ADVERTISEMENT

‘ലേഡി തെൻഡുൽക്കർ’ എന്ന ചെല്ലപ്പേരിനെ അന്വർഥമാക്കി മിതാലി രാജ് വനിതാ ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലുമായി ഏറ്റവുമധികം റൺസ് നേടിയ താരം എന്ന സ്വപ്നതുല്യമായ റെക്കോർഡ് സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ 75 റൺസ് നേടിയതോടെ മിതാലിക്ക് എല്ലാ ഫോർമാറ്റിലുമായി 10,337 റൺസായി. ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായ മിതാലി മറികടന്നത് ഇംഗ്ലണ്ടിന്റെ ഷാർലറ്റ് എഡ്വേർഡ്സിന്റെ റെക്കോർഡാണ്. മൂന്നു ഫോർമാറ്റിലുമായി 10,273 റൺസായിരുന്നു നിലവിലെ റെക്കോർഡ്.

പുരുഷ ക്രിക്കറ്റിൽ മൂന്നു ഫോർമാറ്റിലുമായി 34,357 റൺസുമായി സച്ചിൻ തെൻഡുൽക്കർ സ്വന്തമാക്കിയ നേട്ടമാണ് വനിതാ ക്രിക്കറ്റിൽ മിതാലി രാജ് നേടിയത്. ഏകദിനത്തിൽ 7000 റൺസ് തികയ്ക്കുന്ന ആദ്യ വനിതാ താരമായ മിതാലി രാജ്, 217 കളികളിൽ നിന്ന് 7304 റൺസ് നേടിയിട്ടുണ്ട്. ഏഴ് സെഞ്ചുറികളും 58 അർധ സെഞ്ചുറികളും. 125 ആണ് ഉയർന്ന ഏകദിന സ്കോർ. ട്വന്റി20 യിൽ 89 കളികളിൽ നിന്ന് 17 അർധ സെഞ്ചുറികളോടെ 2364 റൺസും 11 ടെസ്റ്റുകളിൽ നിന്ന് ഒരു ഇരട്ട സെഞ്ചുറിയും (214) നാല് അർധ സെഞ്ചുറികളുമായി 669 റൺസുമുണ്ട്. ബാറ്റിങ്ങിൽ ഇനിയും മെച്ചപ്പെടേണ്ട മേഖലകളുണ്ടെന്നും അതിനായി അധ്വാനിക്കുമെന്നുമായിരുന്നു ചരിത്രനേട്ടത്തിനു ശേഷം മിതാലി രാജ് ട്വിറ്ററിൽ കുറിച്ചത്.

ഇന്ത്യൻ വനിതാ ക്രിക്കറ്റിന് ഏറെ നേട്ടങ്ങൾ സമ്മാനിച്ച താരമാണ് മിതാലി രാജ്. ഇന്ത്യൻ ടീമിന്റെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റനായ മിതാലി 2019ൽ ട്വന്റി20യിൽ നിന്നു വിരമിച്ചു. 1982 ഡിസംബർ 3ന് രാജസ്ഥാനിലെ ജോധ്പുരിൽ ജനിച്ചു. എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ ദുരെ രാജ് തമിഴ്നാട്ടുകാരനാണ്.

1999 ജൂണിൽ അയർലൻഡിനെതിരായ ഏകദിന മത്സരത്തിലാണ് മിതാലി രാജ് അരങ്ങേറ്റം കുറിച്ചത്. ആദ്യ മത്സരത്തിൽ തന്നെ സെഞ്ചുറി നേടി (114 റൺസ്) വരവറിയിച്ചു. രണ്ടു പതിറ്റാണ്ടിലേറെയായി വനിതാ ക്രിക്കറ്റിലെ മികച്ച താരമായി തിളങ്ങുന്ന മിതാലി രണ്ട് വനിതാ ലോകകപ്പ് ഫൈനലുകളിൽ എത്തിയ ഇന്ത്യൻ ടീമിനെ നയിച്ചു. രണ്ട് ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ‌ ഇന്ത്യയെ നയിച്ച ഏക ക്യാപ്റ്റനായ മിതാലിക്ക് പക്ഷേ, രണ്ടു തവണയും ജയിക്കാനായില്ല. 2005ൽ ഓസ്ട്രേലിയയോടും 2017ൽ ഇംഗ്ലണ്ടിനോടും ഇന്ത്യ ഫൈനലിൽ തോറ്റു.

20 വർഷത്തിലേറെയായി ക്രിക്കറ്റിൽ തുടരുന്ന മിതാലി രാജ് 200 ഏകദിനങ്ങൾ കളിച്ച ആദ്യ വനിതാ താരമാണ്. 2002ൽ 19–ാം വയസിൽ ഇംഗ്ലണ്ടിനെതിരെ കളിച്ച ടെസ്റ്റിൽ 214 റൺസ് നേടിയ മിതാലി വനിതാ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർ‍ഡും കുറിച്ചിരുന്നു. മിതാലിയുടെ മൂന്നാമത്തെ ടെസ്റ്റായിരുന്നു ഇത്. പിന്നീട് പാക്കിസ്ഥാന്റെ കിരൺ ബലുച്ച് 242 റൺസ് നേടി ഈ റെക്കോർഡ് തിരുത്തി.

2017ൽ വിസ്ഡൺ ലീഡിങ് ക്രിക്കറ്റർ അവാർ‍ഡ് മിതാലി രാജ് നേടി. 2003ൽ അർജുന അവാർഡും 2015ൽ പത്മശ്രീ അവാർഡും നൽകി രാജ്യം ആദരിച്ചു. രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേൽ രത്നയ്ക്കുള്ള പട്ടികയിൽ ഇത്തവണ മിതാലിയുമുണ്ട്. ഈ വർഷം നടക്കുന്ന വനിതാ ലോകകപ്പ് കിരീടം ഇന്ത്യയ്ക്കു വേണ്ടി നേടുക എന്നതാണു മിതാലിയുടെ അടുത്ത ലക്ഷ്യം.

English Summary: Mithali Raj is Sachin Tendulkar of women's cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com