ADVERTISEMENT

ലണ്ടൻ∙ ഓവൽ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും തകർപ്പൻ അർധസെഞ്ചുറിയുമായി ഇന്ത്യയുടെ മിന്നും താരമായ ശാർദൂൽ ഠാക്കൂറിനെ പ്രശംസിച്ച് മുൻ താരങ്ങളും ആരാധകരും. ഒന്നാം ഇന്നിങ്സിൽ കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ ഇന്ത്യയെ അവസരോചിതമായ അർധസെഞ്ചുറിയിലൂടെ രക്ഷപ്പെടുത്തിയ ഠാക്കൂർ, രണ്ടാം ഇന്നിങ്സിലും അർധസെഞ്ചുറി നേടിയിരുന്നു. ഇതിനു പിന്നാലെയാണ് താരത്തെ പുകഴ്ത്തി മുൻ താരങ്ങളും ആരാധകരും രംഗത്തെത്തിയത്. ഒരു ‘ശാർദൂൽ ഠാക്കൂർ ഫാൻസ് ക്ലബ്’ ഉണ്ടാക്കിയാൽ താൻ അതിന്റെ ആദ്യ അംഗമാകുമെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര വ്യക്തമാക്കി. ഓവൽ ടെസ്റ്റിൽ ഠാക്കൂറിന്റെ സംഭാവനകൾ പരിഗണിച്ച് ചോപ്രയുടെ വാക്കുകൾ ഇങ്ങനെ:

‘ആരെങ്കിലും ഒരു ശാർദൂൽ ഠാക്കൂർ ഫാൻസ് ക്ലബ് രൂപീകരിക്കാൻ മുന്നിട്ടിറങ്ങിയാൽ അതിന്റെ ആദ്യ അംഗമാകാൻ ഞാൻ റെഡി. ഓവലിൽ ഇന്ത്യ എപ്പോഴൊക്കെ പ്രതിസന്ധിയിൽ അകപ്പെട്ടോ, അപ്പോഴെല്ലാം രക്ഷകനായി ഠാക്കൂർ അവതരിച്ചിട്ടുണ്ട്. ഒന്നാം ഇന്നിങ്സിലെ അർധസെഞ്ചുറിയായാലും രണ്ടാം ഇന്നിങ്സിലെ അമൂല്യമായ 60 റൺസ് ആയാലും ഋഷഭ് പന്തിനെ ഠാക്കൂർ പിന്നിലാക്കി. ഒലി പോപ്പിന്റെ വിക്കറ്റെടുത്ത് കരുത്തുകാട്ടി. ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനായി മാറിക്കഴിഞ്ഞു’ – ചോപ്ര പറഞ്ഞു.

‘ഇപ്പോഴത്തെ സാഹചര്യത്തിൽ ശാർദൂൽ ഠാക്കൂറിനെക്കൂടാതെ ഒരു ഇന്ത്യൻ ടീമിനെ ആലോചിക്കാൻ കഴിയാത്ത സ്ഥിതിയാണ്. നോക്കൂ, ഒന്നാം ഇന്നിങ്സിൽ ഠാക്കൂറിന്റെ സംഭാവന കൂടാതെ നമ്മൾ 130 റൺസിനടുത്ത് പുറത്തായിരുന്നു എന്നു കരുതുക. ഞാൻ ഉറപ്പു പറയുന്നു, നാലാം ദിനമാകുമ്പോഴേയ്ക്കും ഇന്ത്യ തോൽവി വഴങ്ങുമായിരുന്നു. ടീമിന് അത്രമാത്രം ആത്മവിശ്വാസം സമ്മാനിക്കുന്ന ഇന്നിങ്സാണ് ഠാക്കൂർ പുറത്തെടുത്തത്’ – ചോപ്ര  ചൂണ്ടിക്കാട്ടി.

മത്സരത്തിൽ ശാർദൂൽ ഠാക്കൂറിന്റെ ഓരോ ചെറിയ സംഭാവനയും നിർണായകമായിട്ടുണ്ടെന്ന് ചോപ്ര ചൂണ്ടിക്കാട്ടി.

‘ഒന്നാം ഇന്നിങ്സിൽ ഠാക്കൂർ ഇന്ത്യയെ 191 റൺസിൽ എത്തിച്ചതോടെ ടീമിന് ഒരു ഉണർവ് ലഭിച്ചിട്ടുണ്ട്. രണ്ടാം ദിവസം ഒലീ പോപ്പ് ഇന്ത്യയെ ബുദ്ധിമുട്ടിച്ചിരുന്ന സമയത്താണ് നിർണായകമായ വിക്കറ്റെടുത്ത് ഠാക്കൂർ അവതരിച്ചത്. ഒലീ പോപ്പ് പോയതോടെ ഇംഗ്ലണ്ടിന്റെ ലീഡ് 99 റൺസിൽ ഒടുക്കാൻ നമുക്കായി. അത് ഒരു 125 റൺസ് ലീഡായിരുന്നെങ്കിലോ? ഇതിനു പിന്നാലെയാണ് രണ്ടാം ഇന്നിങ്സിലെ 60 റൺസ് നേട്ടം. മത്സരത്തിന്റെ അവസാന ദിനമായ ഇന്നും ശാർദൂൽ ഠാക്കൂർ ഒന്നോ രണ്ടോ വിക്കറ്റെടുത്തേ തീരൂ. അദ്ദേഹത്തിന്റം സംഭാവനയില്ലെങ്കിൽ ഇന്ന് ജയിക്കാൻ ബുദ്ധിമുട്ടായിരിക്കും. കാരണം, ഈ മത്സരത്തിൽ ഇതുവരെ അദ്ദേഹം നൽകിയ ചെറിയ സംഭാവനകൾക്കു പോലും അത്രമാത്രം ഇംപാക്ടുണ്ട്’ – ചോപ്ര പറഞ്ഞു.

ഒന്നാം ഇന്നിങ്സിൽ ഒരുവേള ഏഴിന് 127 റൺസെന്ന നിലയിൽ തകർന്ന ഇന്ത്യയെ, ഇംഗ്ലിഷ് മണ്ണിലെ അതിവേഗ അർധസെഞ്ചുറിയുമായാണ് ഠാക്കൂർ രക്ഷപ്പെടുത്തിയത്. 36 പന്തിൽ ഏഴു ഫോറും മൂന്നു സിക്സും സഹിതം നേടിയത് 57 റൺസ്. അർധസെഞ്ചുറി നേടിയ വിരാട് കോലിയെ മറികടന്ന് ടോപ് സ്കോററായതും ഠാക്കൂർ തന്നെ.

പിന്നീട് രണ്ടാം ഇന്നിങ്സിൽ തകർച്ച നേരിട്ട സമയത്തും ഠാക്കൂർ ഇന്ത്യയുടെ രക്ഷകനായെത്തി. ഇത്തവണ 72 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 60 റൺസാണ് സമ്പാദ്യം. ഋഷഭ് പന്തിനൊപ്പം ഏഴാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടും തീർത്തു.

English Summary: If someone makes a Shardul Thakur fan club, I want to be its first member: Aakash Chopra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com