ADVERTISEMENT

ധാക്ക∙ ട്വന്റി20 ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഓസ്ട്രേലിയയുടെ ദയനീയ പ്രകടനം തുടരുന്നു. വെസ്റ്റിൻഡീസ് പര്യടനത്തിൽ ട്വന്റി20 പരമ്പര 4–1ന് തോറ്റ് നാണംകെട്ടതിനു പിന്നാലെ, ബംഗ്ലദേശ് പര്യടനത്തിലും ഓസ്ട്രേലിയയ്ക്ക് തോൽവിയോടെ തുടക്കം. ധാക്കയിൽ നടന്ന ആദ്യ മത്സരത്തിൽ 23 റൺസിനാണ് ബംഗ്ലദേശ് ഓസ്ട്രേലിയയെ തോൽപ്പിച്ചത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 131 റൺസ്. ഓസ്ട്രേലിയയുടെ മറുപടി 108 റൺസിൽ അവസാനിച്ചു. ഇതോടെ അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ബംഗ്ലദേശ് 1–0ന് മുന്നിലെത്തി.

വെസ്റ്റിൻഡീസിൽ സ്പിന്നർമാർക്കു മുന്നിൽ വിഷമിട്ട ഓസീസ് ബാറ്റ്സ്മാൻമാരെ, അതേ കെണിയൊരുക്കിയാണ് ആദ്യ ട്വന്റി20യിൽ ബംഗ്ലദേശ് വീഴ്ത്തിയത്. നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി  നാലു വിക്കറ്റ് വീഴ്ത്തിയ നസൂം അഹമ്മദാണ് ഓസീസിനെ തകർത്തത്. കളിയിലെ കേമനും നസൂം തന്നെ.

45 പന്തിൽ നാല് ഫോറും ഒരു സിക്സും സഹിതം 45 റൺസെടുത്ത മിച്ചൽ മാർഷാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. മാർഷിനു പുറമെ ഓസീസ് നിരയിൽ രണ്ടക്കം കണ്ടത് ക്യാപ്റ്റൻ കൂടിയായ മാത്യു വെയ്ഡ് (22 പന്തിൽ 13), മിച്ചൽ സ്റ്റാർക്ക് (14 പന്തിൽ 14) എന്നിവർ മാത്രം. ബംഗ്ലദേശിനെതിരെ ഓസീസ് താരങ്ങൾക്ക് ആകെ നേടാനായത് ആറു ഫോറും രണ്ടു സിക്സും മാത്രം.

ഓപ്പണർ അലക്സ് കാരി ഇന്നിങ്സിലെ ആദ്യ പന്തിൽത്തന്നെ ഗോൾഡൻ ഡക്കിൽ പുറത്തായപ്പോൾ തുടങ്ങിയതാണ് ഓസീസിന്റെ ബാറ്റിങ് തകർച്ച. ജോഷ് ഫിലിപ്പെ (ഒൻപത്), മോയ്സസ് ഹെൻറിക്വസ് (ഒന്ന്), ആഷ്ടൺ ആഗർ (ഏഴ്), ആഷ്ടൺ ടേണർ (എട്ട്), ആൻഡ്രൂ ടൈ (0), ആദം സാംപ (0) എന്നിവരെല്ലാം നിരാശപ്പെടുത്തി. ബംഗ്ലദേശിനായി നസും അഹമ്മദിന്റെ നാലു വിക്കറ്റ് നേട്ടത്തിനു പുറമേ മുസ്താഫിസുർ റഹ്മാൻ, ഷോറിഫുൽ ഇസ്‌ലാം എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, ഓപ്പണർ മുഹമ്മദ് നയീം (29 പന്തിൽ 30), ഷാക്കിബ് അൽ ഹസൻ (33 പന്തിൽ 36), ക്യാപ്റ്റൻ മഹ്മൂദുല്ല (20 പന്തിൽ 20), അഫീഫ് ഹുസൈസൻ (17 പന്തിൽ 23) എന്നിവരുടെ ഇന്നിങ്സുകളുടെ ബലത്തിലാണ് ബംഗ്ലദേശ് ഭേദപ്പെട്ട സ്കോർ കുറിച്ചത്. അതേസമയം സൗമ്യ സർക്കാർ (രണ്ട്), നൂറുൽ ഹസൻ (മൂന്ന്), ഷമീം ഹുസൈൻ (ാല്) എന്നിവർ നിരാശപ്പെടുത്തി. ഓസ്ട്രേലിയയ്ക്കായി ജോഷ് ഹെയ്‌സൽവുഡ് നാല് ഓവറിൽ 24 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. സ്റ്റാർക്കിന് രണ്ടു വിക്കറ്റ് ലഭിച്ചു.

English Summary: Bangladesh vs Australia, 1st T20I - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com