ADVERTISEMENT

ലീഡ്സ് ∙ മൂന്നാം ദിവസം ഇന്ത്യയുടെ തോൽവി പോലും പ്രവചിച്ചവരെ ഞെട്ടിച്ച് ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വിരാട് കോലിയും സംഘവും പൊരുതുന്നു. ഒന്നാം ഇന്നിങ്സിൽ വെറും 78 റൺസിന് ഓൾഔട്ടായ ഇന്ത്യ, മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് എന്ന നിലയിലാണ്. ഫോം വീണ്ടെടുത്ത ചേതേശ്വർ പൂജാര 91 റൺസോടെയും ക്യാപ്റ്റൻ വിരാട് കോലി 45 റൺസോടെയും ക്രീസിൽ. പിരിയാത്ത മൂന്നാം വിക്കറ്റിൽ ഇരുവരും 99 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ഓപ്പണർമാരായ കെ.എൽ. രാഹുൽ (എട്ട്), രോഹിത് ശർമ (59) എന്നിവരാണ് മൂന്നാം ദിനം പുറത്തായത്. ഇപ്പോഴും ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 139 റൺസ് പിന്നിലാണ് ഇന്ത്യ.

മൂന്നാം ദിനം ആദ്യ സെഷനിൽ 15 മിനിറ്റിനകം ഇംഗ്ലണ്ടിന്റെ ശേഷിച്ച രണ്ടു വിക്കറ്റും പിഴുത് അവരുടെ ഒന്നാം ഇന്നിങ്സ് 432 റൺസിൽ അവസാനിപ്പിച്ച ഇന്ത്യ വഴങ്ങിയത് 354 റൺസിന്റെ കൂറ്റൻ ലീഡ്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ തുടക്കം ഒരിക്കൽക്കൂടി പാളി. ആദ്യ രണ്ടു ടെസ്റ്റുകളിലും തിളങ്ങിയ കെ.എൽ. രാഹുൽ വെറും എട്ടു റൺസുമായി പുറത്തായി. 54 പന്തുകൾ നേരിട്ട രാഹുലിനെ ക്രെയ്ഗ് ഓവർട്ടന്റെ പന്തിൽ ജോണി ബെയർസ്റ്റോ ക്യാച്ചെടുത്തു പുറത്താക്കി.

രണ്ടാം വിക്കറ്റിൽ ചേതേശ്വർ പൂജാരയെ കൂട്ടുപിടിച്ച് പോരാട്ടം നയിച്ച രോഹിത് ശർമ ഇന്ത്യയെ 100 കടത്തി. രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് അധികം വൈകാതെ രോഹിത് പുറത്തായി. 156 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 59 റൺസെടുത്ത രോഹിത്തിനെ ഒലി റോബിൻസൺ എൽബിയിൽ കുരുക്കി. രോഹിത് – പൂജാര സഖ്യം രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 82 റൺസ്!

തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൻ വിരാട് കോലിയെ കൂട്ടുപിടിച്ച് പൂജാര രക്ഷാപ്രവർത്തനം തുടരുന്ന കാഴ്ചയാണ് ലീഡ്സിൽ കണ്ടത്. ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ച ഇന്നിങ്സിലൂടെ പൂജാര അർധസെഞ്ചുറിയും പിന്നിട്ടു. ടെസ്റ്റിൽ താരത്തിന്റെ 30–ാം അർധസെഞ്ചുറി. ഇതിനിടെ റൂട്ടിന്റെ നേതൃത്വത്തിൽ സ്പിന്നർമാർ വിക്കറ്റിനായി രംഗത്തെത്തിയെങ്കിലും പൂജാരയും കോലിയും പിടിച്ചുനിന്നു. കളി നിർത്തുമ്പോൾ 180 പന്തിൽ 15 ഫോറുകളുടെ അകമ്പടിയോടെയാണ് പൂജാര 91 റൺസെടുത്തത്. കോലി 94 പന്തിൽ ആറു ഫോറുകളോടെ 45 റൺസുമെടുത്തിട്ടുണ്ട്.

∙ ഇന്ത്യ തകർന്നടിഞ്ഞിടത്ത് ഇംഗ്ലിഷ് പടയോട്ടം

നേരത്തെ, ക്യാപ്റ്റൻ ജോ റൂട്ടിന്റെ സെഞ്ചുറി മികവിൽ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 432 റൺസെടുത്ത് പുറത്തായി. എട്ടിന് 423 റൺസുമായി മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന്, ഒൻപത് റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും ശേഷിച്ച രണ്ടു വിക്കറ്റുകൾ നഷ്ടമായി. ഇതോടെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് 354 റൺസിന്റെ കൂറ്റൻ ലീഡ് ലഭിച്ചു. ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന്റെ ഉയർന്ന അഞ്ചാമത്തെ ഒന്നാം ഇന്നിങ്സ് ലീഡാണിത്. എജ്ബാസ്റ്റണിൽ 2011ൽ 486 റൺസ് ലീഡ് നേടിയതാണ് ഒന്നാമത്.

ക്രെയ്ഗ് ഓവർട്ടൻ (32), ഒലി റോബിൻസൻ (0) എന്നിവരാണ് ഇന്ന് പുറത്തായത്. ഓവർട്ടൻ 42 പന്തിൽ ആറു ഫോറുകളോടെ 32 റൺസെടുത്തു. ഒലി റോബിൻസൻ 15 പന്തുകൾ നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കാനായില്ല. ഓവർട്ടനെ ഷമി വിക്കറ്റിനു മുന്നിൽ കുരുക്കിയപ്പോൾ റോബിൻസനെ ബുമ്ര ക്ലീൻ ബൗൾഡാക്കി. ഇതോടെ, ആരാധകർ കാത്തിരുന്ന ആൻഡേഴ്സൻ – ബുമ്ര മുഖാമുഖം ഇത്തവണയുണ്ടായില്ല. 165 പന്തിൽ 14 ഫോറുകളോടെ 121 റൺസെടുത്ത ക്യാപ്റ്റൻ ജോ റൂട്ട് തന്നെ അവരുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി നാലും മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി.

പരമ്പരയിൽ തുടർച്ചയായ മൂന്നാം ടെസ്റ്റിലും സെഞ്ചുറി നേടിയ ജോ റൂട്ടിന്റെ ഇന്നിങ്സായിരുന്നു ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നങ്സിലെ പ്രധാന ആകർഷണം. കരിയറിൽ ജോ റൂട്ടിന്റെ 23–ാം ടെസ്റ്റ് സെഞ്ചുറി. ഇന്ത്യയ്ക്കെതിരെയുള്ള 8–ാം സെഞ്ചുറി. ഈ കലണ്ടർ വർഷത്തിൽ കളിച്ച 11 ടെസ്റ്റുകളിൽ 6 സെഞ്ചുറി. കൂടുതൽ സെഞ്ചുറികൾ നേടുന്ന ഇംഗ്ലിഷ് ക്യാപ്റ്റനെന്ന നേട്ടത്തി‍ൽ (12) അലസ്റ്റയർ കുക്കിന് ഒപ്പമെത്തുകയും ചെയ്തു. ഇംഗ്ലണ്ട് ഇന്നിങ്സിലെ 63–ാം ഓവറിൽ മാത്രം ക്രീസിലെത്തിയ റൂട്ട് വെറും 125 പന്തുകളിലാണ് സെഞ്ചുറി തികച്ചത്.

English Summary: England vs India, 3rd Test - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com