അവസാന പന്തിൽ സിക്സടിച്ചിട്ടും വിൻഡീസിന് 1 റൺ തോൽവി; ദക്ഷിണാഫ്രിക്ക മുന്നിൽ

south-africa-west-indies
ദക്ഷിണാഫ്രിക്ക – വെസ്റ്റിൻഡീസ് മത്സരത്തിൽനിന്ന് (ഐസിസി ട്വീറ്റ് ചെയ്ത ചിത്രം)
SHARE

ഗ്രനാഡ∙ ട്വന്റി20 ക്രിക്കറ്റിലെ വിൻഡീസ് കരുത്തിനെ ഒരിക്കൽക്കൂടി കീഴടക്കി ദക്ഷിണാഫ്രിക്കയ്‌ക്ക് ഒരു റൺ ജയം. ആവേശം വാനോളമുയർന്ന മത്സരത്തിൽ വിൻഡീസ് താരം ഫാബിയൻ അലൻ അവസാന പന്തിൽ നേടിയ സിക്സറിന്റെ ‘അപകട’ത്തിലും വീഴാതെയാണ് ദക്ഷിണാഫ്രിക്ക ഒരു റണ്ണിന്റെ നേരിയ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 167 റൺസ്. വിൻഡീസിന്റെ മറുപടി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 166 റൺസിൽ അവസാനിച്ചു. ഇതോടെ, അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ദക്ഷിണാഫ്രിക്ക 2–1ന് മുന്നിലെത്തി. പരമ്പരയിലെ ആദ്യ മത്സരം വിൻഡീസും രണ്ടാം മത്സരം ദക്ഷിണാഫ്രിക്കയും ജയിച്ചിരുന്നു.

ഗ്രനാഡയിലെ നാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാലു വിക്കറ്റ് കയ്യിലിരിക്കെ അവസാന രണ്ട് ഓവറിൽ വിൻഡീസിന് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 19 റൺസാണ്. എന്നാൽ, ആൻറിച് നോർട്യ എറിഞ്ഞ 19–ാം ഓവർ മത്സരം ദക്ഷിണാഫ്രിക്കയ്‌ക്ക് അനുകൂലമാക്കി. ഈ ഓവറിൽ വെറും നാലു റൺസ് മാത്രം വിട്ടുകൊടുത്ത നോർട്യ, അപകടകാരിയായ നിക്കോളാസ് പുരാനെ പുറത്താക്കി. പുരാൻ 28 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 27 റൺസെടുത്തു.

കഗീസോ റബാദ എറിഞ്ഞ അവസാന ഓവറിൽ വിൻഡീസിന്റെ വിജയലക്ഷ്യം 15 റൺസായിരുന്നു. വൈഡുമായി ആരംഭിച്ച ഓവറിന്റെ രണ്ടാം പന്തിൽ ഫോർ കണ്ടെത്തി ഫാബിയൻ അലൻ പ്രതീക്ഷ നൽകിയതാണ്. എന്നാൽ, ഈ ഓവറിലെ ഒന്നും മൂന്നും അഞ്ചും പന്തുകൾ ഡോട്ട് ബോളാക്കിയ റബാദ വിൻഡീസിനെ സമ്മർദ്ദത്തിലാക്കി. അവസാന പന്തിൽ അലൻ സിക്സർ നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ദക്ഷിണാഫ്രിക്കയുടെ വിജയം ഒരു റണ്ണിന്!

വിൻഡീസ് നിരയിൽ നിക്കോളാസ് പുരാനു പുറമെ ഓപ്പണർ എവിൻ ലൂയിസും 27 റൺസെടുത്തു. 21 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതമാണിത്. ലെൻഡ്ൽ സിമ്മൺസ് (22 പന്തിൽ 22), ജെയ്സൻ ഹോൾഡർ (11 പന്തിൽ 16), ഷിമ്രോൺ ഹെറ്റ്മയർ (10 പന്തിൽ 17), പൊള്ളാർഡ് (ഒന്ന്), ആന്ദ്രെ റസ്സൽ (16 പന്തിൽ 25), ഫാബിയൻ അലൻ (ഒൻപത് പന്തിൽ പുറത്താകാതെ 14) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ദക്ഷിണാഫ്രിക്കയ്‌ക്കായി നാല് ഓവറിൽ 13 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തിയ ടബ്രായിസ് ഷംസിയുടെ പ്രകടനം ശ്രദ്ധേയമായി. ഷംസിയാണ് കളിയിലെ കേമൻ. നോർട്യയ്ക്കും രണ്ടു വിക്കറ്റുണ്ട്.

നേരത്തെ, ഓപ്പണർ ക്വിന്റൻ ഡികോക്കിന്റെ അർധസെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്കോർ  സമ്മാനിച്ചത്. ഡികോക്ക് 51 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 72 റൺസെടുത്തു. റീസ ഹെൻഡ്രിക്സ് (11 പന്തിൽ 17), എയ്ഡൻ മർക്രം (18 പന്തിൽ 23), വാൻഡർ ദസ്സൻ (24 പന്തിൽ 32) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. വിൻഡീസിനായി ഇടംകയ്യൻ പേസ് ബോളർ ഓബദ് മക്കോയ് നാല് ഓവറിൽ 22 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ഡ്വെയിൻ ബ്രാവോ നാല് ഓവറിൽ 25 റൺസ് വഴങ്ങി മൂന്നു വിക്കറ്റും വീഴ്ത്തി.

English Summary: West Indies vs South Africa, 3rd T20I - Live Cricket Score

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA