ലോക ചാംപ്യൻമാരിൽനിന്ന് ആരും ഭയക്കാത്ത ടീമിലേക്ക്; ശ്രീലങ്കയ്ക്ക് എന്തു സംഭവിച്ചു?

sangakkara-jayawardene
കുമാർ സംഗക്കാരയും മഹേള ജയവർധനയും (ഫയൽ ചിത്രം)
SHARE

‘ഇന്ത്യ രണ്ടാംനിര ടീമിനെ അയച്ച് ശ്രീലങ്കയെ അപമാനിക്കുകയാണ്. എന്തിനാണ് ഇങ്ങനെയൊരു ടൂർണമെന്റിന് നിന്നുകൊടുക്കുന്നത്?’ – ദ്വീപ് രാഷ്ട്രത്തെ ലോകകപ്പ് ചൂടിച്ച ക്യാപ്റ്റൻ അർജുന രണതുംഗയ്ക്ക് രോഷം അടക്കാനാകുന്നില്ല. ‘ഏയ് അങ്ങനെയൊന്നുമില്ല. അത് രണ്ടാം നിരയല്ല. ശിഖർ ധവാന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യയുടെ 20 അംഗ സ്ക്വാഡിൽ 14 പേർ രാജ്യാന്തര ക്രിക്കറ്റ് കളിച്ചിട്ടുള്ളതാണ്’ – ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന് മറുപടി പറയാൻ താമസം വേണ്ടിവന്നില്ല. ശരിക്കും രണതുംഗ പറയുന്നതിൽ സത്യമുണ്ടോ? ഇന്ത്യ ശ്രീലങ്കയെ അപമാനിക്കാൻ തന്നെയാണോ തുനിഞ്ഞത്?

∙ ഈ ടീം രണ്ടാം നിരയോ?

ശ്രീലങ്കയിൽ ലിമിറ്റഡ് ഓവർ ക്രിക്കറ്റ് കളിക്കാൻ എത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കളിയും പ്രതിഭയും പരിഗണിച്ച് രണ്ടാം നിരയെന്ന് വിളിക്കാനാകില്ല. വേണമെങ്കിൽ ഏറ്റവും മികച്ചതിൽനിന്ന് അധികം വന്നവരെന്നു കണക്കാക്കാം. ഇവരുടെ കളത്തിലെ മികവ് ശ്രീലങ്കക്കാർ കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു. കോവിഡ്മൂലം രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധി ക്രിക്കറ്റിനെയും നന്നായി ബാധിച്ചിട്ടുണ്ട്.

ഇന്ത്യയിൽ ആഭ്യന്തര ടൂർണമെന്റുകൾ നടത്താൻ പറ്റാത്ത അവസ്ഥ. ഈ സാഹചര്യത്തിലാണ് ഒരേസമയം രണ്ട് ടീമുകളെ കളിപ്പിക്കുന്നതിനെക്കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ചിന്തിക്കുന്നത്. കളിക്കാർക്ക് മത്സര പരിചയവും, ബോർഡിന് സാമ്പത്തിക മെച്ചവും; രണ്ടാണ് നേട്ടം. ഈ ടൂർണമെന്റ്  ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന് ഉണ്ടാക്കുന്ന ലാഭവും ചില്ലറയല്ല.

sri-lanka-cricket-team

പിന്നെ അപമാനത്തിന്റെ കാര്യം. അത് ശ്രീലങ്ക സ്വയം ചോദിക്കേണ്ടതാണ്. മഹേള ജയവർധനയുടെയും കുമാർ സംഗക്കാരയുടെയും തിലകരത്നെ ദിൽഷന്റെയും റിട്ടയർമെന്റിനുശേഷം ലോക ക്രിക്കറ്റ് പേര് ഓർമിക്കാൻ നിർബന്ധിക്കുന്ന ഒരു കളിക്കാരനെയെങ്കിലും ശ്രീലങ്ക സംഭാവന ചെയ്തിട്ടുണ്ടോ. ലോകക്രിക്കറ്റിൽ ഇന്നു ബംഗ്ലദേശിനു കിട്ടുന്ന ബഹുമാനംപോലും ശ്രീലങ്കൻ ടീമിനു ലഭിക്കുന്നില്ലെന്നത് അത്ര രഹസ്യമൊന്നുമല്ല. ചുരുങ്ങിയ വർഷങ്ങളുടെ ഇടവേളയിൽ ഇങ്ങനെ തകർന്നടിഞ്ഞ ടീം വേറെയുണ്ടോ.

∙ എന്തുപറ്റി ശ്രീലങ്കയ്ക്ക്

ശ്രീലങ്കൻ ക്രിക്കറ്റിനെക്കുറിച്ച് ഇപ്പോൾ ഏറ്റവും കൂടുതൽ വരുന്ന വാർത്തകളെന്താണ്? ഒന്നുകിൽ ക്രിക്കറ്റ് ബോർഡും കളിക്കാരും തമ്മിലുള്ള തർക്കം. അല്ലെങ്കിൽ കളിക്കാരുടെ അച്ചടക്കമില്ലായ്മ. അതല്ലാതെ നേട്ടത്തിന്റെ ഏതെങ്കിലും കോളത്തിൽ ശ്രീലങ്ക തെളിഞ്ഞ കാലം മറന്നു. 2018നു ശേഷം കളിച്ച 110 രാജ്യാന്തര മത്സരങ്ങളിൽ ടീമിന്റെ ജയം വെറും 34 എണ്ണത്തിൽ മാത്രമാണ്.

ചരിത്രത്തിലാദ്യമായി ബംഗ്ലദേശിനോട് ഏകദിന പരമ്പര അടുത്തിടെ അടിയറവച്ച ശ്രീലങ്ക അടുത്ത ഏകദിന ലോകകപ്പിൽ നേരിട്ട് പ്രവേശനം നേടുന്ന കാര്യം പോലും സംശയത്തിലാണ്. 1996ൽ ലോകചാംപ്യൻമാരും 2007ലും 2011ലും റണ്ണറപ്പുമായിരുന്ന ടീമാണിത് എന്ന് ഓർക്കണം. 2014ലെ ട്വന്റി20 ലോകകപ്പ് ജേതാക്കളും ശ്രീലങ്കയായിരുന്നു. എന്നാൽ അതൊക്കെ ഏതോ നൂറ്റാണ്ടിലെന്നപോലെ തോന്നിപ്പിക്കുകയാണ് ഡിക്‌വല്ലയും കരുണരത്നെയുമൊക്കെ കളിക്കുന്ന ഇന്നത്തെ ശ്രീലങ്കൻ ടീം.

sri-lanka-cricket

സാമ്പത്തിക പ്രതിസന്ധിയാണ് ഒരു പരിധിവരെ ശ്രീലങ്കൻ ക്രിക്കറ്റിനെ അലട്ടുന്നത്. ബോർഡുമായുള്ള തർക്കം കാരണം കഴിഞ്ഞ ബംഗ്ലദേശ് പര്യടനത്തിലേക്ക് ടീമിലെ പല സീനിയർ താരങ്ങളെയും പരിഗണിച്ചിരുന്നില്ല. താരങ്ങളുടെ വാർഷിക ശമ്പളത്തിൽ 40 ശതമാനത്തിന്റെ കുറവു വരുത്തിയതായിരുന്നു തർക്കങ്ങൾക്കു കാരണം. ക്രിക്കറ്റിലെ രാഷ്ട്രീയ കൈകടത്തലും ശ്രീലങ്കയെ പിന്നോട്ടടിക്കുന്നതിൽ നിർണായകമായി. ക്രിക്കറ്റ് ബോർഡിന്റെ ഓരോ തീരുമാനവും സ്പോർട്സ് മന്ത്രാലയത്തിന്റെ അനുമതിയോടെയെ നടപ്പാക്കാനാകൂ. അതോടെ ബോർഡിന്റെ സ്വാതന്ത്ര്യത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ.

ഇതെല്ലാംകൊണ്ടാണ് മഹേള ജയവർധനെയെപ്പോലെയുള്ള മുൻതാരങ്ങൾ ക്രിക്കറ്റ് ബോർഡിലെ സ്ഥാനങ്ങൾ വാഗ്ദാനം ചെയ്തിട്ടും നിരസിക്കുന്നത്. 2018ൽ ആണ് ഐസിസി ഏറ്റവും അഴിമതി നിറഞ്ഞ ക്രിക്കറ്റ് ഭരണ സംവിധാനമാണ് ശ്രീലങ്കയുടേതെന്ന് വിലയിരുത്തിയത്. രാജ്യാന്തര കളിക്കാർക്കും ആഭ്യന്തര കളിക്കാർക്കുമെതിരെ വാതുവയ്പ്പ് വിവാദം അവിടെ പുത്തരിയേയല്ല.

ഭരണതലത്തിലെ ഈ പിടിപ്പുകേട് ടീമിനെയും ടീം തിരഞ്ഞെടുപ്പിനെയും ബാധിച്ചു. ശ്രീലങ്കൻ ഇതിഹാസങ്ങളായ കുമാർ സംഗക്കാര, ജയവർധനെ, തിലകരത്നെ ദിൽഷൻ എന്നിവർ ഏതാണ്ട് ഒരേസമയം വിരമിച്ചപ്പോൾ പകരം വയ്ക്കാൻ കൊള്ളാവുന്ന പുതുനിര ശ്രീലങ്കയ്ക്ക് ഇല്ലാതെ പോയി. ഉള്ള ടീമിലെ തന്നെ തരക്കേടില്ലാത്തവർക്ക് കഴിവു തെളിയിക്കാൻ കൂടുതൽ അവസരം നൽകാതെ പിടിച്ച് പുറത്താക്കുന്ന പ്രവണതയുമുണ്ട്. ശ്രീലങ്കയുടെ ആഭ്യന്തര ക്രിക്കറ്റിന്റെ ശക്തിക്കുറവും മികച്ച കളിക്കാരെ സൃഷ്ടിക്കുന്നതിൽ തടസ്സമാകുന്നുണ്ട്.

∙ ആ സുവർണകാലം

ബാറ്റിൽ സ്പ്രിങ്ങുണ്ടെന്ന് സംശയിച്ചു പോകും വിധം പന്തിനെ സ്റ്റേഡിയം കടത്തിയിരുന്ന ജയസൂര്യ, കൂടെ ബൗണ്ടറിയുടെ മാലപ്പടക്കം ചാർത്തുന്ന റൊമേഷ് കലുവിതരണ. പിന്നാലെ രണതുംഗ. മധ്യനിരയിൽ നങ്കൂരമിടാൻ ഒരിക്കലും തോറ്റുകൊടുക്കാത്ത അരവിന്ദ ഡിസിൽവ. ബോളിങ് നിരയിൽ മുത്തയ്യ മുരളീധരനും ചാമിന്ദ വാസുമടങ്ങുന്ന വമ്പൻമാർ.

ആ സുവർണ കാലത്താണ് ലോകകപ്പ് ശ്രീലങ്കയിലെത്തിയത്. ആ തലമുറയ്ക്ക് കൃത്യമായി പകരം വയ്ക്കാവുന്ന താരങ്ങൾ പിന്നീട് വന്നു. മർവൻ അട്ടപ്പട്ടുവും സംഗക്കാരയും ജയവർധനയും ദിൽഷനും മലിംഗയുമെല്ലാം വിജയ വഴി തുടരാൻ പ്രാപ്തിയുള്ളവരായിരുന്നു. ഇനി വരുമോ അതുപോലൊരു ശ്രീലങ്കൻ പട. ക്ഷമ വേണം, സമയമെടുക്കുമായിരിക്കും..! 

English Summary: What Happened To Sri Lankan Cricket?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA