ADVERTISEMENT

കൊളംബോ∙ കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ തോൽവിയുടെ വക്കിൽനിന്നും ദീപക് ചാഹറും ഭുവേനേശ്വർ കുമാറും ചേർന്ന് ഇന്ത്യയെ അവിശ്വസനീയമായി വിജയത്തിലേക്ക് നയിക്കുമ്പോൾ, ഡ്രസിങ് റൂമിൽ എല്ലാ സമ്മർദ്ദവും തെളിഞ്ഞുവരുന്നൊരു മുഖത്തേക്ക് ക്യാമറാമാൻ ഇടയ്‌ക്കിടെ തന്റെ ക്യാമറ സൂം ചെയ്തിരുന്നു; സീനിയർ ടീമിന്റെ പരിശീലകനെന്ന നിലയിൽ കന്നി പരമ്പരയ്‌ക്കെത്തിയ രാഹുൽ ദ്രാവിഡിന്റെ മുഖത്തേക്ക്. തോൽവിക്കും വിജയത്തിനും ഇടയിലെ നൂൽപ്പാലത്തിലൂടെ ചാഹർ – ഭുവി സഖ്യം ഇന്ത്യയെ നയിക്കുമ്പോൾ, ആ മുഖത്ത് അതി സമ്മർദ്ദം തെളിഞ്ഞുകണ്ടു.

ഒടുവിൽ 50–ാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറി കടത്തി ദീപക് ചാഹർ വിജയം തൊടുമ്പോൾ, ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ആ മുഖത്ത് സന്തോഷവും തെളിഞ്ഞുകണ്ടു. സീനിയർ ടീം പരിശീലകനെന്ന നിലയിൽ കന്നി അസൈൻമെന്റിൽ ദ്രാവിഡിന് വിജയത്തുടക്കം.

മത്സരത്തിൽ ചാഹറും ഭുവനേശ്വർ കുമാറും ബാറ്റു ചെയ്യുമ്പോൾ, ഡ്രസിങ് റൂമിൽനിന്ന് ഇറങ്ങിവന്ന് ഇരുവർക്കുമുള്ള സന്ദേശം കൈമാറുന്ന ‘പരിശീലകൻ ദ്രാവിഡിനെയും’ ഇടയ്ക്ക് ക്യാമറക്കണ്ണുകൾ കാണിച്ചുതന്നു. ഇന്ത്യൻ ഇന്നിങ്സിന്റെ 44–ാം ഓവർ പൂർത്തിയായ സമയത്താണ് ഇരുവർക്കുമുള്ള സന്ദേശം ടീമിലെ പന്ത്രണ്ടാമനായ രാഹുൽ ചാഹറിന് കൈമാറാനായി ദ്രാവിഡ് സ്റ്റെയർകെയ്സ് ഇറങ്ങിയെത്തിയത്. ഈ സമയത്ത് ഇന്ത്യയ്ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 36 പന്തിൽ 35 റൺസ്.

ഡഗ്ഔട്ടിൽ ടെൻഷനടിച്ച് കളി കാണുകയായിരുന്ന താരങ്ങളുടെ അടുത്തെത്തിയ ദ്രാവിഡ്, ചാഹറിനും സഞ്ജു സാംസണിനും മധ്യത്തിലുള്ള കസേരയിൽ ഇരുന്ന് ഗൗരവത്തിൽ എന്തോ പറയുന്നത് ക്യാമറയിൽ കാണാമായിരുന്നു. സമ്മർദ്ദം തലയ്ക്കു പിടിച്ച ദീപക് ചാഹർ റിസ്ക് നിറഞ്ഞ ഷോട്ടുകൾക്കു പോകുന്നതിനെ ദ്രാവിഡ് നിരുത്സാഹപ്പെടുത്തിയതാകാമെന്നാണ് ആരാധക മതം.

ദീപക്കിന്റെ ബന്ധു കൂടിയായ രാഹുൽ ചാഹറിന് ഈ സന്ദേശം കൈമാറാനായത് 47–ാം ഓവറിൽ. മത്സരത്തിനിടെ ദീപക് ചാഹറിന് പരുക്കേറ്റപ്പോഴായിരുന്നു ഇത്. മെഡിക്കൽ സംഘത്തിനൊപ്പം ഗ്രൗണ്ടിലെത്തിയ രാഹുൽ ചാഹർ, ദ്രാവിഡിന്റെ സന്ദേശം ദീപക്കിനും ഭുവനേശ്വർ കുമാറിനും കൈമാറി. പിന്നീട് സംഭവിച്ചത് ചരിത്രം.

ശ്രീലങ്കൻ ബോളർമാരിൽ ഏറ്റവും അപകടകാരിയായ വാനിന്ദു ഹസരംഗയെ അതീവ ശ്രദ്ധയോടെ നേരിട്ട ചാഹറും ഭുവിയും, പേസർമാരെ കടന്നാക്രമിച്ചു. ആ ദിവസം ഹസരംഗ എത്രത്തോളം അപകടകാരിയാണെന്ന് പ‌ൃഥ്വി ഷാ, ശിഖർ ധവാൻ, ക്രുണാൽ പാണ്ഡ്യ എന്നിവരുടെ വിക്കറ്റുകളിൽനിന്ന് വ്യക്തമായിരുന്നു. ഹസരംഗയെ ഫലപ്രദമായി പ്രതിരോധിച്ചതോടെയാണ് സ്വന്തം വിക്കറ്റ് കാക്കാനും വിജയത്തിലേക്കു ബാറ്റെടുക്കാനും ഭുവി – ചാഹർ കൂട്ടുകെട്ടിന് സാധിച്ചത്. പിരിയാത്ത ഏഴാം വിക്കറ്റിൽ 84 പന്തിൽ 84 റൺസ് കൂട്ടിച്ചേർത്ത് ഇരുവരും ഇന്ത്യയെ വിജയതീരമണയ്ക്കുകയും ചെയ്തു.

English Summary: Rahul Dravid rushes from India dressing room to dugout to pass on a message for Deepak Chahar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com