണച്ചും കായിക ലോകം. അർബുദത്തിന്റെ ഗുരുതര സ്വഭാവമുള്ള വകഭേദമായ ‘ന്യൂറോബ്ലാസ്റ്റോമ’ ബാധിച്ച എട്ടു വയസ്സുകാരിക്കായാണ് സൗത്തി രംഗത്തിറങ്ങിയത്. പ്രഥമ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് കിരീടം ചൂടുമ്പോൾ ധരിച്ചിരുന്ന ജഴ്സി, ഹോളിയുടെ ചികിത്സാർഥം ലേലത്തിനു വച്ചിരിക്കുകയാണ് താരം. വിദഗ്ധ ചികിത്സയ്ക്കായി നിലവിൽ സ്പെയിനിലാണ് ഹോളിയും പിതാവ് ജോണും.

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ടീമിലുണ്ടായിരുന്ന 15 താരങ്ങളും ഒപ്പിട്ടതാണ് സൗത്തിയുടെ ജഴ്സി. ഓൺലൈനിലൂടെയാണ് ജഴ്സിയുടെ ലേലം പുരോഗമിക്കുന്നത്. ജൂലൈ എട്ടാം തീയതി ഉച്ചയ്ക്ക് 1.45 വരെ ലേലത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്. നിലവിൽ 43,200 യുഎസ് ഡോളർ (32 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വരെ ലേലത്തുക ഉയർന്നിട്ടുണ്ട്.

സൗത്തിയുടെ ജഴ്സി ഇത്തരമൊരു ആവശ്യത്തിനായി ലേലത്തിനുവച്ച കാര്യം ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഇന്ത്യയ്‌ക്കെതിരായ കലാശപ്പോരാട്ടത്തിൽ രണ്ട് ഇന്നിങ്സിലുമായി അഞ്ച് വിക്കറ്റാണ് സൗത്തി വീഴ്ത്തിയത്. രണ്ടാം ഇന്നിങ്സിൽ മാത്രം 48 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമ, ശുഭ്മൻ ഗിൽ എന്നിവരെ പുറത്താക്കി തകർച്ചയ്ക്ക് തുടക്കമിട്ടത് സൗത്തിയായിരുന്നു. മത്സരം ന്യൂസീലൻഡ് എട്ടു വിക്കറ്റിന് ജയിച്ചു.

‘ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ ഞാൻ ധരിച്ച ജഴ്സിക്കായാണ് ഈ ലേലം. ന്യൂസീലൻഡ് ടീമിലുണ്ടായിരുന്ന 15 പേരും ഇതിൽ ഒപ്പിട്ടുണ്ട്. ഈ ലേലത്തിൽനിന്ന് ലഭിക്കുന്ന മുഴുവൻ തുകയും ഹോളി ബെറ്റിയുടെ ചികിത്സയ്ക്കായി ചെലവഴിക്കും’ – സൗത്തി വ്യക്തമാക്കി.

‘ഏതാനും വർഷങ്ങൾക്കു മുൻപ് ഒരു ക്രിക്കറ്റ് ഗ്രൂപ്പിൽനിന്നാണ് ഞാനും എന്റെ കുടുംബവും ഹോളി ബെറ്റിയെക്കുറിച്ച് ആദ്യമായി കേൾക്കുന്നത്. ബെറ്റിയുടെ കുടുംബത്തിന്റെ സഹനവും കരുത്തും പോസിറ്റിവ് മനോഭാവവും അന്നുതന്നെ എന്നെ ആകർഷിച്ചിരുന്നു. ബെറ്റിക്ക് കൂടുതൽ വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് മനസ്സിലാക്കിയ സാഹചര്യത്തിലാണ് എന്നേക്കൊണ്ട് സാധിക്കും വിധം ഇത്തരത്തിൽ പിന്തുണയ്ക്കാനുള്ള ശ്രമം’ – സൗത്തി പറഞ്ഞു.

‘രോഗത്തിനെതിരെ കരുത്തോടെ പോരാടുന്ന ബെറ്റിയുടെ ചികിത്സാ ചെലവുകൾക്ക് സഹായകമായ നല്ലൊരു തുക ഇതിലൂടെ ലഭിക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഒരു രക്ഷിതാവെന്ന നിലയിൽ ബെറ്റിയും കുടുംബവും നടത്തുന്ന പോരാട്ടത്തിൽ ഞാനും അവർക്കൊപ്പമുണ്ട്’ – സൗത്തി കുറിച്ചു.

‘ക്രിക്കറ്റ് കളത്തിൽ നാം നേരിടുന്ന വിജയവും തോൽവിയും ഒന്നുമല്ലെന്ന് ഹോളിയും അവളുടെ പോരാട്ടവും നമ്മെ ഓർമപ്പെടുത്തുന്നുണ്ട്. ചെറുതും വലുതുമായ രീതിയിൽ ലേലത്തിൽ പങ്കാളികളാകാൻ ഏവരെയും ക്ഷണിക്കുന്നു’ – സൗത്തി കുറിച്ചു.

English Summary: Tim Southee puts his WTC final shirt on auction for cancer treatment of 8-year-old kid Hollie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com