ADVERTISEMENT

ആന്റിഗ്വ∙ അംപയർ വൈഡ് വിളിക്കാത്തതിൽ പ്രതിഷേധിച്ച് നോൺ സ്ട്രൈക്കേഴ്സ്‍ എൻഡിൽ അംപയറിൽനിന്ന് ദൂരെ മാറിനിന്ന് വെസ്റ്റിൻഡീസ് താരം കയ്റൻ പൊള്ളാർഡിന്റെ ‘വെറൈറ്റി’ പ്രതിഷേധം. സെന്റ് കിറ്റ്സിൽ നടന്ന ട്രിൻബാഗോ നൈറ്റ് റൈഡേഴ്സും സെന്റ് ലൂസിയ കിങ്സും തമ്മിലുള്ള കരീബിയൻ പ്രിമിയർ ലീഗ് മത്സരത്തിനിടെയാണ് സംഭവം. സെന്റ് ലൂസിയ കിങ്സിന്റെ പാക്കിസ്ഥാൻ താരം വഹാബ് റിയാസ് എറിഞ്ഞ പന്താണ് അംപയർ വൈഡ് വിളിക്കാതിരുന്നത്. ഇതോടെ നോൺ സ്ട്രൈക്കേഴ്സ്‍ എൻഡിലുണ്ടായിരുന്ന നൈറ്റ് റൈഡേഴ്സ് നായകൻ കൂടിയായ പൊള്ളാർഡ് ഒരക്ഷരം പോലും ഉരിയാടാതെ അംപയറുടെ അടുത്തുനിന്ന് ദൂരേക്ക് മാറിനിൽക്കുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മത്സരത്തിൽ ടോസ് നേടിയ സെന്റ് ലൂസിയ കിങ്സ് നായകൻ ഫാഫ് ഡുപ്ലേസി പൊള്ളാർഡ് നയിക്കുന്ന നൈറ്റ് റൈഡേഴ്സിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. നൈറ്റ് റൈഡേഴ്സ് ഇന്നിങ്സിലെ 19–ാം ഓവർ ബോൾ ചെയ്യാനെത്തിയത് പാക്കിസ്ഥാൻ താരം വഹാബ് റിയാസ്.

ഈ സമയം 18 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 125 റൺസെന്ന നിലയിലായിരുന്നു നൈറ്റ് റൈഡേഴ്സ്. ക്രീസിൽ ന്യൂസീലൻഡ് താരം ടിം സീഫർട്ടും (21 പന്തിൽ 31) ക്യാപ്റ്റൻ കൂടിയായ വിൻഡീസ് താരം കയ്റൻ പൊള്ളാർഡും. 14 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 81 റൺസുമായി തകർച്ചയിലായിരുന്ന നൈറ്റ് റൈഡേഴ്സിനെ പൊള്ളാർഡ് – സീഫർട്ട് സഖ്യം നാല് ഓവറിൽ 44 റൺസടിച്ച് മുന്നോട്ടു നയിക്കുന്ന സമയം.

റിയാസ് എറിഞ്ഞ 19–ാം ഓവറിലെ ആദ്യ പന്ത് നേരിട്ട പൊള്ളാർഡ് സിക്സർ നേടി. പിന്നാലെ തുടർച്ചയായി മൂന്നു വൈഡുകൾ. രണ്ടും മൂന്നും പന്തുകൾ പൊള്ളാർഡ് ബൗണ്ടറി കടത്തി. ഇതോടെ ഓവറിലെ ആദ്യ മൂന്നു പന്തിൽ പിറന്നത് 17 റൺസ്. നാലാം പന്തിൽ പൊള്ളാർഡ് വക സിംഗിൾ.

പിന്നാലെ റിയാസിന്റെ വക അടുത്ത വൈഡ്. റീബോളിൽ വീണ്ടും വൈഡ്. ഇത്തവണ വൈഡാണെന്ന് ഉറപ്പായിട്ടുകൂടി അംപയർ അനുവദിച്ചില്ല. ഇതോടെ ക്രീസിലുണ്ടായിരുന്ന സീഫർട്ട് വൈഡ് വിളിക്കാത്തതെന്തെന്ന് അംപയറിനോട് തിരക്കുന്നുണ്ടായിരുന്നു. അത് വൈഡാണെന്ന് 100 ശതമാനം ഉറപ്പുണ്ടായിരുന്ന പൊള്ളാർഡ് അംപയറിനോട് ഒന്നും പറയാൻ പോയില്ല. പകരം അദ്ദേഹത്തിന്റെ അടുത്തുനിന്ന് മാറി ദൂരെ പോയിനിന്നു! അടുത്ത പന്തിൽ നേടിയ ഡബിൾ സഹിതം വഹാബ് റിയാസിന്റെ ഓവറിൽ പിറന്നത് 21 റൺസ്.

കെസറിക് വില്യംസ് എറിഞ്ഞ 20–ാം ഓവറിലെ ആദ്യ പന്തിൽ പൊള്ളാർഡ് പുറത്താകുകയും ചെയ്തു. 29 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 41 റൺസെടുത്ത പൊള്ളാർഡിനെ വില്യംസ് മാർക്ക് ദെയാലിന്റെ കൈകളിലെത്തിച്ചു. ഈ ഓവറിൽ രണ്ടു വിക്കറ്റ് കൂടി വീണതോടെ നൈറ്റ് റൈഡേഴ്സിന് നേടാനായത് ഏഴു വിക്കറ്റ് നഷ്ടത്തിൽ 158 റൺസ്. ടോപ് സ്കോററായത് പൊള്ളാർഡ് തന്നെ. വില്യംസ് നാല് ഓവറിൽ 24 റണ്‍സ് വഴങ്ങി നാലു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ സെന്റ് ലൂസിയ കിങ്സിനെ 131 റൺസിൽ ഒതുക്കി നൈറ്റ് റൈഡ‍േഴ്സ് വിജയവും സ്വന്തമാക്കി. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് സെന്റ് ലൂസിയ കിങ്സ് 131 റൺസെടുത്തത്. 55 പന്തിൽ ആറു ഫോറും നാലു സിക്സും സഹിതം 81 റണ്‍സുമായി പുറത്താകാതെ നിന്ന ഓപ്പണർ ആന്ദ്രെ ഫ്ലെച്ചറിനും കിങ്സിനെ രക്ഷിക്കാനായില്ല. കളിയിലെ കേമനായതും പൊള്ളാർഡ് തന്നെ!

English Summary: Kieron Pollard moves away from the umpire at the non-striker's end as a silent protest against decision

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com