ADVERTISEMENT

ദുബായ്∙ പണത്തോടുള്ള ആർത്തി നിമിത്തമാണ് പാക്കിസ്ഥാനിൽ പര്യടനം നടത്തുന്ന ന്യൂസീലൻഡ് ടീമിൽനിന്ന് മാറിനിൽക്കുന്നതെന്ന പാക്കിസ്ഥാൻ ആരാധകന്റെ ആരോപണത്തിന് മറുപടിയുമായി കിവീസ് താരം ജിമ്മി നീഷം രംഗത്ത്. രണ്ടു പതിറ്റാണ്ടോളമെത്തുന്ന ഇടവേളയ്ക്കു ശേഷമാണ് ന്യൂസീലൻഡ് ക്രിക്കറ്റ് ടീം പാക്കിസ്ഥാനിൽ പര്യടനത്തിന് ഒരുങ്ങുന്നത്. ഈ പര്യടനത്തിനുള്ള ടീമിൽ ജിമ്മി നീഷം അംഗമല്ല. അതേസമയം, ഇതേസമയത്ത് യുഎഇയിൽ നടക്കുന്ന ഇന്ത്യൻ പ്രിമിയർ ലീഗിൽ നീഷം കളിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് പണത്തിനായി നീഷം പാക്ക് പര്യടനം ഒഴിവാക്കിയെന്ന ആരോപണം.

സമാനമായ ആരോപണം പല കോണുകളിൽനിന്നും വരുന്നുണ്ടെന്ന സൂചന നൽകിയാണ് ഇക്കാര്യത്തിൽ തന്റെ നിലപാട് നീഷം വ്യക്തമാക്കിയത്. ഐപിഎൽ 14–ാം സീസണിൽ മുംബൈ ഇന്ത്യൻസിനായാണ് നീഷം കളിക്കുന്നത്.

‘ഇതുപോലുള്ള ഒരുപാട് സന്ദേശങ്ങൾ എനിക്ക് ലഭിക്കുന്നുണ്ട്. അതുകൊണ്ട് എന്താണ് സംഭവിച്ചെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡിന്റെ താരങ്ങൾക്കായുള്ള ക്ഷേമ പരിപാടികളുടെ ഭാഗമായാണ് ഒന്നാം നിര താരങ്ങളെ പാക്കിസ്ഥാൻ പര്യടനത്തിനുള്ള ടീമിൽനിന്ന് ഒഴിവാക്കിയത്. ടീമിന്റെ ഭാഗമാകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഞാൻ അപേക്ഷ നൽകിയിരുന്നെങ്കിലും നിരസിക്കപ്പെട്ടു’ – നീഷം ട്വിറ്ററിൽ കുറിച്ചു.

ഇതിനു പിന്നാലെ ബംഗ്ലദേശിൽ പര്യടനം നടത്തുന്ന ന്യൂസീലൻഡ് ടീമിന് ആശംസകൾ നേർന്നും നീഷം ട്വീറ്റ് ചെയ്തു.

‘ഒപ്പമില്ലാത്തതിൽ എനിക്ക് വിഷമമുണ്ട്. പക്ഷേ, ബംഗ്ലദേശ് പര്യടനത്തിൽ പങ്കെടുക്കുന്ന ന്യൂസീലൻഡ് ടീമിന് എല്ലാ ആശംസകളും. കരുത്തോടെ പൊരുതുക. മികവു കാട്ടുക. നിങ്ങൾക്കതിനു കഴിയും’ – നീഷം കുറിച്ചു.

ക്യാപ്റ്റൻ കെയ്ൻ വില്യംസന് ഉൾപ്പെടെ വിശ്രമം അനുവദിച്ചാണ് ബംഗ്ലദേശ്, പാക്കിസ്ഥാൻ പര്യടനങ്ങൾക്കുള്ള ന്യൂസീലൻഡ് ടീമിനെ സിലക്ടർമാർ തിരഞ്ഞെടുത്തത്. ബംഗ്ലദേശിനെതിരെ സെപ്റ്റംബർ ഒന്നു മുതൽ 10 വരെ നീളുന്ന പര്യടനത്തിൽ അഞ്ച് ട്വന്റി20 മത്സരങ്ങളാണ് ന്യൂസീലൻഡ് കളിക്കുന്നത്. ഇതിൽ ആദ്യത്തെ ട്വന്റി20 മത്സരം ഇന്നു നടക്കും.

ബംഗ്ലദേശ് പര്യടനം പൂർത്തിയാക്കുന്ന ന്യൂസീലൻഡ് ടീം പാക്കിസ്ഥാനിലേക്ക് പോകും. അവിടെ മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളുമാണ് ന്യൂസീലൻഡ് ടീം കളിക്കുക. സെപ്റ്റംബർ 17, 19, 21 തീയതികളിലാണ് ഏകദിന മത്സരങ്ങൾ. സെപ്റ്റംബർ 25 മുതൽ ഒക്ടോബർ മൂന്നു വരെ ട്വന്റി20 പരമ്പരയും നടക്കും.

English Summary: Jimmy Neesham responds to an angry Pakistani fan who claimed the Kiwi "skipped national duties for money"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com