ADVERTISEMENT

കൊളംബോ∙ ദീപക് ചാഹറെന്ന ബോളറിൽ ഒരു ലക്ഷണമൊത്ത ബാറ്റ്സ്മാൻ ഒളിഞ്ഞിരിപ്പുണ്ടെന്ന് കണ്ടെത്തിയത് പരിശീലകൻ രാഹുൽ ദ്രാവിഡ്? മത്സരശേഷം സംസാരിച്ച ദീപക് ചാഹറിന്റെയും ഇന്ത്യൻ ഉപനായകൻ ഭുവനേശ്വർ കുമാറിന്റെയും വാക്കുകളിൽ അത്തരമൊരു സൂചനയുണ്ട്. ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ രവി ശാസ്ത്രി ടെസ്റ്റ് ടീമിനൊപ്പം ഇംഗ്ലണ്ടിലായതിനാൽ, താൽക്കാലിക ക്രമീകരണമെന്ന നിലയ്ക്കാണ് മുൻപ് ഇന്ത്യ എ ഉൾപ്പെടെയുള്ള ജൂനിയർ ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള ദ്രാവിഡിനെ ബിസിസിഐ ലങ്കൻ പര്യടനത്തിന്റെ ചുമതലയേൽപ്പിക്കുന്നത്. സീനിയർ ടീമിന്റെ ഉത്തരവാദിത്തമുള്ള കന്നി പരമ്പരയിൽത്തന്നെ ദ്രാവിഡ് തന്റെ മികവ് അടയാളപ്പെടുത്തിയിരിക്കുന്നു.

ആദ്യ മത്സരത്തിൽ അനായാസ വിജയത്തോടെ ശ്രീലങ്കയെ മറികടന്ന ഇന്ത്യ, രണ്ടാം മത്സരത്തിൽ അതി സമ്മർദ്ദം നിറഞ്ഞ സാഹചര്യങ്ങൾ തരണം ചെയ്താണ് വിജയതീരമണഞ്ഞത്. രണ്ടു കളികളിലും പരിശീലകനെന്ന നിലയിൽ രാഹുൽ ദ്രാവിഡ് പകർന്ന ആത്മവിശ്വാസം കളിക്കാരിൽ തെളിഞ്ഞു കണ്ടു. മത്സരശേഷം ദീപക് ചാഹറിന്റെ വാക്കുകൾ ശ്രദ്ധിക്കുക:

‘ടീമിനായി വിജയം നേടാൻ ഇതിലും നല്ലൊരു വഴിയില്ല. എല്ലാ പന്തുകളും കളിക്കണമെന്ന് പറഞ്ഞാണ് ദ്രാവിഡ് സാർ എന്നെ കളത്തിലേക്ക് അയച്ചത്. ഇന്ത്യ എ ടീമിനൊപ്പം അദ്ദേഹത്തിനു കീഴിൽ ഏതാനും മത്സരങ്ങൾ ഞാൻ കളിച്ചിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന് എന്നിൽ വിശ്വാസമുണ്ടെന്ന് തോന്നുന്നു. ഏഴാം നമ്പറിൽ ബാറ്റു ചെയ്യാൻ കെൽപ്പുള്ള താരമാണ് ഞാനെന്ന് അദ്ദേഹം ഓർമപ്പെടുത്തിയിരുന്നു. അദ്ദേഹം എന്നിൽ വിശ്വസിച്ചു. വരും മത്സരങ്ങളിൽ ഞാൻ ബാറ്റിങ്ങിന് ഇറങ്ങേണ്ടി വരില്ലെന്ന് കരുതുന്നു’ – ദീപക് ചാഹർ പറഞ്ഞു.

ഒരു പരിശീലകൻ തന്റെ ടീമിലെ താരത്തെ എങ്ങനെ പ്രചോദിപ്പിക്കണമെന്നതിന്റെ മകുടോദാഹരണമാകുന്നു ചാഹറിന്റെ വാക്കുകൾ. ചാഹറിന് ബാറ്റിങ് ഓർഡറിൽ പ്രമോഷൻ നൽകാനുള്ള ദ്രാവിഡിന്റെ തീരുമാനത്തെക്കുറിച്ച് മത്സരശേഷം വെളിപ്പെടുത്തിയത് ഉപനായകനും ചാഹറിന് വിജയക്കുതിപ്പിൽ കൂട്ടുനിന്ന താരവുമായ ഭുവനേശ്വർ കുമാറാണ്. ഇന്ത്യയ്ക്കായി സമ്മർദ്ദ ഘട്ടങ്ങളിൽ ബാറ്റു ചെയ്ത് ശീലമുള്ള ഭുവിക്കും മുൻപിലായി ചാഹറിനെ ഇറക്കിയത് ദ്രാവിഡിന്റെ തീരുമാനമാണെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

‘നോക്കൂ, ഇന്ത്യ എയ്ക്കായും മറ്റും രാഹുൽ ദ്രാവിഡിനു കീഴിൽ മുൻപ് കളിച്ചിട്ടുള്ള താരമാണ് ദീപക് ചാഹർ. അന്ന് അദ്ദേഹത്തിന്റെ ബാറ്റിങ് ദ്രാവിഡ് ശ്രദ്ധിച്ചിരിക്കും. ചാഹറിന് ബാറ്റു ചെയ്യാനാകുമെന്നും പന്തിനെ പ്രഹരിക്കാൻ കഴിയുമെന്നും അറിയാമായിരുന്ന ദ്രാവിഡാണ് എനിക്കു മുൻപേ അദ്ദേഹത്തെ കളത്തിലിറക്കിയത്’ – ഭുവനേശ്വർ പറഞ്ഞു.

‘ചാഹറിന്റെ ബാറ്റിങ് കണ്ടവർക്ക് ആ വിശ്വാസം ശരിയായിരുന്നുവെന്ന് മനസ്സിലായിക്കാണും. രഞ്ജി ട്രോഫിയിൽ ഉൾപ്പെടെ ചാഹർ ബാറ്റു ചെയ്യുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കഴിവിൽ വിശ്വാസമുണ്ടായിരുന്നു’ – പിരിയാത്ത എട്ടാം വിക്കറ്റിൽ 84 പന്തിൽ 84 റൺസുമായി ടീമിനെ വിജയത്തിലെത്തിച്ച കൂട്ടുകെട്ടിൽ ചാഹറിന്റെ പങ്കാളി കൂടിയായിരുന്ന ഭുവനേശ്വർ കുമാർ പറഞ്ഞു.

English Summary: It was Rahul Dravid's call to promote Deepak Chahar in the batting order, reveals Bhuvneshwar Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com