sections
MORE

ഇംഗ്ലിഷ് മണ്ണിൽ 99 റൺസ് ലീഡ് വഴങ്ങിയിട്ടും 157 റൺസ് വിജയം; എന്തൊരു മാറ്റം, ടീം ഇന്ത്യ!

india-celebrate-win
ഓവലിൽ വിജയമാഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ (ഐസിസി ട്വീറ്റ് ചെയ്ത ചിത്രം)
SHARE

ലോർഡ്സിനും ഓവലിനും ഇടയിൽ ഒരു ലീഡ്സ് ഇല്ലായിരുന്നെങ്കിൽ ഏറെക്കുറെ തനിയാവർത്തനം എന്നു വിളിക്കാവുന്ന ജയമായിരുന്നു ഇന്നലെ ഇംഗ്ലണ്ടിനു മേൽ ഇന്ത്യ നേടിയത്. ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങിയ ശേഷം തിരിച്ചടിച്ച് മത്സരം ജയിക്കുന്നത് ക്രിക്കറ്റ് ലോകത്ത് പുതുമയല്ല, ഇന്ത്യയെ സംബന്ധിച്ചെടുത്തോളവും അതിൽ പുതുതായി പറയാൻ ഒന്നുമില്ല. പക്ഷേ, വിദേശപിച്ചിൽ, പ്രത്യേകിച്ച് ഇന്ത്യയ്ക്ക് പലപ്പോഴും ബാലികേറാ മലയായിരുന്ന ഇംഗ്ലിഷ് പിച്ചിൽ അത്തരമൊരു വിജയം ടീം ഇന്ത്യയെയും ഇന്ത്യൻ ആരാധകരെയും ഒരുപോലെ ത്രസിപ്പിക്കും.

1971നും 1986നും 2007നും ശേഷം ഇംഗ്ലിഷ് മണ്ണിൽ മറ്റൊരു പരമ്പര ജയം ഇന്ത്യൻ ആരാധകർ സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു. ആ സ്വപ്നഭാരത്തോടെയാവും അഞ്ചാം ടെസ്റ്റിനായി മാഞ്ചസ്റ്ററിലേക്ക് അവർ വണ്ടികയറുക.

∙ ഓവലിന് ഒരു ‘ഓ പോട്’

വർഷം 1971. മൂന്നു മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ടീം ഇന്ത്യ ഇംഗ്ലണ്ടിലേക്കു വണ്ടികയറുന്നതിനു മുൻപേ ഇംഗ്ലിഷ് മാധ്യമങ്ങൾ ഇംഗ്ലണ്ടിൽ വിജയാഘോഷം തുടങ്ങിയിരുന്നു. സമ്പൂർണ ജയമായിരിക്കും ഈ സീരീസ് ഇംഗ്ലണ്ടിന് സമ്മാനിക്കുക– ഒന്നൊഴിയാതെ എല്ലാ ഇംഗ്ലിഷ് മാധ്യമങ്ങളും വിധിയെഴുതി. പരമ്പര ഇംഗ്ലിഷ് ടീം തൂത്തുവാരുമെന്ന് ഉറപ്പിച്ച ഇംഗ്ലിഷ് ആരാധകർ സ്റ്റേഡിയങ്ങളിലേക്ക് ഒഴുകിയെത്തി. ഇന്ത്യൻ താരങ്ങളെ കാണാൻ ഹോട്ടലുകളിൽ എത്തിയതിന്റെ പകുതിപോലും ആരാധകർ മത്സരത്തിന് എത്തിയില്ല. തോൽവി സുനിശ്ചിതം എന്നതായിരുന്നു ഇന്ത്യൻ ആരാധകരെ സ്റ്റേഡിയത്തിലേക്കു വരുന്നതിൽ നിന്നു മാറ്റിനിർത്തിയത്.

umesh-yadav-wicket-celebration

എന്നാൽ എല്ലാവരെയും ‍ഞെട്ടിച്ചുകൊണ്ട് ആദ്യ രണ്ട് ടെസ്റ്റിലും ഇംഗ്ലിഷ് പടയെ സമനിലയിൽ തളയ്ക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. മൂന്നാം ടെസ്റ്റ് നടന്നത് ഓവലിലായിരുന്നു. അന്ന് ഇംഗ്ലിഷ് വിജയം ആഘോഷിക്കാനെത്തിയ ഇംഗ്ലണ്ട് ആരാധകരെ സാക്ഷിയാക്കി അജിത് വഡേക്കറുടെ നേതൃത്വത്തിൽ ഇറങ്ങിയ ടീം ഇന്ത്യ മത്സരത്തിൽ അവിശ്വസനീയ വിജയം നേടി. 204 റൺസുമായി വഡേക്കർ തന്നെയായിരുന്നു പരമ്പരയിൽ ഇന്ത്യയുടെ ടോപ് സ്കോറർ. പരമ്പരയിൽ 13 വിക്കറ്റ് വീതം വീഴ്ത്തിയ എസ്. വെങ്കട്ടരാഘവനും ബി.എസ്. ചന്ദ്രശേഖറും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. രണ്ട് സ്പിന്നർമാർ ഇത്രയധികം വിക്കറ്റ് വീഴ്ത്തിയ ഒരു പരമ്പര അതിനു മുൻപോ ശേഷമോ ചിലപ്പോൾ ഇംഗ്ലണ്ടിൽ ഉണ്ടായിരിക്കില്ല.

ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന്റെ അൻപതാം വാർഷികത്തിൽ അതേ ഓവലിൽ വെന്നിക്കൊടി പാറിച്ച്, മറ്റൊരു ഐതിഹാസിക പരമ്പര വിജയത്തിലേക്ക് ഒരടി കൂടി വയ്ക്കുമ്പോൾ എല്ലാറ്റിനും കാലം സാക്ഷി, ഓവൽ സാക്ഷി.

∙ തുടരട്ടെ കോലിസം

അന്നു വഡേക്കറുടെ പട നയിച്ചതു സ്പിന്നർമാരായ വെങ്കിട്ടരാഘവനും ചന്ദ്രശേഖറുമായിരുന്നെങ്കിൽ ഇന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി വിശ്വാസമർപ്പിച്ചത് തന്റെ പേസർമാരിലായിരുന്നു. മൂന്നാം ദിനം മുതൽ സ്പിന്നർമാർക്ക് അനുകൂലമായേക്കാവുന്ന ഓവലിലെ വിക്കറ്റിൽ 4 പേസർമാരുമായി ഇറങ്ങാനുള്ള കോലിയുടെ തീരുമാനം ആദ്യമേ വിമർശിക്കപ്പെട്ടു. 4 പേസർമാരെ എന്തായാലും കളിപ്പിക്കാൻ തീരുമാനിച്ചു, എന്നാൽ പിന്നെ സ്പിന്നറായി രവീന്ദ്ര ജഡേജയ്ക്കു പകരം അശ്വിനെ കളിപ്പിച്ചൂകൂടേ എന്നായിരുന്നു അടുത്ത ചോദ്യം. ആദ്യ ഇന്നിങ്സിൽ 191ന് പുറത്താവുകയും രണ്ടാം ഇന്നിങ്സിൽ 99 റൺസ് ലീഡ് വഴങ്ങുകയും കൂടി ചെയ്തപ്പോൾ ക്യാപ്റ്റൻ കോലി കൂടുതൽ കൂടുതൽ വിമർശനങ്ങൾക്കു പാത്രമായി. മുഹമ്മദ് ഷമിയെ പുറത്തിരുത്തി ഷർദൂൽ ഠാക്കൂറിന് അവസരം കൊടുത്തതും വിമർശനങ്ങളുടെ ആക്കം കൂട്ടി.

india-wicket-celebration

എന്നാൽ തന്റെ ‘ടോട്ടൽ കോലിസത്തിൽ’ അയാൾ അടിയുറച്ച് വിശ്വസിച്ചു. ഫീൽഡ് പ്ലേസ്മെന്റ് മുതൽ ബോളിങ്ങിൽ വരുത്തിയ മാറ്റങ്ങൾ വരെ വിക്കറ്റുകൾ സമ്മാനിക്കുന്നതു കണ്ടപ്പോൾ കോലിയിലെ ക്യാപ്റ്റനുവേണ്ടി ആരാധകർ കയ്യടിച്ചു. സഹതാരങ്ങളുടെ ഓരോ റണ്ണിനും കയ്യടിച്ചും നേടുന്ന ഓരോ വിക്കറ്റിനും ആർപ്പുവിളിച്ചും കാണികളുടെ പരിഹാസങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടിച്ചും ‘കുരുത്തംകെട്ട കോലി’ വീണ്ടും വിസ്മയിപ്പിച്ചു. കോലിസം തുടരട്ടെ, ഇന്ത്യ ജയിക്കട്ടെ എന്ന് ഓരോ ആരാധകനെക്കൊണ്ടും മനസ്സിൽ പറയിച്ച സന്തോഷം മത്സരം ജയിച്ച് ഡ്രസിങ് റൂമിലേക്കു മടങ്ങുമ്പോൾ അയാളുടെ മുഖത്തുണ്ടായിരുന്നു.

∙ ഓൾ ഹെയ്ൽ ഠാക്കൂർ

സമൂഹ മാധ്യമങ്ങളിൽ ‘ലോർഡ്’ ഠാക്കൂർ എന്നൊരു വിളിപ്പേരുണ്ട് ഷർദൂൽ ഠാക്കൂറിന്. കളിയാക്കി വിളിച്ചുതുടങ്ങിയതാണെങ്കിലും ഇയാൾ ഇനി സത്യത്തിൽ ദൈവപുത്രനാണോ എന്ന് ആരാധകർ സംശയിക്കുന്നുണ്ടാകാം. അപ്രതീക്ഷിതമായി ടെസ്റ്റ് ടീമിൽ ഇടം പിടിക്കുന്നു. ആദ്യ ഇലവനിൽ അവസരം ലഭിക്കുന്നു. പരുക്കുമൂലം പുറത്തേക്കു പോകുന്നു. നിർണായകമായ നാലാം ടെസ്റ്റിൽ മടങ്ങിയെത്തുന്നു. രണ്ട് ഇന്നിങ്സിലും അർധസെഞ്ചുറി നേടി (57, 60) ഇന്ത്യൻ ബാറ്റിങ്ങിനെ താങ്ങിനിർത്തുന്നു. ആദ്യ ഇന്നിങ്സിൽ സെഞ്ചുറിയിലേക്ക് കുതിച്ച ഒലി പോപ്പിനെ പുറത്താക്കി ഇന്ത്യയ്ക്ക് നിർണായക വിക്കറ്റ് സമ്മാനിക്കുന്നു. 

burns-wicket-thakur

രണ്ടാം ഇന്നിങ്സിൽ 100 റൺസിന്റെ ഓപ്പണിങ് പാർട്നർഷിപ്പുമായി, ഒരു സമയത്ത് വിജയം സ്വപ്നംകണ്ടു തുടങ്ങിയ ഇംഗ്ലിഷ് ടീമിനെ, റോറി ബേൺസിന്റെ വിക്കറ്റിലൂടെ പ്രതിരോധത്തിലേക്ക് തള്ളിവിടുന്നു. ഇന്ത്യയ്ക്കും വിജയത്തിനും നടുവിൽ പാറപോലെ ഉറച്ചുനിന്ന ഇംഗ്ലിഷ് ക്യാപ്റ്റൻ ജോ റൂട്ടിനെ തന്റെ രണ്ടാം സ്പെല്ലിലെ ആദ്യ ഓവറിൽ തന്നെ വേരോടെ പിഴുതെറിയുന്നു.

ഇങ്ങനെ ഒന്നിനു പുറകെ ഒന്നായി അൽഭുതപ്രവ‍ൃത്തികൾ കാണിച്ചുകൊണ്ടിരിക്കുന്ന ഠാക്കൂറിനെ ദൈവപുത്രനെന്നു വിളിക്കാതിരിക്കുന്നതെങ്ങനെ. രണ്ടാം ഇന്നിങ്സിലെ നിർണായക സെഞ്ചുറി രോഹിത് ശർമയ്ക്ക് മാൻ ഓഫ് ദ് മാച്ച് പുരസ്കാരം സമ്മാനിച്ചപ്പോൾ ആരാധകരുടെ മനസ്സിൽ മത്സരത്തിലെ താരം ഠാക്കൂർ സാബ് ആയിരുന്നു.

∙ നാങ്ക അപ്പടിയേ വേറെ ട്രാക്ക്

ആദ്യ ഇന്നിങ്സിൽ അടിപതറിയ ഇന്ത്യൻ ബാറ്റിങ് നിരയെ അല്ലായിരുന്നു രണ്ടാം ഇന്നിങ്സിൽ കണ്ടത്. ‘പൊളി ശാസ്ത്രീ ട്രാക്ക് മാറ്റ്’ എന്ന് ആരെങ്കിലും കോച്ച് രവി ശാസ്ത്രിയോട് പറഞ്ഞിരിക്കാം. അതു തന്റെ ശിഷ്യൻമാരോടും ശാസ്ത്രി നിർദേശിച്ചിരിക്കാം. അതിന്റെ ഫലമായി ആയിരിക്കാം രണ്ടാം ഇന്നിങ്സിലെ ഇന്ത്യൻ ബാറ്റിങ് വേറെ ട്രാക്കിലേക്കു മാറിയത്. ഇതിൽ എടുത്തുപറയേണ്ട താരങ്ങൾ രോഹിത് ശർമയും ഋഷഭ് പന്തുമാണ്. പുൾ ഷോട്ട്, കട്ട്, ബാക്ക്ഫുട് പഞ്ച് തുടങ്ങി തന്റെ ഇഷ്ട ഷോട്ടുകൾക്കെല്ലാം രണ്ടാം ഇന്നിങ്സിൽ ഹിറ്റ്മാൻ നോ പറഞ്ഞു. ഓഫ് സ്റ്റംപിനു പുറത്തുപോകുന്ന പന്തുകളെ തിരഞ്ഞ് അയാൾ പിന്നാലെ പോയില്ല. ക്രോസ് ബാറ്റ് ഷോട്ടുകളെക്കുറിച്ച് ഒരു ഘട്ടത്തിൽപോലും ചിന്തിച്ചില്ല. ഒടുവിൽ സിക്സിലൂടെ സെഞ്ചുറി നേടിയപ്പോൾ മാത്രമായിരുന്നു ഒരൽപമെങ്കിലും റിസ്ക് രോഹിത് എടുക്കുന്നത്. ആ നിശ്ചയദാർഢ്യം തന്നെയാണ് അയാളെ മാൻ ഓഫ് ദ് മാച്ചിന് അർഹനാക്കിയതും.

rohit-sharma-century

മറുവശത്ത് ഗാബയ്ക്കു ശേഷം പുറത്തെടുക്കാതെ വച്ചിരുന്ന തന്റെ മറ്റൊരു മുഖം രണ്ടാം ഇന്നിങ്സിൽ പുറത്തെടുക്കാനായിരുന്നു പന്തിന്റെ തീരുമാനം. സീരീസിൽ ഉടനീളം ഫോം ഔട്ട് ആയിരുന്ന, എന്നിട്ടും എല്ലാ മത്സരത്തിലും തുടക്കം മുതൽ സ്റ്റപ് ഔട്ട് ചെയ്ത് ബോളർമാരെ അങ്ങോട്ട് ആക്രമിക്കാൻ സാഹസം കാട്ടി വിക്കറ്റ് വലിച്ചെറിയുന്ന പന്ത് കൊട്ടക്കണക്കിനു വിമർശനങ്ങളാണ് ഏറ്റുവാങ്ങിയത്. ഇതെല്ലാം കാരണമാകാം രണ്ടാം ഇന്നിങ്സിൽ മറ്റൊരു പന്തായാണു ബാറ്റിങ്ങിനെത്തിയത്. ഓഫ് സ്റ്റംപിന് പുറത്തുപോകുന്ന പന്തുകളെ കളിക്കാൻ പോയിട്ട് ഒന്നു നോക്കാൻ പോലും പന്ത് ശ്രമിച്ചില്ല. തന്റെ ഹിറ്റിങ് ആർക്കിൽ വന്ന എല്ലാ പന്തുകളെയും അയാൾ ഒരു പുഞ്ചിരിയോടെ തടുത്തിട്ടു. തന്റെ അർധ സെഞ്ചുറിക്കായി 106 ബോളുകളാണ് ഋഷഭ് പന്ത് ചെലവിട്ടത്. അതിൽ 4 ബൗണ്ടറികൾ മാത്രം.

shardul-thakur-rishabh-pant

പന്തിന്റെ ക്ഷമ നൽകിയ സ്വാതന്ത്ര്യമാണ് ഷർദൂൽ ഠാക്കൂറിന്റെ ബാറ്റിലൂടെ റൺസായി ഒഴുകിയത്. ഇനിയെങ്കിലം മറ്റു ഇന്ത്യൻ വിക്കറ്റ് കീപ്പർമാരുമായി തന്നെ താരതമ്യം ചെയ്യുന്നതു നിർത്തൂ എന്ന് പന്ത് പറയാതെ പറയുകയാണ്. അതെ, അയാൾ ഇപ്പോ അപ്പടിയേ വേറെ ട്രാക്ക്

∙ ജഡു, ദ് ഓൾ റൗണ്ടർ

‘വൈ ജഡേജ, വൈ നോട്ട് അശ്വിൻ’ – പരമ്പര തുടങ്ങിയതു മുതൽ ക്യാപ്റ്റൻ കോലി നേരിടുന്ന ചോദ്യം. ലോക രണ്ടാം നമ്പർ ബോളറായ അശ്വിനു പകരം ജഡേജയെ കളിപ്പിക്കാനുള്ള തീരുമാനം അണ്ടർ 19 കാലം മുതൽ തനിക്കൊപ്പമുള്ള കൂട്ടുകാരനു കോലി കൊടുക്കുന്ന അമിത പരിഗണനയാണെന്നു വരെ ആക്ഷേപമുണ്ടായി. നാലു പേസർമാരുമായി ഇറങ്ങുമ്പോൾ ഒരു സ്പിന്നറെ കളിപ്പിക്കുക എന്നതിലുപരി ഒരു ബാറ്റിങ് ഓൾ റൗണ്ടറെ കളിപ്പിക്കുക എന്നതായിരുന്നു കോലിയുടെ പ്രധാന പരിഗണന. ഇന്ത്യയ്ക്കു പുറത്തുള്ള ബാറ്റിങ് റെക്കോർഡ് പരിശോധിച്ചാൽ അശ്വിന്റെ ബാറ്റിങ് ആവറേജ് 25ഉം ജഡേജയുടേത് 29.3 ഉം ആണ്. ഇത് ചിലപ്പോൾ ഒരു മാനദണ്ഡമായി കോലി പരിഗണിച്ചിരിക്കാം.

ravindra-jadeja

ഇംഗ്ലണ്ട് നിരയിൽ റോറി ബേൺസ്, ഡേവിഡ് മലാൻ, മോയിൻ അലി, ജിമി ആൻഡേഴ്സൻ എന്നീ നാല് ഇടംകയ്യൻ ബാറ്റ്സ്മാൻമാരാണ് ഉള്ളത്. ഇതിൽ ആൻഡേഴ്സനെ മാറ്റി നിർത്താം. ബാക്കി 7 പേരും വലം കയ്യൻ ബാറ്റ്സ്മാൻമാർ ആയതും ഇടം കയ്യൻ സ്പിന്നറായ ജഡേജയെ തിരഞ്ഞെടുക്കാൻ കോലിയെ പ്രേരിപ്പിച്ചിരിക്കാം. മറ്റൊരു വസ്തുത രണ്ടുപേരും പന്തെറിയുന്ന വേഗമാണ്. അശ്വിൻ സ്ഥിരമായി മണിക്കൂറിൽ 80–90 കിലോമീറ്റർ വേഗത്തിൽ പന്തെറിയുമ്പോൾ ജഡേജ സ്ഥിരമായി 90ന് മുകളിൽ എറിയുന്നയാളാണ്. അശ്വിന്റെ വേഗം ഇന്ത്യയിലെ സ്പിന്നിങ് വിക്കറ്റിന് അനുയോജ്യമാണ്. എന്നാൽ ഇംഗ്ലിഷ് കാലാവസ്ഥയി‍ൽ പിച്ചിൽ നിന്നു കാര്യമായ ടേൺ ലഭിക്കാത്ത സാഹചര്യത്തിൽ ജഡേജയുടെ വേഗമായിരിക്കും അവിടെ കൂടുതൽ ഫലപ്രദം.

നാലാം ദിനം കളി അവസാനിക്കാറായപ്പോൾ ഒരു ഓവർ അധികം എറിയാൻ ഇന്ത്യയ്ക്കു സാധിച്ചത് ജഡേജ തന്റെ ഓവറുകൾ പെട്ടെന്ന് എറിഞ്ഞു തീർക്കുന്നതിനാലാണ്. അതും കോലിയുടെ തീരുമാനത്തെ സ്വാധീനിച്ചിരിക്കാം. രണ്ട് ഇന്നിങ്സിലുമായി നിർണായകമായ നാലു വിക്കറ്റുകൾ നേടി തന്നിൽ ക്യാപ്റ്റൻ അർപ്പിച്ച വിശ്വാസം ജഡേജ കാത്തു. പേസർമാർ അഴിഞ്ഞാടിയ മത്സരത്തിലാണ് ഈ പ്രകടനം എന്നും ഓർക്കണം. രണ്ടാം ഇന്നിങ്സിൽ അപകടകാരിയായ ഹസീബ് ഹമീദിനെയും മോയിൻ അലിയെയും പുറത്താക്കി ഇന്ത്യൻ പ്രതീക്ഷകൾക്ക് ചിറകുനൽകാനും ജഡേജയ്ക്കു സാധിച്ചു. ടീമിൽ പാർട് ടൈം ആയെങ്കിലും സ്പിൻ എറിയുന്ന രോഹിത് ശർമ രണ്ടാം ഇന്നിങ്സിൽ ഫീൽഡിങ്ങിന് ഇറങ്ങാതെ വന്നതോടെ ടീമിലെ ഏക സ്പിന്നറായി മാറിയിട്ടും ജഡേജ തന്നെ ഏൽപിച്ച 17 ഓവറുകളും ഭംഗിയാക്കി.

india-wicket-celebration

എന്നിരുന്നാലും 4, 5 ദിവസങ്ങളിൽ ഓവലിലെ വിക്കറ്റിൽ ലഭിച്ച സ്പിൻ കണ്ടപ്പോൾ അശ്വിൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ഓരോ ക്രിക്കറ്റ് ആരാധകനും ഒരുപക്ഷേ അശ്വിൻ സ്വയവും ആഗ്രഹിച്ചിരിക്കാം.

∙ ബൂം ബൂം ബുമ്ര ഡാ

ബുമ്ര ഒരു ബോളിങ് മെഷീനാണ്. നിർത്താതെ യോർക്കറുകൾ എറിയുന്ന മെഷീൻ. എന്നാൽ ഈ സീരീസിൽ ആ മെഷീന്റെ പുതിയ വേർഷനാണ് ക്രിക്കറ്റ് ലോകം കണ്ടത്. ഇൻ സ്വിങ്ങും ഔട്ട് സ്വിങ്ങും ഒരുപോലെ കൈകാര്യം ചെയ്യുന്ന ബുമ്ര, കാച്ചിക്കുറിയ ബൗൺസറുകൾ എറിയുന്ന, ട്വന്റി20യിൽ പയറ്റിത്തെളിഞ്ഞ സ്ലോ ബോളുകൾ ടെസ്റ്റിലും പ്രയോജനപ്പെടുത്താമെന്നു കാണിച്ചുതരുന്ന ബുമ്ര, സർവോപരി വിരാട് കോലിയോടു കിടപിടിക്കുന്ന കവർ ഡ്രൈവും രോഹിത് ശർമയാണോ എന്നു തോന്നിപ്പിക്കുന്ന പുൾ ഷോട്ടും കൈവശമുള്ള ബുമ്ര.

bumrah-burns

അതെ, ബുമ്ര 2.0 ഈ വർഷത്തെ ഏറ്റവും മികച്ച അപ്ഡേഷനുള്ള അവാർഡ് നേടിയാൽ സംശയിക്കാനില്ല. 24–ാം ടെസ്റ്റിൽ 100 വിക്കറ്റ് തികച്ച് ഏറ്റവും കുറവ് മത്സരങ്ങളിൽ ആ നേട്ടം കൈവരിക്കുന്ന ഇന്ത്യക്കാരനായി അയാൾ മാറിക്കഴിഞ്ഞിരിക്കുന്നു. മത്സരശേഷം ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ പറഞ്ഞതു തന്നെയാണ് ഓരോ ക്രിക്കറ്റ് പ്രേമിക്കും പറയാനുള്ളത്, ‘ഈ വർഷത്തെ ഏറ്റവും മികച്ച സ്പെൽ.’

∙ വാൽകഷണം

കഴിഞ്ഞ മത്സരത്തിലെ ജയത്തിന്റെ ഹാങ് ഓവർ അടുത്ത മത്സരത്തിൽ തിരിച്ചടിച്ചേക്കാമെന്ന് ലീഡ്സ് കോലിയെ പഠിപ്പിച്ചതാണ്. പരമ്പര നേട്ടത്തിൽ കുറഞ്ഞതൊന്നും കൊണ്ടു തൃപ്തനാകില്ലെന്ന് ഉറപ്പിച്ച കോലിക്കു മുന്നിൽ ചോദ്യങ്ങൾ ഏറെയാണ്. രോഹിത്തിന്റെയും പൂജാരയുടേയും പരുക്കിന്റെ ആഴം, രഹാനയുടെ മോശം ഫോം, ഷാമിയുടെ തിരിച്ചുവരവ്, അശ്വിന് ഒരു അവസരം, രണ്ടു വർഷമായി നീളുന്ന സെഞ്ചുറി കാത്തിരിപ്പിന് ഒരു അന്ത്യം, എല്ലാറ്റിലുമുപരി 14 വർഷത്തിനു ശേഷം ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് പരമ്പര...

English Summary: England vs India, 4th Test - Analysis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA